വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്ന് ഐസിസ്! വീഡിയോയിലൂടെ ഭീഷണി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വസതിയായ വൈറ്റ് ഹൗസ് തകര്‍ക്കുമെന്ന് ഐസിസ് തീവ്രവാദികളുടെ ഭീഷണി. ചാവേറാക്രമണങ്ങളിലൂടെയും കാര്‍ ബോംബ് സ്‌ഫോടനങ്ങളിലൂടെയും വൈറ്റ് ഹൗസ് ചുട്ടെരിക്കുമെന്നാണ് ഐസിസിന്റെ മുന്നറിയിപ്പ്. ആറു മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് തീവ്രവാദികള്‍ ഭീഷണി സന്ദേശം പുറത്തിറക്കിയത്.
പാരിസില്‍ നടത്തിയ ഭീകരാക്രമങ്ങളെക്കാളും വലിയ ആക്രമണം കാണാനിരിക്കുന്നതേയുള്ളൂവെന്ന മുന്നറിയിപ്പാണ് ഐസിസ് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും ഭീഷണി സ്വരമുണ്ട്. ഫ്രാന്‍സിലെ സ്മാരകങ്ങള്‍ തകര്‍ക്കുമെന്നും ഐസിസ് ഭീകരരുടെ വീഡിയോയില്‍ പറയുന്നു.

പാരിസ് നഗരത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ യുഎസിലെ പ്രധാന നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് സിറ്റിയും തകര്‍ക്കുമെന്നുള്ള സന്ദേശം കഴിഞ്ഞ ദിവസം ഐസിസ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടുമൊരു ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'പാരിസ് ബിഫോര്‍ റോം' എന്ന പേരിലാണ് വീഡിയോ ആരംഭിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഹൊളാന്‍ഡെയ്ക്കു നേരെ വീഡിയോയിലൂടെ ഭീകരന്‍ ഭീഷണി നടത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നു തുടങ്ങിയത് വൈറ്റ് ഹൗസില്‍ അവസാനിപ്പിക്കുമെന്നാണ് തീവ്രവാദികള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications