ഇന്ത്യയുടെ എതിര്‍പ്പ് തള്ളി നേപ്പാള്‍; ഭൂപടം പാര്‍ലമെന്റ് പാസാക്കി;നിലനില്‍ക്കില്ലെന്ന് കേന്ദ്രം
ദില്ലി/കാഠ്മണ്ഡു: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ല് നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. ഇനി ഉപരിസഭ പാസാക്കുകയും പ്രസിഡന്റ് ഒപ്പുവയ്ക്കുക കൂടി ചെയ്താല്‍ ബില്ല് നിയമമാകും. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നടപടി. നേപ്പാള്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠ്യേനയാണ് ബില്ല് പാസാക്കിയത്.

ഉത്തരാഖണ്ഡിന്റെയും ബിഹാറിന്റെയും ഭാഗമാണെന്ന് ഇന്ത്യ പറയുന്ന ചില സ്ഥലങ്ങളും നേപ്പാളിന്റെ പുതിയ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. നേപ്പാളിന്റെ വാദത്തിന് ചരിത്ര പരമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുതിയ ഭൂപടം നിലനില്‍ക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ നേപ്പാളിന്റെതായിട്ടാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ നേപ്പാള്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാ പാര്‍ട്ടി നേപ്പാള്‍, രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി എന്നിവരെല്ലാം പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ലാണ് നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദേശീയ എംബ്ലം അപ്‌ഡേറ്റ് ചെയ്യുകയുമുണ്ടായി.
275 അംഗ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസാക്കിയിരിക്കുന്നത്. ഇനി ബില്ല് നാഷണല്‍ അസംബ്ലി പരിഗണിക്കും. പാര്‍ലമെന്റിന്റെ ഈ സഭയില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരപക്ഷമുണ്ട്. അതുകൊണ്ടു തന്നെ തടസങ്ങളുണ്ടാകില്ല. നാഷണല്‍ അസംബ്ലി പാസാക്കിയാല്‍ ബില്ല് പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടും. പാര്‍ലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭ പാസാക്കിയ സാഹചര്യത്തില്‍ ബില്ല് നിയമമാകുമെന്ന് ഉറപ്പായി.












Click it and Unblock the Notifications