'ഡിജിറ്റല്‍ നാടോടികളേ'.... ഇതിലേ, ഇതിലേ; ന്യൂസിലന്‍ഡ് നിങ്ങളെ വിളിക്കുന്നു
മനുഷ്യന്‍ അവസാനം കണ്ടെത്തിയ വാസയോഗ്യമായ സ്ഥലം എന്നാണ് ന്യൂസിലന്‍ഡ് അറിയപ്പെടുന്നത്. അതിമനോഹരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് ഈ രാജ്യം. പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുരാജ്യത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രത്യേകിച്ച് ഡിജിറ്റല്‍ നോമാഡ്‌സ് എന്നു വിളിക്കുന്നവരെ ആകര്‍ഷിക്കാന്‍ വിസ നടപടികള്‍ ലഘൂകരിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് ഭരണകൂടമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഇന്റര്‍നെറ്റിലൂടെ ജോലി ചെയ്യുകയും സ്വതന്ത്രമായി യാത്ര ചെയ്യുകയും ചെയ്യുന്നവരെയാണ് ഡിജിറ്റല്‍ നാടോടികള്‍ അഥവാ 'ഡിജിറ്റല്‍ നോമാഡ്‌സ്' എന്ന് വിശേഷിപ്പിക്കുന്നത്. അതായത്, വിദേശത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് ന്യൂസിലന്‍ഡില്‍ താമസിച്ചുകൊണ്ട് തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന രീതിയില്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുകയാണ്.

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ഇത്തരം ഡിജിറ്റല്‍ നാടോടികളെയാണ് സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്തേക്കു ക്ഷണിക്കുന്നത്. വിദേശ കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന ഐടി വിദഗ്ധരാണ് കൂടുതലും ഈ ഗണത്തില്‍ വരുന്നത്.
പുതിയ വിസ മാനദണ്ഡം അനുസരിച്ച്, വിനോദസഞ്ചാരികള്‍ക്ക് 90 ദിവസം വരെ ന്യൂസിലന്‍ഡില്‍ താമസിക്കാനും അവധിക്കാലം ആസ്വദിക്കാനും അതിനൊപ്പം വിദേശ തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാനും സാധിക്കും. 90 ദിവസത്തെ കാലയളവ് കഴിഞ്ഞാല്‍ വിനോദസഞ്ചാരികള്‍ക്ക് റസിഡന്റ്‌സ് ടാക്‌സ് അഥവാ താമസ നികുതി അടയ്‌ക്കേണ്ടി വരും. ഇങ്ങനെ ഒന്‍പതു മാസം വരെ താമസിക്കാം.
വിസ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ധാരാളം സഞ്ചാരികള്‍ക്ക് ന്യൂസിലന്‍ഡില്‍ കൂടുതല്‍ കാലം താമസിച്ച് ജോലി ചെയ്യാന്‍ സഹായിക്കുമെന്ന് ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു. ഇത് രാജ്യത്തേക്ക് കൂടുതല്‍ പണം ഒഴുകുന്നതിന് കാരണമാകും. ഏഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള വ്യക്തികളെ ആകര്‍ഷിക്കുക എന്നതാണ് ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യം.
കോവിഡ് മഹാമാരിയുടെ സമയത്ത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിരുന്നതിനാല്‍ ന്യൂസിലന്‍ഡിന്റെ ടൂറിസം വ്യവസായം വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇപ്പോഴും രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. വിസ നടപടിക്രമങ്ങളില്‍ അയവ് വരുത്തി ടൂറിസം പ്രോത്സാഹിപ്പിക്കാനും അതുവഴി സാമ്പത്തിക വളര്‍ച്ച നേടാനുമുള്ള ശ്രമത്തിലാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍.












Click it and Unblock the Notifications