പ്രസിഡന്റ് സ്ഥാനത്ത് ട്രംപിന് ആയുസ്സില്ല, ഇംപീച്ച് ചെയ്യപ്പെടുമെന്ന് പ്രവചനം
ട്രംപ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് പ്രഫസര്‍ അലന്‍ ലിച്ച്മാന്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം മുന്‍കൂട്ടി പറഞ്ഞ പ്രഫസര്‍ അലന്‍ ലിച്ച്മാന്‍. നേരത്തെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് പ്രവചിച്ച പ്രഫസര്‍ അലന്‍ ലിച്ച്മാനാണ് പുതിയ പ്രവചനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇംപീച്ച്‌മെന്റ് നടപടി നേരിട്ട് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്നും പുറത്താകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രവചനം.
കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുന്ന നടപടിയാണ് ഇംപീച്ച്‌മെന്റ്. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന പ്രസിഡന്റിനെയാണ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് താല്‍പര്യം. ട്രംപിന്റെ വ്യക്തിത്വം പ്രവചനത്തിന് അതീതമാണെന്നും അതിനാല്‍ പാര്‍ട്ടിക്ക് ട്രംപിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കുമെന്നും പ്രൊഫസര്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഉറച്ചവിശ്വാസത്തിനിടെയായിരുന്നു പ്രഡിക്ഷന്‍ പ്രഫസര്‍ എന്നറിയപ്പെടുന്ന ലിച്ച്മാന്‍ ട്രംപ് വിജയിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രകടനവും തെരഞ്ഞെടുപ്പുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു തന്റെ പ്രവചനത്തിന് ആധാരമായി ലിച്ച്മാന്‍ എടുത്തുപറഞ്ഞ വസ്തുത. ഇതുവരെയുള്ള ലിച്ച്മാന്റെ പ്രവചനങ്ങളൊന്നും തെറ്റിയിട്ടില്ലാത്തതിനാല്‍ ട്രംപിന്റെ ഭാവിയും നിശ്ചയിക്കാനാവില്ല.
ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ ട്രംപിനെ അംഗീകരിക്കാന്‍ തയ്യാറാവാത്ത ജനക്കൂട്ടം ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. അമേരിക്കയില്‍ മുസ്ലിങ്ങളുള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ട്രംപ് വിരുദ്ധ വികാരത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് പൊഫസറുടെ പ്രവചനമെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications