പുടിന്‍-സെലന്‍സ്‌കി ചര്‍ച്ച തള്ളി റഷ്യ; നയതന്ത്ര ചര്‍ച്ച തുര്‍ക്കിയില്‍... രാജ്യം വിട്ടത് 38 ലക്ഷം പേര്‍
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന വാര്‍ത്തകള്‍ തള്ളി റഷ്യ. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കൊവ് പറഞ്ഞു. ചൊവ്വാഴ്ച തുര്‍ക്കിയില്‍ റഷ്യ-യുക്രൈന്‍ നയതന്ത്രതല ചര്‍ച്ച തുടങ്ങും. യൂറോപ്പില്‍ സമാധാനം തിരികെകൊണ്ടുവരുന്നതിനായി തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്. പുട്ടിനുമായി ഉര്‍ദുഗാന്‍ ഞായറാഴ്ച ടെലിഫോണില്‍ സംസാരിച്ചിരുന്നു.

പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു. എന്നാല്‍ പ്രസിഡന്റുമാരുടെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സമയം ആയിട്ടില്ല എന്ന നിലപാടിലാണ് റഷ്യ. ഈ വേളയില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ വിപരീത ഫലം ചെയ്യുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജീ ലാവ്‌റോവ് പ്രതികരിച്ചു. അതിനിടെ റഷ്യന്‍ സേനയ്ക്കെതിരെ പോരാടാന്‍ യുക്രൈന് യുദ്ധടാങ്കുകളും വിമാനങ്ങളും മിസൈലുകളും എത്തിക്കണമെന്ന് സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണയും ഭക്ഷ്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന മേഖലകളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിച്ചതിനെ തുടര്‍ന്നാണ് സെലെന്‍സ്‌കിയുടെ അഭ്യര്‍ഥന.
ഒരുമാസത്തിലേറെയായി തുടരുന്ന റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍നിന്ന് ഇതുവരെ 3,866,224 ലക്ഷം പേര്‍ പലായനം ചെയ്തതായി യുഎന്‍ അറിയിച്ചു. ഇതില്‍ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. കൂടുതല്‍ പേരും പലായനം ചെയ്തത് പോളണ്ടിലേക്കാണ്. 22 ലക്ഷത്തോളം വരും പോളിഷ് അതിര്‍ത്തി കടന്നെത്തിയ യുക്രൈന്‍ പൗരന്‍മാര്‍. റുമേനിയ, മോള്‍ദോവ, ഹംഗറി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും കുടിയേറ്റമുണ്ടായി. സമവായ ശ്രമങ്ങള്‍ തുടരണമെന്നും ഇരുരാജ്യങ്ങളും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും യുഎന്‍ അഭ്യര്‍ഥിച്ചു. അതേസമയം, റഷ്യയെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ അമേരിക്ക തുടരുകയാണ്. റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം, കൊറിയയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ യുക്രൈനെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി ക്രൈലോ ബിദാനോവ് പറഞ്ഞു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിലും ഉക്രൈന്‍ സര്‍ക്കാരിനെ നീക്കുന്നതിലും പരാജയപ്പെട്ടതിനു പിന്നാലെ പുട്ടിന്‍ യുക്രൈനിന്റെ തെക്കും കിഴക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ദക്ഷിണ, ഉത്തര കൊറിയകളെ പോലെ രാജ്യത്തെ വിഭജിച്ച് രണ്ടു രാജ്യങ്ങളാക്കാനുള്ള ശ്രമമാണെന്നും ബിദാനോവ് പറഞ്ഞു. വിഭജനം ഇല്ലാതാക്കാന്‍ വേണ്ടിവന്നാല്‍ ഒളിപ്പോര് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications