ഗ്രീന്‍കാര്‍ഡ് ആണെങ്കിലും രക്ഷയില്ല; യുഎസില്‍ ഇന്ത്യക്കാരും 24 മണിക്കൂറും ഇക്കാര്യങ്ങള്‍ കൈയില്‍ കരുതണം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. എച്ച്1-ബി വിസയില്‍ ജോലി ചെയ്യുന്നവരും ഗ്രീന്‍ കാര്‍ഡ് ഉടമകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിയമപരമായി യുഎസില്‍ താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരും എപ്പോഴും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം. ട്രംപ് ഭരണകൂടം അധികാരമേറ്റതിന് ശേഷം രാജ്യത്ത് നടപ്പാക്കുന്ന കുടിയേറ്റ, വിസ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിര്‍ദേശം. പുതിയ നിയമം ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു.
നിയമാനുസൃതം അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ 24 മണിക്കൂറും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതേണ്ടി വരും. അനധികൃത കുടിയേറ്റം തടയുന്നതിനും രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുന്നതിനുമുള്ള ട്രംപിന്റെ നീക്കങ്ങളില്‍ ഏറ്റവും പുതിയതാണിത്. യുഎസ് ഡിസ്ട്രിക്ട് കോടതി ഈ നിയമം നടപ്പാക്കാന്‍ അനുമതി നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

1940 ലെ ഏലിയന്‍ രജിസ്‌ട്രേഷന്‍ നിയമപ്രകാരം, യുഎസിലെത്തുന്ന എല്ലാ കുടിയേറ്റക്കാരും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ ഈ നിയമം കര്‍ക്കശമായി നടപ്പാക്കിയില്ല. അതിനാല്‍ നിരവധി വിദേശികളാണ് അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്നത്. പുതിയ നിയമപ്രകാരം ഇതെല്ലാം കര്‍ക്കശമായ നിരീക്ഷണത്തിന് വിധേയമാക്കും.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം അമേരിക്കയില്‍ താമസിക്കുന്ന 18 വയസും അതിന് മുകളിലുമുള്ള എല്ലാ വിദേശികളും തിരിച്ചറിയല്‍ രേഖകള്‍ എപ്പോഴും കൈവശം വയ്ക്കണം. ഇനി അധികൃതര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും രേഖകള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് പാലിക്കാത്തതിരുന്നാല്‍ ഒരു ന്യായീകരണത്തിനും അവസരമുണ്ടാകില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 14 വയസിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്യണം.
അമേരിക്കയില്‍ നിയമാനുസൃതം താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. ഏപ്രില്‍ 11-നോ അതിന് ശേഷമോ യുഎസില്‍ എത്തുന്നവര്‍ 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് പാലിക്കാത്തവര്‍ക്ക് പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. മേല്‍വിലാസം മാറ്റുന്നവരും 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതു പാലിക്കാത്തവര്‍ക്ക് 5,000 ഡോളര്‍ വരെ പിഴ ലഭിക്കും. 14 വയസ് തികയുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ സര്‍ക്കാരില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും 14 വയസ് തികഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിരലടയാളം സമര്‍പ്പിക്കുകയും വേണം.












Click it and Unblock the Notifications