ലോട്ടറിയടിച്ചാലും ആരും ജോലി ഉപേക്ഷിക്കില്ല... കാരണമെന്തെന്ന് അറിയാമോ..?
ലോട്ടറി അടിച്ചിട്ട് വേണം ജോലി ഉപേക്ഷിക്കാന്‍ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഫലം നേരെ തിരിച്ചാണ് എന്ന് മാത്രം

ലോട്ടറി വിജയം പലപ്പോഴും സാമ്പത്തിക പരാധീനതകളില്‍ നിന്ന് പലരേയും കരകയറ്റിയിട്ടുണ്ട്. ഒറ്റയടിക്ക് ഒരുപാട് കാശ് കൈയില്‍ വന്ന് ചേരുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. എന്നാല്‍ എത്ര കോടികള്‍ ലോട്ടറി അടിച്ചാലും ഭൂരിഭാഗം പേരും ജോലി ഉപേക്ഷിക്കുകയോ നേരത്തെ തന്നെ വിരമിക്കുന്നതിനെ കുറിച്ചോ ആലോചിക്കാറില്ല എന്നാണ് പല പഠനങ്ങളും പറയുന്നത്.
സ്ഥിര വരുമാനം ഉപേക്ഷിക്കാന്‍ ആരും താല്‍പര്യപ്പെടുന്നില്ല എന്നാണ് ഇതിന്റെ പ്രധാന കാരണമായി എല്ലാവരും പറയുന്നത്. ലോട്ടറിയടിച്ചിട്ട് വേണം ജോലിക്ക് പോകാതെ വീട്ടിലിരിക്കാന്‍ എന്ന് പലരും കരുതാറുണ്ടെങ്കിലും ഇത് നടക്കാറില്ല എന്നാണ് ദുബായ് ആസ്ഥാനമായുള്ള സാമ്പത്തിക ആസൂത്രകനായ ആന്‍ഡ്രിയ ബാര്‍ബര്‍ പറയുന്നത്.
ഒന്നാമത് ഒരു മധ്യവര്‍ഗക്കാരന് ലോട്ടറി അടിച്ചാലും സമ്പാദ്യമായി കൈയില്‍ വെക്കാന്‍ അധികം തുക ലഭിക്കണം എന്നില്ല. നിലവിലെ കടങ്ങള്‍ തീര്‍ക്കുകയും വരാനിരിക്കുന്ന ചെലവുകള്‍ മുന്‍കൂട്ടി കാണുകയും ചെയ്യുന്ന ഏതൊരാളും ലോട്ടറി വിജയിച്ചു എന്ന് കരുതി സ്ഥിര വരുമാനം ഉപേക്ഷിക്കില്ല.

ഒരുപക്ഷെ നിലവിലെ മടുപ്പിക്കുന്ന ജോലി ഉപേക്ഷിച്ചാലും ചെറുതെങ്കിലും സ്ഥിരമായി വരുമാനം ലഭിക്കാവുന്ന ജോലികള്‍ ഇവര്‍ ചെയ്യും. അത് മാത്രമല്ല ലോട്ടറി നേടുന്ന എല്ലാവരും കോടീശ്വരന്മാരായി തുടരുന്നുമില്ല. അതായത് നിലവിലെ ജീവിത ചെലവും സാമ്പത്തിക സ്ഥിതിയും ആശ്രയിച്ചിരിക്കും ലോട്ടറി നേടിയ ശേഷം വിരമിക്കുന്നത്.
ലോട്ടറി അടിച്ചാല്‍ ഭൂരിഭാഗവും ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് സര്‍വെകള്‍ പറയുന്നത്. എന്നാല്‍ അത് സംഭവിക്കുന്നില്ല എന്ന് മാത്രം. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകള്‍ക്കും എന്തെങ്കിലും ജോലി ചെയ്തില്ലെങ്കില്‍ ബോറടിക്കുന്നു എന്ന് അഭിപ്രായമുള്ളവരാണ്.
ലോട്ടറി അടിച്ചാല്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കും എങ്കിലും അതിന് അര്‍ത്ഥം എല്ലാം ലഭിക്കുന്നു എന്നല്ല എന്നാണെന്ന് യു എസ് ശതകോടീശ്വരനും സംരംഭകനും ടെലിവിഷന്‍ താരവുമായ മാര്‍ക്ക് ക്യൂബ പറയുന്നു. ഇന്നലെ നിങ്ങള്‍ സന്തുഷ്ടനല്ലെങ്കില്‍ നാളെയും നിങ്ങള്‍ക്ക് സന്തോഷവാനായിരിക്കില്ല എന്നാണ് ക്യൂബ പറയുന്നത്.
കേരളത്തില്‍ തന്നെ ഇതിന് വലിയ ഉദാഹരങ്ങളുണ്ട്. കേരളത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേയും ഓണം ബംപര്‍ സമ്മാനത്തുക അടിച്ച രണ്ട് പേരും ഇപ്പോഴും സ്ഥിര വരുമാനം ഉപേക്ഷിക്കാത്തവരാണ്. ഓട്ടോ ഡ്രൈവര്‍മാരായിരുന്ന ഇവരില്‍ ഒരാള്‍ ഇപ്പോഴും ഓട്ടോ ഓടിക്കുന്നുണ്ട്. മറ്റൊരാളാകട്ടെ ലോട്ടറി ഏജന്‍സി നടത്തുകയാണ്.












Click it and Unblock the Notifications