വിപണിയില്‍ എണ്ണ കുറഞ്ഞാല്‍ ഞങ്ങള്‍ ഉത്തരവാദിയല്ലെന്ന് സൗദി; സഹായവുമായി അമേരിക്ക
റിയാദ്: ആഗോള എണ്ണ വിതരണത്തില്‍ കുറവ് സംഭവിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദിയല്ലെന്ന് സൗദി അറേബ്യ. ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാവുന്ന യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതികരണം. ഊര്‍ജ വിതരണം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്ന് സൗദി ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് ഹൂതികള്‍ സൗദിയിലെ എണ്ണ, പ്രകൃതി വാതക ഉല്‍പ്പാദക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയത്. അരാംകോയുടെ കേന്ദ്രത്തിന് നേരെയും മറ്റു മൂന്നിടങ്ങളിലും ഡ്രോണ്‍ ആക്രമണമുണ്ടായി. വീണ്ടും മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും സൗദി സഖ്യസേന തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ജിദ്ദയിലെ പെട്രോളിയം വിതരണകേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായി. യാമ്പൂവിലെ പെട്രോ കെമിക്കല്‍സ് കോംപ്ലക്‌സിലെ ഉല്‍പ്പാദനം തടസ്സപ്പെടുകയും ചെയ്തു.

അതേസമയം ഹൂതി ആക്രമണം നേരിടുന്ന സൗദി അറേബ്യക്ക് പിന്തുണ നല്‍കാന്‍ അമേരിക്ക മിസൈല്‍വേധ ആയുധങ്ങള്‍ നല്‍കിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപോര്‍ട്ട് ചെയ്തു. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം അമേരിക്കയുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല സൗദി. കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കണമെന്ന സൗദിയുടെ ആവശ്യം സൗദി മുഖവിലക്കെടുത്തിട്ടില്ല. യമന്‍ യുദ്ധത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന ആക്ഷേപം സൗദിക്കുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിക്ക് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. നേരത്തെ യുഎഇക്കും അമേരിക്ക സമാനമായ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറിയിരുന്നു. അതേസമയം, ജിസിസി രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഹൂതികള്‍ അറിയിച്ചിട്ടുണ്ട്.
എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമായ റഷ്യയുടെ എണ്ണവിതരണം അമേരിക്ക വിലക്കിയതോടെ ആഗോള വിപണി പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ക്കും എണ്ണ കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ക്കും ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ജോ ബൈഡന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിലവില്‍ യുഎസില്‍ അടക്കം പ്രകൃതി വാതകത്തിന്റെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്.
യൂറോപ്പിലേക്ക് എത്തുന്ന എണ്ണയിലും പ്രകൃതി വാതകത്തിലും 40 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഘട്ടങ്ങളായി കുറയ്ക്കാനാണ് യൂറോപ്പിന്റെ തീരുമാനം. പകരം സംവിധാനം ഒരുക്കാനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്. എ്ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണമില്ലാതെ ബദല്‍ സംവിധാനം ഒരുങ്ങില്ല എന്നാണ് മറ്റൊരു കാര്യം. ഇന്ന് ക്രൂഡോയില്‍ ബാരലിന് 112 ഡോളറാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications