സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജപ്പാനിലെ സന്നദ്ധ സംഘടനയായ നിഹോങ് ഹിദ്യാന്‍ക്യോയ്ക്ക്
ജനീവ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജപ്പാനില്‍ നിന്നുള്ള സന്നദ്ധ സംഘടനയായ നിഹോങ് ഹിദ്യാന്‍ക്യോയ്ക്ക്. ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാന്‍ക്യോ. ആണവായുധ വിമുക്ത പ്രചരണമാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. ഇക്കാരണം കൊണ്ട് തന്നെയാണ് നിഹോങ് ഹിദ്യാന്‍ക്യോയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതും.
ഹിബകുഷ എന്നും അറിയപ്പെടുന്ന നിഹോങ് ഹിദ്യാന്‍ക്യോ ആണവായുധങ്ങളില്ലാത്ത ഒരു ലോകം സാധ്യമാക്കാനും ആണവായുധങ്ങള്‍ ഇനി ഒരിക്കലും ഉപയോഗിക്കില്ല എന്ന്് ഉറപ്പുവരുത്താനുാണ് ശ്രമിക്കുന്നത്. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിലൂടെ സമാധാനത്തിനുള്ള പ്രതീക്ഷ വളര്‍ത്തിയതിന് ഹിരോഷിമയില്‍ നിന്നും നാഗസാക്കിയില്‍ നിന്നും അണുബോംബ് അതിജീവിച്ചവരെ ആദരിച്ച് കൊണ്ടാണ് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പുരസ്‌കാരം പ്രഖ്യാപിച്ചത്.

''വര്‍ണ്ണിക്കാന്‍ കഴിയാത്തത് വിവരിക്കാനും ചിന്തിക്കാന്‍ കഴിയാത്തത് ചിന്തിക്കാനും ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന മനസ്സിലാക്കാന്‍ കഴിയാത്ത വേദനയും കഷ്ടപ്പാടുകളും എങ്ങനെയെങ്കിലും മനസ്സിലാക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു,'' നൊബേല്‍ പുരസ്‌കാര കമ്മിറ്റി എക്‌സില്‍ കുറിച്ചു. ഏകദേശം 80 വര്‍ഷമായി ഒരു ആണവായുധവും യുദ്ധങ്ങളില്‍ ഉപയോഗിക്കപ്പെട്ടില്ല എന്നും സമിതി ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ അനുഭവങ്ങള്‍ പങ്ക് വെച്ചും അവബോധം നടത്തിയും ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ മുന്നറിയിപ്പുകള്‍ നല്‍കി ആണവായുധങ്ങളോടുള്ള എതിര്‍പ്പ് ഏകീകരിക്കാന്‍ സംഘടന സഹായിച്ചതായി നോബല്‍ കമ്മിറ്റി വ്യക്തമാക്കി. ആണവശക്തികള്‍ അവരുടെ ആയുധശേഖരം നവീകരിക്കുന്നു. പുതിയ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ആണവായുധങ്ങള്‍ എന്താണെന്ന് സ്വയം എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിനാശകരമായ ആയുധങ്ങളാണ് ഇവ, നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രസതന്ത്രം, വൈദ്യശാസ്ത്രം., സാഹിത്യം എന്നിവയ്ക്കുള്ള നൊബേല്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിരുന്നു.
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ശാസ്ത്രജ്ഞരായ ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ ജമ്പര്‍ എന്നിവര്‍ക്കും വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം വിക്ടര്‍ ആംബ്രോസിനും ഗാരി റുവ്കുനും ലഭിച്ചു. ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ആണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജോണ്‍ ഹോപ്പ്ഫീല്‍ഡും െ്രജഫ്രി ഹിന്റണും നേടി.












Click it and Unblock the Notifications