വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; വിജയികള്‍ ഇവര്‍
2026 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മസ്തിഷ്‌ക കോശങ്ങളെ പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതി കണ്ടെത്തിയതിന് കാള്‍ ഡെയ്സെറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ്ജ് നാഗല്‍ എന്നീ മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. മസ്തിഷ്‌കത്തിലെ ഓരോ നാഡീകോശത്തിന്റെയും പ്രവര്‍ത്തനം എങ്ങനെയാണ് സജീവമാകുന്നതെന്നും നിര്‍ജ്ജീവമാകുന്നതെന്നും നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിനാണ് പുരസ്‌കാരം.
ലൈറ്റ്-ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്‌റ്റോജെനെറ്റിക്‌സ് എന്നീ മേഖലകളില്‍ ആയിരുന്നു ഗവേഷണം. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലാണ് ഡെയ്സെറോത്ത് പ്രവര്‍ത്തിക്കുന്നത്. ഹെഗെമാന്‍ ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയിലും നാഗല്‍ ജര്‍മ്മനിയിലെ തന്നെ വുര്‍സ്ബര്‍ഗ് സര്‍വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നൊബേല്‍ സമിതി അറിയിച്ചു.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നതിനും, പെരുമാറ്റരീതികളിലേക്കും രോഗങ്ങളിലേക്കും നയിക്കുന്ന വഴികള്‍ കണ്ടെത്തുന്നതിനും സഹായിക്കുന്ന, നാഡീകോശങ്ങളെയും സര്‍ക്യൂട്ടുകളെയും പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഒരു 'സ്വിച്ച്' കണ്ടെത്തലിലൂടെ ഒപ്‌റ്റോജെനെറ്റിക്‌സ് നാഡീശാസ്ത്രത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.
ഒറ്റക്കോശമുള്ള ഒരുതരം പച്ച ആല്‍ഗയ്ക്ക് എങ്ങനെ പ്രകാശത്തിലേക്ക് നീന്താന്‍ കഴിയുന്നു എന്ന് ഹെഗെമാന്‍ പഠിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ തുടക്കം. നീല പ്രകാശം ഏല്‍ക്കുമ്പോള്‍ ഒരു ചാനല്‍ തുറക്കുകയും അതുവഴി വൈദ്യുത ആവേഗം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക പ്രോട്ടീന്‍ അദ്ദേഹവും നാഗലും ചേര്‍ന്ന് കണ്ടെത്തി. ഈ പ്രോട്ടീന്‍ മറ്റ് കോശങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ അവയെ പ്രകാശത്തോട് പ്രതികരിക്കുന്നവയാക്കി മാറ്റാന്‍ സാധിച്ചു.
തുടര്‍ന്ന്, ജീവനുള്ള എലികളുടെ മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ക്കായി പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഒരു സ്വിച്ച് സൃഷ്ടിക്കുന്നതിനായി, ഈ പ്രോട്ടീനെ നിയന്ത്രിക്കുന്ന ജീന്‍ ഉപയോഗിച്ച് ഡെയ്സെറോത്ത് ഗവേഷണം നടത്തി. ഈ ഗവേഷണം വൈദ്യശാസ്ത്രപരമായ സാധ്യതകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. കടുത്ത കാഴ്ചാ വൈകല്യമുള്ളവരുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതിനായി ഒപ്‌റ്റോജെനെറ്റിക് രീതികളെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തുന്നുണ്ട്.
അതേസമയം, കോക്ലിയര്‍ ഇംപ്ലാന്റുകളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയിലും ഈ സാങ്കേതികവിദ്യ പരിശോധിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിനുള്ള സമ്മാന പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിനുള്ളതും, ബുധനാഴ്ച രസതന്ത്രത്തിനുള്ളതും, വ്യാഴാഴ്ച സാഹിത്യത്തിനുള്ളതുമായ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും.
വെള്ളിയാഴ്ച സമാധാനത്തിനുള്ള സമ്മാനം പ്രഖ്യാപിച്ച ശേഷം, ഒക്ടോബര്‍ 12-ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കും. വ്യക്തിക്കോ, ചെറിയൊരു കൂട്ടം ജേതാക്കള്‍ക്കോ, അല്ലെങ്കില്‍ ഏതെങ്കിലും സംഘടനയ്‌ക്കോ ആയാലും, ഈ വര്‍ഷത്തെ സമ്മാനത്തുക 12 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏകദേശം 1.2 ദശലക്ഷം യുഎസ് ഡോളര്‍) ആണ്.


Click it and Unblock the Notifications
