ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിന് രസതന്ത്രത്തിനുളള നൊബേൽ; പുരസ്കാരം 3 പേർക്ക്
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൗംഗി ബവേണ്ടി, ലൂയിസ് ബ്രസ്, അലെക്സി ഐകിമോവ് എന്നിവർക്ക് നൊബേൽ.അർധ ചാലക നാനോക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിനും അതിന്റെ സങ്കലനത്തിനുമാണ് പുരസ്കാരം. അതിസൂഷ്മ കണങ്ങളാണ് ക്വാണ്ടം ഡോട്ടുകൾ. ടെലിവിഷനും എൽഇഡി വിളക്കുകളും മുതൽ ട്യൂമർ ടിഷ്യു നീക്കം ചെയ്യാനുള്ള ശസ്ത്രിക്രിയയ്ക്ക് വരെ ഈ കണ്ടെത്തൽ ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ട്.

'ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം അനുസരിച്ചാണ് ഒരു മൂലകത്തിന്റെ സവിശേഷതകൾ കണക്കാക്കുന്നതെന്ന് രസതന്ത്രം പഠിക്കുന്നവർക്കറിയാം. എന്നാൽ, പദാർഥങ്ങൾ ചെറിയ അളവുകളിലേക്ക് ചുരങ്ങുമ്പോഴാണ് ക്വാണ്ടം പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്. 2023 ലെ രസതന്ത്രത്തിലെ നോബൽ സമ്മാന ജേതാക്കൾ ക്വാണ്ടം പ്രതിഭാസങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന കണങ്ങളെ വളരെ ചെറിയ അളവിൽ ഉൽപ്പാദിപ്പിക്കുന്നതിൽ വിജയിച്ചവരാണ്. ക്വാണ്ടം ഡോട്ടുകൾ എന്ന് വിളിക്കപ്പെടുന്ന കണികകൾക്ക് ഇപ്പോൾ നാനോ ടെക്‌നോളജിയിൽ വലിയ പ്രാധാന്യമുണ്ട്', നൊബേൽ സമിതി വ്യക്തമാക്കി.
1980-കളുടെ തുടക്കത്തിൽ, നിറമുള്ള ഗ്ലാസിൽ വലുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം ഇഫക്റ്റുകൾ സൃഷ്ടിക്കുന്നതിൽ അലക്സി എക്കിമോവ് വിജയിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു ദ്രാവകത്തിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്ന കണങ്ങളിൽ വലിപ്പത്തെ ആശ്രയിച്ചുള്ള ക്വാണ്ടം ഇഫക്റ്റുകൾ ലൂയിസ് ബ്രൂസ് കണ്ടെത്തി. 1993-ൽ മൗംഗി ബവെണ്ടി ക്വാണ്ടം ഡോട്ടുകളുടെ രാസ ഉൽപാദനത്തിൽ വിപ്ലവകരമായ കണ്ടെത്തൽ നടത്തി.
രസതന്ത്ര നൊബേൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് പേരുകൾ ചോർന്നെന്ന് റിപ്പോർട്ട്
രസതന്ത്ര നോബേൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ജേതാക്കളുടെ പേരുകൾ ചോർന്നുവെന്ന് റിപ്പോർട്ട്. സ്വീഡിഷ് പത്രമായ അഫ്‌ടോൺബ്ലാഡെറ്റ് ആണ് പേരുകൾ പ്രസിദ്ധീകരിച്ചത്. അക്കാദമിയിൽ നിന്നുള്ള ഇമെയിലിന്റെ പകർപ്പാണ് ഇവർ നൽകിയത്.
അതേസമയം റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന് സംഭവിച്ച പിഴവാണ് ഇത് എന്നായിരുന്നു അക്കാദമിയുടെ രസതന്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർമാനായ ജോഹാൻ അക്വിസ്റ്റ് പ്രതികരിച്ചത്. അതേസമയം സംഭവം പരിശോധിച്ച് വരികയാണെന്ന് അക്കാദമി മാധ്യമ വക്താവ് ഈവ നെവെല്യൂസ് അറിയിച്ചു.
മൗംഗി ബവേണ്ടി, ലൂയിസ് ബ്രസ്, അലെക്സി ഐകിമോവ് എന്നിവർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം. ബവേണ്ടി മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ബ്രൂസ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലേയും എകിമോവ് നാനോക്രിസ്റ്റൽസ് ടെക്‌നോളജിയിലേയും പ്രൊഫസർമാരാണ്.












Click it and Unblock the Notifications