ഇന്ത്യക്കാരിയല്ലാത്ത കടുത്ത ഹിന്ദുമത വിശ്വാസി: ആരാണ് പുതിയ യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുള്‍സി ഗബാർഡ്
വാഷിങ്ടണ്‍ ഡിസി: നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തുള്‍സി ഗബാർഡിനെ നിയമിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ് ജനപ്രതിനിധി സഭയിലെ മുന്‍ അംഗമായ തുള്‍സി ഗബാർഡ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഹിന്ദു അമേരിക്കക്കാരിയുമായിരുന്നു. നിലവില്‍ ട്രംപിന്റെ അടുത്ത വിശ്വസ്തയായി അറിയപ്പെട്ടുന്ന തുള്‍സി നേരത്തെ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു എന്നതാണ് ശ്രദ്ധേയം.
നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തുള്‍സിയെ നിയമിക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം ട്രംപ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. 'തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണ്. അവർ നമുക്കെല്ലാം അഭിമാനമായി മാറും. ദീർഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. അതോടൊപ്പം തന്നെ തന്റെ ആദ്യ ടേമിലെ ഭരണത്തേയും പ്രചാരണങ്ങളേയും തകർക്കാന്‍ രാജ്യത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചിരുന്നതായും ട്രംപ് ആരോപിച്ചു.

ഒരുഘട്ടത്തില്‍ തന്റെ കീഴില്‍ വൈസ് പ്രസിഡന്റാകാന്‍ ട്രംപ് പരിഗണച്ചിരുന്നവരില്‍ ഒരാളുമായിരുന്നു തുള്‍സി ഗബാർഡ്. ഹിന്ദു മത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല തുള്‍സി എന്നതാണ് ശ്രദ്ധേയം. യഥാർത്ഥ അമേരിക്കക്കാരി തന്നെയാണ് തുള്‍സി. ഹിന്ദു മതത്തില്‍ ആകൃഷ്ടയായ തുള്‍സിയുടെ അമ്മ ഹിന്ദു മതം സ്വീകരിക്കുകയും മക്കള്‍ക്കെല്ലാം ഹിന്ദു പേരുകള്‍ നല്‍കുകയുമായിരുന്നു. തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യന്‍ വംശജയാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
തുള്‍സിയും കടുത്ത ഹിന്ദുമത ഭക്തയാണ്. ഭഗവദ്ഗീതയില്‍ കൈവച്ചുകൊണ്ടായിരുന്നു തുള്‍സി ജനപ്രതിനിധി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഹവായില്‍ നിന്നും ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായിട്ടാണ് 21-ാം വയസ്സില്‍ തുള്‍സി ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിലേറെ ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ പ്രവർത്തിച്ചതിന്റെ പരിചയ സമ്പത്തും അവർക്കുണ്ട്.
ലോകത്തെ നടുക്കിയ 9/11 ആക്രമണത്തിന് ശേഷമായിരുന്നു തുള്‍സി ആർമി നാഷണൽ ഗാർഡിൽ ചേരുന്നത്. സേനയുടെ ഭാഗമായി കുവൈത്തിലും ഇറാഖിലും ഉള്‍പ്പെടെ പ്രവർത്തിച്ചു. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് എതിരാളിയായി മത്സരിക്കാന്‍ തുള്‍സി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറേണ്ടി വരികയായിരുന്നു. ഡെമോക്രാറ്റിക് നേതൃത്വവുമായി അകന്ന തുള്‍സി 2022 ല്‍ പാർട്ടി വിട്ടു. റിപ്പബ്ലിക് പാർട്ടിയില്‍ ചേർന്ന തുള്‍സി ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംവാദത്തില്‍ കമല ഹാരിസിനെ നേരിടാന്‍ ട്രംപിന് സഹായിച്ചവരില്‍ പ്രമുഖയുമായിരുന്നു തുള്‍സി ഗബാർഡ്.












Click it and Unblock the Notifications