വിവാഹ സല്‍ക്കാരം 16-ാം നിലയില്‍, എല്ലാം റെഡിയാക്കി ബന്ധുക്കള്‍; വരനും വധുവും എത്തിയില്ല..!! കാരണമിത്
ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ ഇങ്ങനെ സംഭവിച്ചത് നല്ലതിനാണെന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ ആശംസിച്ചത്. വൈകിയെങ്കിലും ഇരുവരും വിവാഹ സല്‍ക്കാരത്തിനെത്തിയിരുന്നു

നോര്‍ത്ത് കരോലിന: വിവാഹം അതിനോട് അനുബന്ധിച്ചുള്ള റിസപ്ഷനുമെല്ലാം എല്ലാ ദമ്പതികള്‍ക്കും ഒാര്‍മയില്‍ നില്‍ക്കുന്ന ഒന്നായിരിക്കും. അതിനായി പ്രത്യേകം എന്തെങ്കിലും സംഭവിക്കണം എന്നൊന്നുമില്ല. എന്നാല്‍ യു എസിലെ നോര്‍ത്ത് കരോലിനയിലെ ഇന്ത്യന്‍ വംശജനായ വരനും വധുവും ഒരിക്കലും തങ്ങളുടെ വിവാഹ സല്‍ക്കാരം മറക്കാന്‍ ഇടയില്ല. എന്താണ് അതിന് കാരണം എന്നല്ലേ.
ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ സല്‍ക്കാരത്തിനായി എല്ലാം തയ്യാറാക്കി നില്‍ക്കുമ്പോളും വരനും വധുവിനും അതില്‍ പങ്കെടുക്കാനായില്ല. കാരണം മറ്റൊന്നുമല്ല. വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നത് ഒരു ഹോട്ടലിന്റെ 16-ാം നിലയിലെ ഹാളിലായിരുന്നു. വരനും വധവും ഒരുങ്ങി സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ എത്തുകയും ചെയ്തു. എന്നാല്‍ ലിഫ്റ്റ് കേടായതോടെ ഇരുവരും അതിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

ഹോട്ടല്‍ റെസ്‌ക്യൂ ടീം നിസഹായരായി
യു എസിലെ നോര്‍ത്ത് കരോലിനയിലെ ഇന്ത്യന്‍ വംശജനായ പനവ് ഝായും ഭാര്യ വിക്ടോറിയയും ആണ് ലിഫ്റ്റില്‍ കുടുങ്ങിപ്പോയത്. ഏകദേശം രണ്ട് മണിക്കൂറോളം പനവ് ഝായും വിക്ടോറിയയും ലിഫ്റ്റില്‍ കുടുങ്ങി. വിക്ടോറിയയുടെ സഹോദരിയും മറ്റ് നാല് പേരും ലിഫ്റ്റില്‍ ഉണ്ടായിരുന്നു. വധൂ വരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ഹോട്ടല്‍ അധികൃതര്‍ അറിഞ്ഞെങ്കിലും അവര്‍ക്ക് രക്ഷപ്പെടുത്താനായില്ല.

രക്ഷകരായത് അഗ്നിശമന സേന
ഹോട്ടല്‍ റെസ്‌ക്യൂ ടീം സംഭവമറിഞ്ഞെത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പനവ് ഝായേയും വിക്ടോറിയയേയും അഗ്നിശമന സേന അംഗങ്ങള്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഷാര്‍ലറ്റ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പ് പങ്ക് വെച്ചിട്ടുമുണ്ട്. ഒന്നാം നിലയ്ക്കും രണ്ടാം നിലക്കും ഇടയിലാണ് ദമ്പതികള്‍ കുടുങ്ങിപ്പോയത് എന്ന് അഗ്നിശമന സേന അറിയിച്ചു.

ആര്‍ക്കും പരിക്കില്ല
ലിഫ്റ്റിന്റെ മുകള്‍ഭാഗം തുറന്ന ശേഷം വധുവിനെയും വരനെയും ഓരോരുത്തരെയായി നാലാം നിലയിലേക്ക് കയറ്റുകയായിരുന്നു അവര്‍ വ്യക്തമാക്കി. പനവ് ഝായ്ക്കും വിക്ടോറിയയ്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും വിവാഹത്തിന് ഔപചാരികമായി ക്ഷണിച്ചിട്ടില്ല എങ്കിലും തങ്ങള്‍ക്ക് വരേണ്ടി വന്നെന്നും അഗ്നിശമന സേന അറിയിച്ചു.

മികച്ച തുടക്കമാണ്
അതേസമയം എല്ലാവരേയും അധികം താമസിയാതെ രക്ഷപ്പെടുത്താനായി എന്നും ആര്‍ക്കും വൈദ്യസഹായം ആവശ്യമായി വന്നില്ല എന്നും ഷാര്‍ലറ്റ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പവന്‍ ഝായും വിക്ടോറിയയും ഒരുമിച്ച് ദീര്‍ഘവും സന്തുഷ്ടവുമായ ജീവിതം നയിക്കട്ടെ എന്നും അതിന്റെ തുടക്കമാകും ഈ സംഭവം എന്നും ഷാര്‍ലറ്റ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ആശംസിച്ചു.












Click it and Unblock the Notifications