ഉത്തരകൊറിയയിൽ കൊറോണയില്ല: നാശം വിതച്ച് മറ്റൊരു പകർച്ചാവ്യാധി, മൃഗങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു!!
പ്യോംഗ്യാങ്: ലോകം കൊറോണ വൈറസിനോട് പോരാടുമ്പോൾ ഉത്തരകൊറിയയിൽ ഭീതി വിതച്ച് മറ്റൊരു പകർച്ചാ വ്യാധി. ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന പേരിൽ അറിയപ്പെടുന്ന രോഗമാണ് രാജ്യത്ത് പന്നി ഫാമുകളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങുന്നതിന് കാരണമായിട്ടുള്ളത്. സൌത്ത് ഹ്വാങ്വേ പ്രവിശ്യയിലും നോർത്ത് ഹാംഗ്യോങ് പ്രവിശ്യയിലുമാണ് ഇത്തരത്തിൽ ഈ രോഗം ബാധിച്ച് മൃഗങ്ങൾ ചത്തൊടുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രോഗവ്യാപനം തടയുന്നതിനായി ഉത്തരകൊറിയൻ സർക്കാർ ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്.
'തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്' ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട: പ്രിയങ്ക

വേഗത്തിൽ പടർന്ന് രോഗം
കാംഗ്വോൺ പ്രവിശ്യയിലുള്ള ലൈവ്സ്റ്റോക്ക് കോംപ്ലക്സിൽ 6000 താറാവുകളും പന്നികളും ആടുകളും ചെമ്മരിയാടുകളും രോഗം ബാധിച്ച് ചത്തൊടുങ്ങിയതോടെയാണ് ഈ റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയത്. മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ വളരെ പെട്ടെന്നാണ് പ്രവിശ്യകൾ തോറും വേഗത്തിൽ പടരുമെന്നാണ് സൌത്ത് ഹ്വാങ്വേ പ്രവിശ്യയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം വേഗത്തിലായതോടെ 20 പേരടങ്ങളുന്ന സംഘത്തിന് രൂപം നൽകിയ ഉത്തരകൊറിയൻ അധികൃതർ ക്യാബിനറ്റ് ഉത്തരവിട്ട് എല്ലാ ഫാമുകളും കേന്ദ്രീകരിച്ച് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങി
മെയ് ആദ്യവാരം മുതൽ തന്നെ ഹേജു, അനക് കൌണ്ടി എന്നിവിടങ്ങളിലെ പന്നി ഫാമുകളിൽ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം കലർന്ന നുര പുറത്ത് നിലത്ത് വീണ് ചാവാൻ തുടങ്ങിയിരുന്നു. രോഗം ബാധിച്ച പത്ത് പന്നികളിൽ ഓരോന്ന് എന്ന കണക്കിലാണ് പന്നികൾ രോഗം ബാധിച്ച് ചാവുന്നത്. ഇതോടെയാണ് രാജ്യത്തെ കന്നുകാലി രോഗ വിദഗ്ധർ പ്രശ്നത്തെ ഗൌരവത്തോടെ കാണാൻ തുടങ്ങിയത്. നോർത്ത് ഹ്യാംഗ്യോങ് പ്രവിശ്യയിലും ഗ്യോങ്സോങിലും മുസാൻ കൌണ്ടികളിലും ചോങ്ദജിന്നിലും ഇത്തരത്തിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്. ഈ കേസുകളെല്ലാം അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

അണുനശീകരണം.. നിരീക്ഷണം
രോഗവ്യാപനം വേഗത്തിലായതോടെ എല്ലാ കന്നുകാലികളെയും അണുനശീകരണം നടത്തി നിരീക്ഷണത്തിൽ പാർപ്പിക്കാൻ ആവശ്യപ്പെട്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മെയ് ആറിന് ഉത്തരവിട്ടു. പ്രവിശ്യ, മുനിസിപ്പൽ, കൌണ്ടി എന്നിവിടങ്ങളിലെ അധികൃതരോട് മൃഗഡോക്ടർമാരുടെ നേതൃത്വത്തിൽ ഇത് നടപ്പിലാക്കാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്. അതിന് പുറമേ രോഗം ബാധിച്ച് ചത്തുവീണ എല്ലാ മൃഗങ്ങളെയും സംസ്കരിക്കാനും രോഗനിയന്ത്രണത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കിം ജോങ് ഉൻ ആവശ്യപ്പെട്ടതായി ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കൊറിയൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

ആഫ്രിക്കൻ സ്വൈൻ ഫീവർ
ആഫ്രിക്കൻ സ്വൈൻ ഫീവർ ഉൾപ്പെടെയുള്ള പകർച്ചാവ്യാധികൾ കന്നുകാലികളെ ബാധിക്കുന്നത് സാധാരണ ജലദോഷം പോലെ ആണെന്നാണ് കന്നുകാലികളെ ബാധിച്ച രോഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോടുള്ള കൊറിയയുടെ പ്രതികരണം. രോഗം ബാധിച്ച് ചത്ത കന്നുകാലികളെ ദഹിക്കിപ്പാനോ ജീവനോടെ സംസ്കരിക്കാനോ ആണ് ഉത്തരകൊറിയൻ ഭരണാധികാരിയുടെ ഉത്തരവെന്നാണ് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത്തരം നിർദേശങ്ങൾ അവഗണിക്കപ്പെടുന്നുണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം രോഗം ബാധിച്ച കന്നുകാലികളുടെ മാംസം ഉത്തരകൊറിയക്കാർ പ്രാദേശിക വിപണിയിൽ വിൽക്കുകയും വീടുകളിൽ പാചകം ചെയ്ത് കഴിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മുന്നറിയിപ്പ് കർശനം
രോഗം ബാധിച്ച പന്നികളുടെ ഇറച്ചി പാചകം ചെയ്ത് കഴിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തുടരുമെന്നാണ് ഉത്തരകൊറിയൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇതോടെ കന്നുകാലി കർഷകരെ നിരീക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച കന്നുകാലികളെ ജനങ്ങൾ പാചകം ചെയ്ത് ഭക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇവർക്കുള്ള ദൌത്യം. രോഗം ബാധിച്ച മൃഗങ്ങളെ കവർച്ച ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഡെയ് ലി എൻകെ റിപ്പോർട്ടിൽ പറയുന്നു.

നാശം വിതച്ച് പകർച്ചാവ്യാധി
ലോകത്ത് കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയയിൽ ഒറ്റ കേസുപോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ്. കന്നുകാലികളെ വ്യാപകമായി കൊന്നൊടുക്കിക്കൊണ്ട് പകർച്ചാവ്യാധി ഉടലെടുക്കുന്നത്. ലോകത്ത് 4 മില്യൺ പേരെ കൊറോണ വൈറസ് ബാധിച്ചിരിക്കെ ഒറ്റ കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയ ഉന്നയിക്കുന്ന വാദം. ചൈനയിൽ രോഗ വ്യാപനം ഉണ്ടായതോടെ ഏറ്റവും ആദ്യം അതിർത്തികൾ അടച്ചിട്ടത് ഉത്തരകൊറിയ ആയിരുന്നു. ഇതിന് പിന്നാലെ വിനോദസഞ്ചാരവും നിർത്തിവെച്ചിരുന്നു. ജനുവരി മൂന്നാം വാരത്തോടെയാണിതെന്നാണ് ബിബിസി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇപ്പോഴും രാജ്യത്ത് ഒറ്റ രോഗികളും ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉത്തരകൊറിയ.

ക്വാറന്റൈൻ സെന്റർ
കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവരെ പാർപ്പിക്കുന്നതിനായി ഉത്തരകൊറിയ വലിയ ക്വാറന്റൈൻ സെന്റർ തന്നെ ഒരുക്കിയതായാണ് ദക്ഷിണ കൊറിയൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ കിൽജു കൌണ്ടിയിലാണ് ഇതെന്നുമാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണിത്. പ്രവിശ്യാ തലസ്ഥാനമായ ചോങ്ജിന്നിലേക്ക് ചികിത്സയ്ക്കായി ആളുകളെ കൊണ്ടുപോകുന്നുണ്ടെന്നും ഡെയ് ലി എൻകെ റിപ്പോർട്ടിൽ പറയുന്നു. ഖനന മേഖലയായ കിൽജു ഗ്രാമത്തിൽ 40 ഓളം പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നതായും മെയ് 12ന് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്തിരുന്നു.