അമേരിക്കയല്ല, തോറ്റത് ഇസ്രായേല്‍; രണ്ടര കോടി ഡോളര്‍ ചെലവിട്ടിട്ടും ചിരിച്ചത് അബ്ദുല്‍ സായിദ്
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ആ പാര്‍ട്ടിയേക്കാള്‍ താല്‍പ്പര്യം ഇസ്രായേലിനായിരുന്നു. വിവിധ സംഘടനകള്‍ വഴി അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ സ്വാധീനമുറപ്പിക്കാന്‍ കോടികളാണ് ഒഴുക്കിയത്. മിഷിഗണില്‍ അബ്ദുല്‍ സാദിയിനെ തോല്‍പ്പിക്കാന്‍ മാത്രം രണ്ടര കോടി ഡോളര്‍ ചെലവിട്ടെന്ന് ഓപണ്‍ സീക്രട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ മികച്ച വിജയം നേടി അദ്ദേഹം അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററായി.
ഇല്ലിനോയ് സ്ഥാനാര്‍ഥി ഡാനിയല്‍ ബിസ് ജയിക്കരുത് എന്ന് ഇസ്രായേല്‍ അനുകൂലികള്‍ ആഗ്രഹിച്ചിരുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ 14 ലക്ഷം ഡോളര്‍ ചെലവിടുകയും ചെയ്തു. അവിടെയും ജനം വോട്ട് ചെയ്തത് ഇസ്രായേല്‍ പദ്ധതിക്ക് വിരുദ്ധമായിട്ടാണ്. മതത്തിനും വംശീയതയ്ക്കും അപ്പുറം ഇത്തവണ അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായത് ജീവിതച്ചെലവ് വര്‍ധിച്ചതും സാമ്പത്തിക അസമത്വവും ട്രംപിന്റെ കുടിയേറ്റ നയങ്ങളുമെല്ലാമാണ്.

ഇറാന്‍ യുദ്ധം തിരിച്ചടിയായി എന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഒടുവില്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. ട്രംപിന് അത് സമ്മതിക്കേണ്ടി വരികയും ചെയ്തു. പണച്ചാക്കുകളും വ്യാജ പ്രചാരണങ്ങളും ട്രംപിനെ സഹായിച്ചില്ലെന്ന് വേണം ഇതില്‍ നിന്നെല്ലാം മനസിലാക്കാന്‍. ജനങ്ങളുടെ പ്രതിസന്ധി പരഹിക്കുന്നതിന് പകരം ചര്‍ച്ച മറ്റു അനാവശ്യ വിഷയങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമം വിഫലമായതിന്റെ നേര്‍ചിത്രം കൂടിയാണ് അമേരിക്കയില്‍ കാണുന്നത്.
പ്രതിനിധി സഭയിയും സെനറ്റും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാകുന്ന തിരഞ്ഞെടുപ്പുകള്‍ സമീപകാലത്ത് അപൂര്‍വമാണ്. ഇനിയുള്ള ഭരണകാലത്ത് ട്രംപിന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റെ ഇരുസഭകളും കടക്കാന്‍ ട്രംപ് തന്ത്രങ്ങള്‍ വിയര്‍ക്കേണ്ടി വരും. ഇസ്രായേലിന് നിരുപാധിക പിന്തുണ നല്‍കാനും തടസങ്ങള്‍ നേരിടും. ഈ അവസ്ഥ ഇല്ലാതിരിക്കാനാണ് ഇസ്രായേല്‍ ശതകോടീശ്വരന്മാര്‍ പണം വാരിയെറിഞ്ഞത്.
കോടികള്‍ക്ക് അപ്പുറമാണ് ജനഹിതം
ഇടക്കാല തിരഞ്ഞെടുപ്പിന് 1190 കോടി ഡോളര്‍ ചെലവിട്ടു എന്നാണ് ഓപണ്‍ സീക്രട്ട്‌സിന്റെ കണക്ക്. പ്രധാന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് 167 കോടി ഡോളറാണ് വിവിധ സംഘടനകളും വ്യവസായികളും ചെലവാക്കിയത്. ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി 83 കോടിയും. ഇലോണ്‍ മസ്‌ക് മാത്രം 44 കോടി ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഫണ്ട് നല്‍കിയ വ്യക്തിയും മസ്‌ക് തന്നെ.
ഉലൈന്‍ കമ്പനിയുടെ മേധാവികള്‍ 15 കോടി നല്‍കി. ജെഫ്-ജനിന്‍ യാസ് ദമ്പതികള്‍ 11 കോടിയോളം ചെലവിട്ടു. മിരിയം അഡല്‍സണ്‍ 6.7 കോടി നല്‍കി എന്ന കണക്കും പുറത്തുവന്നു. ഇതിന് പുറമെയാണ് ഇസ്രായേല്‍ അനുകൂല സംഘടന ഐപാക് ഫണ്ട് നല്‍കിയും പ്രചാരണം കൊഴുപ്പിച്ചും സഹായിച്ചത്. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള മികച്ച ബന്ധം നിലനില്‍ക്കണം എങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്തമുണ്ടാകണം എന്ന് വിശ്വസിക്കുന്നവരാണ് ഇവരെല്ലാം.
പണവും കരുത്തുമെല്ലാം ജനഹിതത്തിന് മുന്നില്‍ തളര്‍ന്നു വീഴുന്ന കാഴ്ചയാണ് അമേരിക്കയില്‍. ലോക രാഷ്ട്രീയത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതും ഡോളര്‍ സൂചിക താഴ്ന്നതും ഓഹരി വിപണിയും സ്വര്‍ണവും കുതിച്ചതുമെല്ലാം സാമ്പത്തിക രംഗം സജീവമാകുമെന്ന സൂചന നല്‍കുന്നു. ട്രംപിന്റെ അഹങ്കാരത്തിന് അമേരിക്കന്‍ ജനത തന്നെ മറുപടി നല്‍കി എന്ന ആശ്വാസത്തിലാണ് ഇറാന്‍.


Click it and Unblock the Notifications
