സൗദി അറേബ്യ മാത്രമല്ല, റഷ്യയും പ്രതീക്ഷിച്ചില്ല; ആ നീക്കം ഇന്ത്യയുടെ തന്ത്രമാണോ, അതോ...
ലോകത്തെ പ്രധാന എണ്ണ ഉപഭോക്താക്കളാണ് ചൈനയും ഇന്ത്യയും. ജനസംഖ്യ കൂടുതലുള്ളതിനാല്‍ ഇരുരാജ്യങ്ങളുടെയും എണ്ണ ഉപയോഗവും കൂടുതലാണ്. മുന്‍നിര എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യയും റഷ്യയും പ്രധാനമായും നോട്ടമിട്ടിരുന്നത് ഈ രണ്ട് രാജ്യങ്ങളെ തന്നെയായിരുന്നു. വില കൂട്ടാനുള്ള സൗദിയുടെ തീരുമാനം വന്ന പിന്നാലെ ഇന്ത്യ നയം മാറ്റിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
സമീപ കാലം വരെ സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത്. ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യയെ സംബന്ധിച്ച് ഇന്ത്യ പ്രധാന വിപണിയായിരുന്നു. എന്നാല്‍ ഇറാഖിന്റെ വരവോടെ എല്ലാം മാറി. അമേരിക്കന്‍ സൈന്യം പിന്മാറുകയും ആഭ്യന്തര യുദ്ധം ഒഴിയുകയും ചെയ്തതോടെയാണ് ഇറാഖ് എണ്ണ വിപണിയില്‍ തിരിച്ചെത്തിയത്.

വന്‍തോതില്‍ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് ഇറാഖ്. സദ്ദാം ഹുസൈന്റെ കൈവശം മാരക ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് അമേരിക്കന്‍ സൈന്യം ഇറാഖ് അധിനിവേശം തുടങ്ങിയതോടെ ആ രാജ്യത്തിന്റെ സാമ്പത്തിക രംഗം കീഴ്‌മേല്‍ മറിഞ്ഞു. സദ്ദാം ഹുസൈനെ തൂക്കിലേറ്റുകയും ആഭ്യന്തര യുദ്ധം ഒഴിയുകയും ചെയ്തതോടെ ഇറാഖ് വന്‍തോതില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചു. ഫ്രാന്‍സും അമേരിക്കയും ഖത്തറുമടക്കം സഹായിക്കുകയും ചെയ്തു.
ഇതോടെ ഇന്ത്യ ഇറാഖില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തുടങ്ങി. സൗദിയേക്കാള്‍ വിലക്കുറവായിരുന്നു ഇറാഖിലെ എണ്ണയ്ക്ക്. സൗദി ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനിടെയാണ് റഷ്യ-യുക്രൈന്‍ യുദ്ധമുണ്ടായതും അമേരിക്കയും യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതും. എണ്ണ വില കുറച്ച് വിറ്റ് പണമുണ്ടാക്കി ഉപരോധം മറികടക്കുക എന്ന ലക്ഷ്യമായിരുന്നു റഷ്യയ്ക്ക്.
വില കുറച്ച് റഷ്യ എണ്ണ വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയും ചൈനയും റഷ്യയിലേക്ക് തിരിഞ്ഞു. വന്‍തോതില്‍ ഇറക്കുമതി ചെയ്ത എണ്ണ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തേക്ക് കയറ്റി അയക്കാനും തുടങ്ങി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റഷ്യയ്ക്കും ഇറാഖിനും പിന്നിലായി. എന്നാല്‍ പുതിയ വാര്‍ത്ത മറ്റൊന്നാണ്.
കൊവിഡ് കാലത്ത് ഉപയോഗം കുറഞ്ഞ വേളയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഇത് തങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്ന് മനസിലാക്കിയ സൗദി അറേബ്യ വില കൂട്ടുക എന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദനം കുറച്ചു. ഭാഗികമായി റഷ്യയും യോജിച്ചു. ഇതോടെ വിപണിയില്‍ വില കുതിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യയും ചൈനയും മറിച്ചാണ് തീരുമാനിച്ചത്.
ജൂലൈയിലെ കണക്ക് പ്രകാരം ഇന്ത്യ റഷ്യയില്‍ നിന്നും സൗദിയില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് കുറച്ചു. ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ അളവിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കിയത് എന്നാണ് ജൂലൈയിലെ ഡാറ്റ. രണ്ടര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവിലാണ് സൗദിയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയത്. ഇത്രയും വലിയ തോതില്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറയ്ക്കുമെന്ന് സൗദിയും റഷ്യയും പ്രതീക്ഷിച്ചിരുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. മൂന്നാമത് എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഈ രണ്ട് രാജ്യങ്ങളും ഇറക്കുമതി കുറച്ചതോടെ സൗദിയും റഷ്യയും കരുതിയ പോലെ എണ്ണവില കുതിച്ചുയര്‍ന്നില്ല. എങ്കിലും ബാരലിന് 75 ഡോളറില്‍ നിന്ന് 87 വരെ എത്തിക്കാന്‍ സാധിച്ചു. ബാരലിന് 100 ഡോളറെങ്കിലും എത്തണമെന്നാണ് സൗദിയുടെ താല്‍പ്പര്യം.
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ 5.2 ശതമാനം കുറവ് വന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മഴക്കാലമായതിനാല്‍ അറ്റക്കുറ്റ പണികള്‍ക്ക് എണ്ണ ശുദ്ധീകരണ ശാലകള്‍ പലതും അടച്ചിട്ടുണ്ട്. ഇതാകാം ഇറക്കുമതി കുറച്ചത് എന്നും സംശയിക്കുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ 5.7 ശതമാനമാണ് കുറച്ചത്. സൗദിയില്‍ നിന്നുള്ളത് 26 ശതമാനവും. അതേസമയം, ഇറാഖ്, യുഎഇ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications