സൗദി അറേബ്യയിലേക്ക് അല്ല, ഇന്ത്യ പോയത് മറ്റൊരു രാജ്യത്തേക്ക്, 17700 കി.മീ താണ്ടി, ക്രൂഡ് ഓയില്‍ ചെലവേറും
ദുബായ്: റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങിയാല്‍ ഉഗ്രന്‍ പണി തരുമെന്നാണ് അമേരിക്കയുടെ ഭീഷണി. നവംബര്‍ 21 മുതല്‍ അമേരിക്കയുടെ ഉപരോധ ഭീഷണി ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് മുകളിലുണ്ട്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നു എന്ന കാരണത്താലാണ് ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി റഷ്യയിലേക്ക് പോയത്. റഷ്യയുടെ എണ്ണ കൂടുതല്‍ വാങ്ങിയിരുന്നത് റിലയന്‍സ് ആയിരുന്നു.
അമേരിക്ക ഉപരോധ ഭീഷണി മുഴക്കിയതോടെ ഇന്ത്യന്‍ കമ്പനികള്‍ പിന്നാക്കം പോയി. പകരം എന്തു ചെയ്യുമെന്ന ചോദ്യവും ഉയര്‍ന്നു. എവിടെ നിന്നാണ് ക്രൂഡ് ഓയില്‍ കിട്ടുന്നത് അവിടെ പോയി വാങ്ങുമെന്നതാണ് ഇന്ത്യയുടെ പുതിയ നയം. അമേരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് മറ്റൊരു രാജ്യത്തേക്ക് ഇന്ത്യ എണ്ണ വാങ്ങാന്‍ പോയി എന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ഗയാനയിലേക്കാണ് ഇന്ത്യ കമ്പനികള്‍ എണ്ണ വാങ്ങാന്‍ പോയിരിക്കുന്നത്. 17700 കിലോമീറ്റര്‍ താണ്ടിയാണ് ഗയാനയില്‍ എത്തിയത്. രണ്ട് കൂറ്റന്‍ ക്രൂഡ് ടാങ്കറില്‍ എണ്ണ നിറച്ചു മടങ്ങുകയും ചെയ്തു. ഓരോ ടാങ്കറിലും 20 ലക്ഷം ബാരല്‍ വീതമാണ് വാങ്ങിയിരിക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2021ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഗയാനയില്‍ നിന്ന് എണ്ണ വാങ്ങുന്നത്.
2022 മുതലാണ് ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി റഷ്യയെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. അമേരിക്കയുടെ ഉപരോധം കാരണമായുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുകയായിരുന്നു. അവസരം മുതലെടുത്തത് ഇന്ത്യയും ചൈനയുമാണ്. ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് ഇറക്കുന്ന ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പിലേക്ക് അയച്ച് ലാഭം കൊയ്തു.
കോടികളുടെ കൈവിട്ട കളിയാണ്
ഓരോ ദിവസവും 17 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. അമേരിക്കയുടെ ഉപരോധം കാരണം ഇത് കുറഞ്ഞു. പകരം എണ്ണ എവിടെ നിന്ന് കിട്ടുമെന്ന് പരിശോധിക്കവെയാണ് ഗയാനയില്‍ എത്തിയത്. പതിവായി എണ്ണ വാങ്ങുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ഇന്ത്യ ആശ്രയിക്കുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന അളവ് കൂട്ടാനും ആലോചിക്കുന്നുണ്ട്.
ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില കുറഞ്ഞ് എവിടെ നിന്ന് കിട്ടുന്നോ അവിടെ നിന്ന് വാങ്ങുകയാണ് ഇന്ത്യയുടെ നയം. കൂടാതെ ആഭ്യന്തരമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇതിന് വേണ്ടി കോടികളാണ് ഇന്ത്യ ഓരോ വര്‍ഷവും ബജറ്റില്‍ വകയിരുത്തുന്നത്. എന്നാല്‍ സമ്പൂര്‍ണ ലക്ഷ്യം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, ഇന്ത്യന്‍ വിപണി പിടിക്കാന്‍ സൗദി അറേബ്യ ചില നീക്കങ്ങള്‍ നടത്തുമെന്നാണ് വിവരം. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില അല്‍പ്പം കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയെയും ചൈനയെയും ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് സൗദി നടത്തുന്നത്. സൗദി വില കുറച്ചാല്‍ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളും ക്രൂഡ് വില കുറയ്ക്കും. ഇത് ഇന്ത്യയ്ക്ക് നേട്ടമാകുകയും ചെയ്യും.












Click it and Unblock the Notifications