സൗദി അറേബ്യയും ഖത്തറും അല്ല; മറ്റു 2 രാജ്യങ്ങളുമായി ഇസ്രായേല്‍ സഖ്യത്തിന്, ഒരു നിബന്ധന
ടെല്‍ അവീവ്: സൗദി അറേബ്യയുമായി നയതന്ത്രം ബന്ധം സ്ഥാപിക്കാനുള്ള പദ്ധതി ഉടന്‍ നടക്കില്ലെന്ന് വ്യക്തമായതോടെ ഇസ്രായേല്‍ മറ്റൊരു നീക്കത്തിന്. പശ്ചിമേഷ്യയിലെ മറ്റു രണ്ട് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാണ് നീക്കം. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. അബ്രഹാം കരാര്‍ വിപുലീകരിക്കാനാണ് ഇസ്രായേലിന്റെ പദ്ധതി.
യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ അടുത്തിടെ നയതന്ത്ര കരാറുണ്ടാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയ്യെടുത്തായിരുന്നു ഈ കരാര്‍. സൗദി അറേബ്യയുമായി സഖ്യം ചേരാതെ മറ്റു രാജ്യങ്ങളുമായുള്ള കരാറില്‍ ഗുണമുണ്ടാകില്ലെന്ന് മനസിലാക്കിയാണ് സൗദിയുമായി കരാറിന് ശ്രമിച്ചത്. എന്നാല്‍ 2023ല്‍ എല്ലാം തകിടം മറിയുകയായിരുന്നു.

2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ഇതോടെ വലിയ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തി. ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രായേലുമായി സഖ്യം പാടില്ല എന്ന വികാരം അറബ് രാജ്യങ്ങളില്‍ ഉടലെടുത്തു. സൗദി അറേബ്യ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചു. പലസ്തീന്‍ രാജ്യം രൂപീകരിച്ചാല്‍ മാത്രമേ ഇസ്രായേലുമായി സഖ്യമുണ്ടാകൂ എന്ന് സൗദി വ്യക്തമാക്കുകയും ചെയ്തു. സമാന നിലപാടാണ് ഖത്തറിനും.
സിറിയ, ലബ്‌നാന്‍ സഖ്യത്തിന് ആലോചന
സിറിയ, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുമായി സഖ്യം ചേരാനാണ് ഇസ്രായേല്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഏറെ കാലമായി ഇസ്രായേലുമായി ശത്രുതയിലുള്ള രാജ്യങ്ങളാണ് രണ്ടും. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇറാനുമായി യുദ്ധമുണ്ടായ വേളയില്‍ ഇരുരാജ്യങ്ങളും ഇസ്രായേലിന് തടസം നിന്നില്ല എന്നതാണ് പുതിയ നിലപാടു മാറ്റം. ഇതിന് പിന്നാലെയാണ് ഇവരുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഇസ്രായേല്‍ ആലോചിക്കുന്നത്.
ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് സിറിയയും ലബ്‌നാനും. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും നേരത്തെ ഇസ്രായേലിന് എതിരായ നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഭരണമാറ്റം സംഭവിച്ചതോടെ സിറിയയുടെ നയം മാറി. ലബ്‌നാനിലെ ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടതോടെ അവരുടെ പ്രവര്‍ത്തനം നിര്‍ജീവമാണ് എന്നാണ് പറയപ്പെടുന്നത്.
ഗൊലാന്‍ കുന്നുകള്‍ പ്രധാന വിഷയം
സിറിയയുമായും ലബ്‌നാനുമായും സൗഹൃദം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉപാധിയോടെയുള്ള ചര്‍ച്ചയ്ക്ക് ഇല്ല എന്ന് ഇസ്രാേയല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ വ്യക്തമാക്കി. ഗൊലാന്‍ കുന്നുകള്‍ ഒരിക്കലും സിറിയക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗൊലാന്‍ കുന്നുകള്‍ സിറിയയുടേതാണെന്നും അത് ഇസ്രായേലിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നും സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2002ലെ അറബ് സമാധാന ധാരണ അടിസ്ഥാനമാക്കി മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അവര്‍ പറഞ്ഞു.
1967ല്‍ നടന്ന ആറ് ദിവസം നീണ്ട യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശമാണ് ഗൊലാന്‍ കുന്നുകള്‍. ഫലപുഷ്ടമായ മണ്ണാണ് ഇവിടെയുള്ളത്. മാത്രമല്ല, കുടിവെള്ളം യഥേഷ്ടമുണ്ട്. പശ്ചിമേഷ്യയിലെ മറ്റു മേഖലകളില്‍ നിന്ന് ഗൊലാന്‍ കുന്നിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. സൈനികമായി തന്ത്രപ്രധാന സ്ഥലമാണിത്. 1981ലാണ് ഈ പ്രദേശം തങ്ങളുടേതാണ് എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്ക ഇതിന് പിന്തുണ നല്‍കി. എന്നാല്‍ ലോക രാജ്യങ്ങള്‍ ഇസ്രായേലിന്റെ നടപടി അംഗീകരിച്ചിട്ടില്ല.












Click it and Unblock the Notifications