ഇന്ത്യന്‍ മുന്നേറ്റത്തില്‍ അമ്പരന്ന് യുഎഇ; ഏഷ്യയില്‍ ഒന്നാം സ്ഥാനം... എണ്ണയിലെ കുത്തക പിടിക്കുമോ?
ദുബായ്: ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളാണ് സൗദി അറേബ്യയും റഷ്യയും ഇറാഖും യുഎഇയുമെല്ലാം. എണ്ണയുടെ വില നിശ്ചയിക്കുന്നതും ഇവരാണ്. ഇവര്‍ കയറ്റി അയക്കുന്ന എണ്ണയെ ആശ്രയിച്ചാണ് ലോകം ചലിക്കുന്നത്. എന്നാല്‍ ഇവര്‍ മാത്രം വിചാരിച്ചാല്‍ ലോകം ചലിക്കില്ല. അതിന് പിന്നില്‍ മറ്റു ചില രാജ്യങ്ങളുമുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചൈനയും അമേരിക്കയുമെല്ലാം ഇന്ത്യയെ പോലെ തന്നെ എണ്ണ ഇറക്കുന്നുണ്ട്. എന്നാല്‍ എണ്ണ രാജ്യങ്ങളെ അമ്പരപ്പിക്കുന്ന നേട്ടമാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

അസംസ്‌കൃത എണ്ണയാണ് ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമെല്ലാം കയറ്റുമതി ചെയ്യുന്നത്. ഇവ ശുദ്ധീകരിക്കുന്നതിന് ലോകത്തെ പല രാജ്യങ്ങളിലും സൗകര്യമുണ്ട്. ഇത്തരത്തില്‍ ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിലാണ് ഇന്ത്യ ഏവരെയും അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയിരിക്കുന്നത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധീകരിച്ച എണ്ണ കയറ്റി അയക്കുന്നത് ഇന്ത്യയാണ്.
ഏഷ്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യയ്ക്ക് ലോകാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവുമുണ്ട്. അമേരിക്കയാണ് ആഗോള അടിസ്ഥാനത്തില്‍ മുന്നിലുള്ളത്. വേള്‍ഡ് ടോപ്പ് എക്‌പോര്‍ട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 7.85 ലക്ഷം കോടി രൂപയുടെ ശുദ്ധീകരിച്ച എണ്ണയാണ് 2022ല്‍ കയറ്റുമതി ചെയ്തത്. ആഗോള വിപണിയില്‍ ലഭ്യമാകുന്ന എണ്ണയുടെ 8.4 ശതമാനം വരുമിത്.
ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന മുന്നേറ്റമാണിത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമുള്ളത് ഇന്ത്യയിലാണ് എന്നതും ഇതോടൊപ്പം എടുത്തുപറയണം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജാംനഗര്‍ റിഫൈനറിയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല. 12.4 ലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും ശുദ്ധീകരിക്കാനുള്ള ശേഷി ഇവിടെയുണ്ട്.
സംസ്‌കരിച്ച എണ്ണ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. നെതര്‍ലാന്റ്‌സ്, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ആഗോള തലത്തിലുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന എണ്ണ ലോക വിപണിയിലെ 40 ശതമാനം വരും.
അതേസമയം, ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൡ നിന്നും ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നു. ഇത്തരത്തില്‍ ഇറക്കുന്ന എണ്ണ ശുദ്ധീകരിച്ചാണ് വിപണിയില്‍ ഉപയോഗിക്കുക. ആ രംഗത്താണ് ഇന്ത്യ മേല്‍ക്കൈ നേടുന്നത്.












Click it and Unblock the Notifications