കോടതിയില്‍ ജയിച്ചിട്ടും കാര്യമില്ല? ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുലാസില്‍
മെല്‍ബണ്‍: കോടതിയില്‍ വിജയിച്ചിട്ടും സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അനിശ്ചിതത്വത്തില്‍. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കിയെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് ജോക്കോവിച്ചിന്റെ ഭാവി തീരുമാനിക്കുക.
പ്രത്യേക അധികാരമുപയോഗിച്ച് രാജ്യത്തെ ഇമിഗ്രേഷന്‍ മന്ത്രിക്ക് താരത്തിന്റെ വിസ വീണ്ടും റദ്ദാക്കുന്നതിന് സാധിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദമുയര്‍ത്തിയതാണ് കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലാക്കിയത്. കോടതി ജോക്കോവിച്ചിന് അനുകൂലമായി വിധിച്ചാല്‍, ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വിസ രണ്ടാം തവണയും റദ്ദാക്കിയേക്കുമെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രെസിന്റെ അഭിഭാഷകര്‍ അവരുടെ സബ്മിഷനില്‍ പറഞ്ഞിരുന്നു.

കുടിയേറ്റ നിയമം സെക്ഷന്‍ 133 സി(3) പ്രകാരം ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കാന്‍ കുടിയേറ്റ നിയമത്തിലെ സെക്ഷന്‍ 133 സി(3) പ്രകാരം ഇമിഗ്രേഷന്‍ മന്ത്രിക്ക് അവകാശമുണ്ട്. അങ്ങനെ സംഭവിച്ചാല്‍, ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിടേണ്ടി വരും. സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയാലും ജനുവരി 11 നകം ജോക്കോവിച്ചിന് തന്റെ എന്‍ട്രി സംബന്ധിച്ച നടപടികള്‍ ടൂര്‍ണ്ണമെന്റ് സംഘാടകര്‍ക്ക് മുന്നില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വിസ വീണ്ടും റദ്ദാക്കിയാല്‍ ജോക്കോവിച്ചിനെ 3 വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നത് വിലക്കും. അതേസമയം എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്നായിരുന്നു ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയുടെ വിധി. വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞ് ഹോട്ടലിലേക്ക് മാറ്റിയത്. എന്നാല്‍ ജോക്കോവിച്ചിന് ഡിസംബറില്‍ കൊവിഡ് വന്നിരുന്നെന്നും ടൂര്‍ണ്ണമെന്റ് സംഘാടകര്‍ ഇളവ് അനുവദിച്ചിരുന്നെന്നും തെളിവ് സഹിതം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതനുസരിച്ചായിരുന്നു കോടതി വിധി. എന്നാല്‍ വിധി വന്ന ശേഷം ജോക്കോവിച്ചിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പിതാവ് സ്ര്ദാന്‍ ജോക്കോവിട്ട് പറയുന്നത്. സെര്‍ബിയന്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണമൊന്നും ഓസ്‌ട്രേലിയന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ജനുവരി 17 മുതല്‍ 30 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ ജോക്കോവിച്ചിന്റെ പങ്കാളിത്തം ഉറപ്പാക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയുമോ എന്ന് കണ്ടറിയണം. നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചാണ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം. വ്യാഴാഴ്ച മുതല്‍ ദീര്‍ഘകാല അഭയാര്‍ഥികള്‍ക്കൊപ്പം ഇമിഗ്രേഷന്‍ തടങ്കല്‍ ഹോട്ടലിലാണ് ജോക്കോവിച്ചിനെ പാര്‍പ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ഹിയറിംഗുകള്‍ക്കായി അഭിഭാഷകരുടെ ചേമ്പറില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു.












Click it and Unblock the Notifications