• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

  • By Desk

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണിപ്പോള്‍. ബാരലിന് 20 ഡോളര്‍ എന്ന നിലയിലാണ്് അമേരിക്കന്‍ ക്രൂഡിന്റെ വ്യാപാരം. എന്നാല്‍ ഇന്ത്യയില്‍ വില കുറഞ്ഞിട്ടില്ല. ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വില കുറയ്ക്കാതിരിക്കുന്നു. ബാരലിന് 140 ഡോളര്‍ വിലയുള്ളപ്പോള്‍ ഈടാക്കിയ തുക തന്നെയാണ് ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും വാങ്ങുന്നത്.

വില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ റിലയന്‍സ്. വന്‍ വിറ്റഴിക്കലിന് കമ്പനി ഒരുങ്ങുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സ്വപ്‌ന പദ്ധതികള്‍ തകിടംമറിഞ്ഞതോടെ നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്

17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്

17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നത്തെ എണ്ണ വ്യാപാരം. ആവശ്യക്കാര്‍ കുറഞ്ഞതാണ് എണ്ണ വിപണിയെ പ്രതിസന്ധിയിലാക്കിയ ഒരു കാര്യം. മറ്റൊന്ന്, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിപണി പോരാണ്. ഇതിന്റെ അനന്തര ഫലമായിട്ടാണ് വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്.

കൊറോണയും എണ്ണവിലയും

കൊറോണയും എണ്ണവിലയും

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകം മൊത്തമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അവസ്ഥയാണ്. പ്രധാന വിപണിയായ ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എണ്ണ വിപണിക്ക് തിരിച്ചടിയാണ്. ഗതാഗതം സ്തംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ സര്‍വീസുകളും കുറച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും നിയന്ത്രിച്ചു. ഇതോടെയാണ് എണ്ണ വില കുറയാന്‍ കാരണമായത്.

ഇന്നത്തെ വില

ഇന്നത്തെ വില

ബ്രെന്റ് ക്രൂഡിന് ഇന്നത്തെ വില ഒരു ബാരലിന് 23 ഡോളറാണ്. 2002 നവംബര്‍ 15ന് ശേഷം ഇത്രയും വില കുറയുന്നത് ആദ്യമായിട്ടാണ്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 20 ഡോളറില്‍ താഴെയാണ് വില ഈടാക്കുന്നത്. ഇത്രയും വില കുറയുന്നത് ചരിത്രമാണ്. പക്ഷേ ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞിട്ടില്ലെന്നത് വേറെ കാര്യം.

റഷ്യ-സൗദി പ്രശ്‌നം

റഷ്യ-സൗദി പ്രശ്‌നം

റഷ്യയും സൗദി അറേബ്യയും പോര് തുടരുകയാണ്. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തയ്യാറായിട്ടില്ല. റഷ്യ ആദ്യം കുറയ്ക്കട്ടെ എന്ന് അവര്‍ ആവശ്യപ്പെടുന്നു. റഷ്യയും തയ്യാറായിട്ടില്ല. പക്ഷേ, ആവശ്യക്കാര്‍ കുറയുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം കുറച്ചാല്‍ വിപണികള്‍ നഷ്ടമാകുമോ എന്നാണ് രണ്ട് രാജ്യങ്ങളുടെയും ഭയം. ഉല്‍പ്പാദനം പഴയപടി തുടര്‍ന്നതോടെ വില കുത്തനെ ഇടിയുകയും ചെയ്തു.

രാജ്യങ്ങള്‍ രണ്ട് തട്ടില്‍

രാജ്യങ്ങള്‍ രണ്ട് തട്ടില്‍

ലോകത്ത് എണ്ണ രാജ്യങ്ങള്‍ രണ്ട് തട്ടിലാണ്. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. സൗദിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ഈ രണ്ട് ശക്തികളുടെ അധികാര വടംവലിയും എണ്ണ വിലയെ ബാധിക്കുന്നു.

ഒരു വര്‍ഷ കരാര്‍

ഒരു വര്‍ഷ കരാര്‍

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കണമെന്നാണ് ഒപെക് രാജ്യങ്ങളുടെ ആവശ്യം. ആവശ്യക്കാരില്ലാതെ എന്തിന് പഴയ പോലെ ഉല്‍പ്പാദിപ്പിക്കുന്നു എന്ന് അവര്‍ ചോദിക്കുന്നു. പക്ഷേ, റഷ്യ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഒപെക് രാജ്യങ്ങളും കുറയ്ക്കാതെ ഉല്‍പ്പാദനം തുടരുകയാണ്. ഉല്‍പ്പാദനം കുറയ്ക്കുന്നതിന് ഈ വര്‍ഷത്തേക്ക് പ്രത്യേക കരാറുണ്ടാക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല.

സൗദിയുടെ ഭീഷണി

സൗദിയുടെ ഭീഷണി

ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടുമെന്ന് സൗദി പ്രഖ്യാപിച്ചതും വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ഉല്‍പ്പാദനം കൂട്ടുമെന്നാണ് സൗദി നേരത്തെ പ്രഖ്യാപിച്ചത്. അങ്ങനെ സംഭവിച്ചാല്‍ വിപണയിലേക്ക് കൂടുതല്‍ എണ്ണ എത്തും. വില വീണ്ടും ഇടിയും. എന്നാല്‍ ഇതിന്റെ നേട്ടം സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നതാണ് വസ്തുതത.

ഇന്ത്യയിലെ കാര്യം കഷ്ടമാണ്

ഇന്ത്യയിലെ കാര്യം കഷ്ടമാണ്

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കുറഞ്ഞിട്ടില്ല. തിങ്കളാഴ്ച വെറും 10 പൈസയാണ് കുറവ് വരുത്തിയത്. എല്ലാദിവസവും രാവിലെ ആറ് മണിക്കാണ് എണ്ണ കമ്പനികള്‍ ആ ദിവസത്തെ വില നിശ്ചയിക്കുക. വില കുറയ്ക്കാതെ ലാഭം കൊയ്യുകയാണ് കമ്പനികള്‍. എന്നാല്‍ ആവശ്യക്കാരില്ലാത്തതിനാല്‍ വന്‍ലാഭം കൊയ്യാനും സാധിക്കില്ല.

ഇത് ക്രൂരതയല്ലേ

ഇത് ക്രൂരതയല്ലേ

ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ മാറ്റമില്ലാതെ തുടരുകയാണ്. ദില്ലിയില്‍ പെട്രോളിന് 69.59 രൂപയാണ് ലിറ്ററിന് ഈടാക്കുന്നത്. ഡീസലിന് 62.29 രൂപയും. ആഗോള വിപണിയില്‍ 140 ഡോളര്‍ വില ഉണ്ടായിരുന്നപ്പോള്‍ ഈടാക്കിയ അതേ തുകയാണ് 20 ഡോളര്‍ എത്തിയപ്പോഴും ഇന്ത്യയിലെ എണ്ണ കമ്പനികള്‍ ഈടാക്കുന്നത്.

റിലയന്‍സിന്റെ കാര്യം

റിലയന്‍സിന്റെ കാര്യം

അതേസമയം, എണ്ണ വിപണിയില്‍ നിന്ന് സമീപ ഭാവിയിലൊന്നും ലാഭ പ്രതീക്ഷ ഇല്ലാത്തതിനാല്‍ റിലയന്‍സ് ഇന്റസ്ട്രീസ് വിറ്റഴിക്കലിന് ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിലേക്ക് ലോഡ് ചെയ്ത ക്രൂഡ് കാര്‍ഗോകള്‍ വിറ്റഴിക്കാനാണ് ആലോചന. അപൂര്‍വമായിട്ടേ ഇങ്ങനെ ചെയ്യാറുള്ളൂ. ക്രൂഡ് സംസ്‌കരണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വിറ്റഴിക്കുന്നത്.

ഗള്‍ഫിലെ കാര്‍ഗോകള്‍

ഗള്‍ഫിലെ കാര്‍ഗോകള്‍

ഗള്‍ഫില്‍ നിന്നുള്ള ക്രൂഡ് ആണ് വിറ്റഴിക്കാന്‍ റിലയന്‍സ് നോക്കുന്നത്. യുഎഇയുടെയും ഖത്തറിന്റെയും ക്രൂഡ് കാര്‍ഗോകള്‍ വില്‍ക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂഡ് സംസ്‌കരിച്ച് വിപണിയില്‍ എത്തിച്ചിട്ട് വാങ്ങാന്‍ ആളില്ല. ഈ സാഹചര്യത്തിലാണ് നഷ്ടം ഒഴിവാക്കാന്‍ നോക്കുന്നത്. എണ്ണ വിപണിയിലെ നാല് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അമേരിക്കയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുമെന്ന് ട്രംപ്; രണ്ടാഴ്ച കഷ്ടകാലം, ഇന്നലെ മാത്രം 518 മരണം

English summary
Oil Price Fall to 17-year low; Reliance seeks to sell MidEast crude cargoes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X