റഷ്യന്‍ ക്രൂഡ് ഓയിലിന് 'ചീപ്പ് റേറ്റ്': എന്നിട്ടും ലാഭം മൊത്തം അവർക്ക്, ജനങ്ങള്‍ക്ക് ഇല്ല, എന്തുകൊണ്ട്?
ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ താഴ്ന്നിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരു സമയത്ത് ബാരലിന് 70 ഡോളർ എന്ന നിരക്കിലേക്ക് വരെ എണ്ണ വില താഴ്ന്നിരുന്നു. മൂന്ന് വർഷത്തിനിടെ ആയിരുന്നു ഈ ഒരു നിരക്കിലേക്ക് എണ്ണ വില എത്തിയതോടെ. ഇതോടെ രാജ്യത്തും എണ്ണ വിലയില്‍ കുറവുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അത്തരം പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാത്തത് ഇപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്ത് കഴിഞ്ഞു. റഷ്യയിൽ നിന്ന് വളറെ കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വൻതോതിലുള്ള ലാഭമുണ്ടാകുന്നതെങ്കിലും അതിന്റെ ആനുകൂല്യം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ അഭിപ്രായപ്പെട്ടു. എണ്ണക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങി ഉയർന്ന നിരക്കിലാണ് സാധാരണക്കാർക്ക് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്നുള്ള നേട്ടം എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല എന്ന് മോദി സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് പറയണമെന്നും ടി എം സി രാജ്യസഭാ എം പി എക്‌സിലൂടെ ആവശ്യപ്പെട്ടു. "ഇന്ത്യയിലെ ഇന്ധന വിലയ്ക്ക് പിന്നിലെ അങ്ങേയറ്റം ലജ്ജാകരമായ സത്യം ഇതാണ്. 2022 ഫെബ്രുവരിയിൽ, യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. ഇതോടെ ബാരലിന് 60 ഡോളറിൽ താഴെ നിരക്കിൽ ക്രൂഡ് ഓയിൽ വിൽക്കാൻ റഷ്യ നിർബന്ധിതരായി," സാകേത് ഗോഖലെ പറഞ്ഞു.
"നിലവില്‍ റഷ്യൻ എണ്ണ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി ഇന്ത്യമാറി. കഴിഞ്ഞ 2.5 വർഷമായി റഷ്യയുടെ എണ്ണ വിപണി വിലയേക്കാൾ 25 - 50 ശതമാനം വിലക്കുറവിലാണ് ഇന്ത്യ വാങ്ങുന്നത്. എന്നാൽ ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്? യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ" എന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാനപരമായി, നമ്മള്‍ റഷ്യൻ എണ്ണ വെളുപ്പിക്കൽ നടത്തുകയാണ്. യൂറോപ്പിന് റഷ്യയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയില്‍ വാങ്ങാൻ കഴിയാത്തതിനാൽ, നമ്മള്‍ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുകയും പെട്രോളും ഡീസലും ശുദ്ധീകരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിൽക്കുകയും ചെയ്യുന്നു. ഇത് മോദിയുമായി വളരെ അടുപ്പമുള്ള കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സ്വകാര്യ പെട്രോളിയം കമ്പനികൾക്ക് അപ്രതീക്ഷിത ലാഭത്തിലേക്ക് നയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ സ്വന്തം താല്‍പര്യത്തിന് വേണ്ടിയാണെന്ന് മോദി സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ഇന്ത്യയുടെ സ്വാർത്ഥതാൽപ്പര്യമെന്നാൽ നമ്മുടെ ജനങ്ങളുടെ ക്ഷേമമാണോ അതോ സ്വകാര്യ പെട്രോളിയം കമ്പനികൾക്ക് കൂടുതൽ ലാഭം എന്നാണോ അർത്ഥമാക്കുന്നത്. വിലകുറഞ്ഞ റഷ്യൻ ഇറക്കുമതിയിൽ നിന്ന് ഒരു പ്രയോജനവും ലഭ്യമാക്കാതെ ഉയർന്ന ഇന്ധനവില നിലനിർത്തിക്കൊണ്ട് മോദി സർക്കാർ ഇന്ത്യൻ ജനതയെ കൊള്ളയടിക്കുന്നത് ലജ്ജാകരമായ കാര്യമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി.
അതേസമയം, സെപ്റ്റംബറിൽ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രതിദിനം 1.79 ദശലക്ഷം ബാരൽ (ബി പി ഡി) ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. അതായത് മൊത്തം എണ്ണ ഇറക്കുമതിയുടെ 38% വരും റഷ്യന്‍ ഇറക്കുമതി. ഓഗസ്റ്റിൽ ഇന്ത്യൻ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 36% ആയിരുന്നു.












Click it and Unblock the Notifications