വിസിറ്റ് വിസയില്‍ ഒമാന്‍ ജോലി വാഗ്ദാനം; സ്ത്രീകളെ ലേലം ചെയ്തു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
മസ്‌ക്കറ്റ്/കൊളംബോ: ഗള്‍ഫ് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു. സ്ത്രീകള്‍ക്ക് ഒമാനില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയില്‍ മസ്‌ക്കത്തിലെത്തിച്ചാണ് വഞ്ചിക്കുന്നത്. എത്തിയ ശേഷം സ്ത്രീകളെ ലേലം ചെയ്യുകയും സെക്‌സ് വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കും വിമാനത്താവളത്തിലെ ജോലിക്കാര്‍ക്കുമെല്ലാം ഈ സംഭവത്തില്‍ പങ്കുണ്ടെന്നാണ് വാര്‍ത്ത. വിശദമായ അന്വേഷണത്തിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പുറത്തുവന്ന വിവരങ്ങള്‍ ഇങ്ങനെ...

ശ്രീലങ്കയില്‍ നിന്നുള്ള ഒരുകൂട്ടം സ്ത്രീകളെയാണ് വഞ്ചിച്ചിരിക്കുന്നത്. മികച്ച ജോലി വാഗ്ദാനം ചെയ്താണ് സ്ത്രീകളെ ഒമാനിലെത്തിച്ചത്. ശേഷം ലേലം ചെയ്യുകയായിരുന്നുവത്രെ. ഇവരെ സെക്‌സ് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഉദ്യോഗസ്ഥര്‍, വിമാനത്താവളത്തിലെ ജോലിക്കാര്‍ തുടങ്ങി വലിയ റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് വാര്‍ത്ത. ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും ഗള്‍ഫിലെത്തിച്ച ശേഷമാണ് വഞ്ചിക്കപ്പെടുന്നതെന്ന് മന്ത്രി മനുഷ നനായക്കര പാര്‍ലമെന്റില്‍ പറഞ്ഞു. വ്യാജ ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ഇതിന് പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ നിന്നുള്ള യുവതികളെ ദുബായ് വഴിയാണ് ഒമാനിലെത്തിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ജോലിക്കെന്ന പേരില്‍ അയക്കുകയായിരുന്നു. ഇവരെ വില്‍ക്കുകയാണ് ചെയ്തതെന്ന് പിന്നീടാണ് അറിയുന്നത്. കടുത്ത പീഡനമാണ് ജോലി സ്ഥലത്ത് ഈ യുവതികള്‍ നേരിട്ടത്. എല്ലാവരും ലൈംഗിക പീഡനത്തിന് ഇരയായി.

നിരവധി യുവതികള്‍ സമാനമായ ആരോപണവുമായി രംഗത്തുവന്നതോടെ ഒമാനിലേക്ക് ടൂറിസ്റ്റ് വിസയില്‍ പോകുന്നത് തല്‍ക്കാലത്തേക്ക് നിരോധിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനുമതി നല്‍കുക. ഒമാനിലെ ശ്രീലങ്കന്‍ എംബസിയിലുള്ള ലേബര്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തു.

വീട്ടുജോലിക്കെന്ന പേരില്‍ ഒമാനിലെത്തിയ യുവതി നല്‍കിയ പരാതിയിലാണ് ലേബര്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തത്. ഒമാനിലെത്തിയ യുവതികള്‍ക്ക് കടുത്ത പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്ന് ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം അന്വേഷിക്കുന്നതിന് ഒമാനിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു ശ്രീലങ്ക. വ്യാജ ഏജന്റുമാരാണ് സ്ത്രീകളെ ജോലിക്കെന്ന പേരില്‍ അയക്കുന്നതത്രെ.

ശ്രീലങ്കയില്‍ നിന്നെത്തുന്ന യുവതികളെ വരിയായി നിര്‍ത്തിയ ശേഷം തരംതിരിക്കുകയാണ് ചെയ്യുന്നതത്രെ. അവരുടെ വയസ് ചോദിച്ച ശേഷമാണ് ഓരോ സംഘമായി തിരിക്കുന്നത്. ശേഷം വില്‍ക്കുകയാണ് ചെയ്യുക. പിന്നീട് ലൈംഗികമായി പീഡിപ്പിക്കും. ഇതിന്റെ വീഡിയോ എടുത്ത ശേഷം അശ്ലീല ചിത്രങ്ങളുടെ മാര്‍ക്കറ്റില്‍ വലിയ തുകയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് ഓഫീസര്‍ എസ്എസ്പി നിഹാല്‍ തല്‍ദുവ പറഞ്ഞു.

ഒമാനിലെ ശ്രീലങ്കന്‍ എംബസിയില്‍ പരാതിയുമായി നിരവധി യുവതികളാണ് എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 250ഓളം യുവതികളെ തിരിച്ച് ശ്രീലങ്കയില്‍ എത്തിച്ചു. അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) യുടെ സഹായവും ശ്രീലങ്ക തേടിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒട്ടേറെ വനിതകളാണ് ജോലി ചെയ്യുന്നത്. 15 ലക്ഷത്തോളം ശ്രീലങ്കക്കാര്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളാണ്.












Click it and Unblock the Notifications