പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാനക്കമ്പനി വരുന്നു... ചെലവ് കുറഞ്ഞ യാത്ര ലക്ഷ്യമിട്ട് ഒമാന്‍
മസ്‌ക്കത്ത്: ചെലവ് കുറഞ്ഞ ഗള്‍ഫ് യാത്ര എല്ലാ പ്രവാസികളുടെയും മോഹമാണ്. സീസണില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി ലാഭം കൊയ്യുന്ന വിമാന കമ്പനികള്‍ പ്രവാസികളുടെ പ്രതിഷേധത്തിന്റെ ചൂട് പലപ്പോഴും അറിഞ്ഞിട്ടുണ്ട്. എങ്കിലും നിരക്ക് കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകാറില്ല. അതിനിടെയാണ് കേരളത്തെയും യുഎഇയെയും ബന്ധിപ്പിച്ച് പാസഞ്ചര്‍ കപ്പല്‍ വരാന്‍ പോകുന്നത്.
കപ്പല്‍ വരുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാണെങ്കിലും ദിവസങ്ങള്‍ നീളുന്ന യാത്രയാകുമിത് എന്നതാണ് എടുത്തു പറയേണ്ടത്. ഇവിടെയാണ് പുതിയ വിമാന കമ്പനി വരുമെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാന കമ്പനിയാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. പുതിയ വിമാന കമ്പനിക്ക് തുടക്കമിടുന്ന ഒമാന് ഒട്ടേറെ മോഹങ്ങളുണ്ട്.

നിലവില്‍ ഒമാന് രണ്ട് വിമാന കമ്പനികളുണ്ട്. ഒമാന്‍ എയറും സലാം എയറും. ഇതിന് പുറമെയാണ് പുതിയ വിമാന കമ്പനി വരാന്‍ പോകുന്നത്. രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്പനി വരുന്നത്. നിരവധി തൊഴില്‍ അവസരങ്ങളും ഇതോടൊപ്പമുണ്ടാകും. ടൂറിസം, നിക്ഷേപ സാധ്യതകളും ഇതുവഴി ഒമാന്‍ പ്രതീക്ഷിക്കുന്നു.
ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ ഒമാന്‍ നേരത്തെ തീരുമാനിച്ചതാണ്. കൊവിഡിന് ശേഷം രാജ്യത്തെ ടൂറിസം രംഗത്തിന് ഉണര്‍വുണ്ടായിട്ടുണ്ട്. എങ്കിലും ലോകത്തെ പല മേഖലകളില്‍ നിന്നും ഒമാനെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിമാന കമ്പനി പദ്ധതിയിടുന്നത്.
ഒമാനിലെ വിമാനത്താവളങ്ങള്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറ് പുതിയ വിമാനത്താവളങ്ങള്‍ ഒരുക്കാനും ധാരണയായി. ഇതിനൊപ്പം ചെലവ് കുറഞ്ഞ യാത്ര ഉറപ്പ് നല്‍കുന്ന വിമാന കമ്പനി കൂടി എത്തിയാല്‍ യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്നാണ് ഭരണകൂടത്തിന്റെ വിശ്വാസം. ആഭ്യന്തര, വിദേശ സര്‍വീസുകള്‍ ഉള്‍പ്പെടുന്ന വിമാനക്കമ്പനിയാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉദ്ദേശിക്കുന്നത്.
പുതിയ ആറ് വിമാനത്താവളങ്ങള്‍ 2028-29 കാലത്ത് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ ഒമാന്‍ വ്യോമയാന അതോറിറ്റി മേധാവി നായിഫ് ബിന്‍ അലി അല്‍ അബ്രി പുതിയ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചിരുന്നു. പുതിയ വിമാനത്താവളങ്ങളുടെ രൂപകല്‍പ്പന സംബന്ധിച്ച നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആറ് വിമാനത്താവളങ്ങള്‍ കൂടി വരുന്നതോടെ ഒമാനിലെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും. ഇതോടെ ഏത് രാജ്യത്തിന്റെ ഭാഗത്തേക്കും വേഗത്തില്‍ എത്താന്‍ യാത്രക്കാര്‍ സാധിക്കും. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങി വിനോദ സഞ്ചാരികള്‍ കൂടുതലുള്ള എല്ലാ മേഖലകളില്‍ നിന്നും ഒമാനിലേക്ക് സര്‍വീസ് സാധ്യമാകും. നിലവില്‍ പ്രതിവര്‍ഷം 17 ദശലക്ഷം യാത്രക്കാരാണ് ഒമാനിലെത്തുന്നത്. 2040 ആകുമ്പോഴേക്കും 50 ദശലക്ഷത്തിലെത്തുകയാണ് ലക്ഷ്യം.












Click it and Unblock the Notifications