ഒമാനില്‍ പൗരത്വം ലഭിക്കാന്‍ എളുപ്പം; 300 പ്രവാസികള്‍ക്ക് പൗരത്വം കിട്ടി, നഷ്ടപ്പെടാനും ചില കാരണങ്ങള്‍
മസ്‌ക്കത്ത്: ഒമാനില്‍ 300 വിദേശികള്‍ക്ക് പൗരത്വം ലഭിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ വര്‍ഷം ഒമാന്‍ പൗരത്വം നല്‍കുന്ന ആദ്യ സംഘമാണ് ഈ 300 പേര്‍. ഒമാനില്‍ പൗരത്വം ലഭിക്കാന്‍ എന്തൊക്കെയാണ് മാര്‍ഗങ്ങള്‍ എന്ന ചോദ്യം ഈ ഘട്ടത്തില്‍ പ്രസക്തമാണ്. പൗരത്വം ലഭിക്കാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ഒമാനി പൗരത്വമുള്ള രക്ഷിതാവിന് ഒമാനിലോ പുറത്തോ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നിയമ പ്രകാരം ലഭിക്കും. രക്ഷിതാവ് ആരെന്ന് അറിയാതെ ഒമാനില്‍ ജനിക്കുന്ന കുഞ്ഞിനും പൗരത്വം കിട്ടും. ഒമാനി പൗരത്വം നഷ്ടപ്പെട്ട പിതാവിന് ഒമാനില്‍ ജനിക്കുന്ന കുഞ്ഞിനും പൗരത്വം ലഭിക്കാന്‍ തടസമുണ്ടാകില്ല. ഇതെല്ലാം സ്വാഭാവികമായി ഒമാനില്‍ പൗരത്വം ലഭിക്കുന്ന വഴികളാണ്. എന്നാല്‍ അല്ലാതെയും പൗരത്വം ലഭിക്കും.

വിദേശികള്‍ക്ക് ഒമാനിലെ പൗരത്വം ലഭിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാം. ഇവര്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അറബി സുഗമമായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം എന്നതാണ് ഒരു നിബന്ധന. 20 വര്‍ഷം ഒമാനില്‍ താമസിച്ചിരിക്കണം. ഒമാനി വനിതയെ വിവാഹം ചെയ്ത പുരുഷന്‍മാര്‍ക്ക് 10 വര്‍ഷം രാജ്യത്ത് താമസിച്ചാലും മതി എന്ന ഇളവുണ്ട്. കൂടാതെ സല്‍സ്വഭാവിയായിരിക്കണം. കൃത്യമായ വരുമാന മാര്‍ഗമുണ്ടായിരിക്കുകയും വേണം.
പൗരത്വം ലഭിച്ചാല്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി പ്രതിജ്ഞ എടുക്കണം. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിച്ചില്ലെങ്കിലും രാജകീയ ഉത്തരവിലൂടെ പൗരത്വം നല്‍കുന്ന രീതിയുമുണ്ട്. ഇത് അപൂര്‍വം ചിലരുടെ കാര്യത്തില്‍ മാത്രമാണ് സംഭവിക്കുക. ഒമാനി പൗരനെ വിവാഹം ചെയ്ത വിദേശ വനിത രാജ്യത്ത് അഞ്ച് വര്‍ഷം താമസിച്ചുകഴിഞ്ഞാല്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യയാണ്.
അതേസമയം, ഇരട്ട പൗരത്വം ഒമാന്‍ അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ ഇളവ് നല്‍കാന്‍ ഭരണകൂടത്തിന് അധികാരമുണ്ട്. അതേസമയം, ലഭിച്ച പൗരത്വം നഷ്ടപ്പെടുന്ന ചില സംഭവങ്ങളുമുണ്ട്. രണ്ട് രാജ്യങ്ങളില്‍ പൗരത്വമുണ്ട് എന്ന് തെളിഞ്ഞാല്‍ ഒമാന്റെ പൗരത്വം നഷ്ടപ്പെടും. മാത്രമല്ല, ഒമാനിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാലും പൗരത്വം നഷ്ടപ്പെടും.
വ്യാജ രേഖകള്‍ തയ്യാറാക്കി പൗരത്വം നേടി എന്ന് കണ്ടെത്തിയാലും തിരിച്ചടിയാകും. വിദേശ രാജ്യത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുക, ശത്രു രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നിങ്ങനെ കുറ്റങ്ങള്‍ തെളിഞ്ഞാലും ഒമാന്‍ പൗരത്വം നഷ്ടമാകും. ഗള്‍ഫ് രാജ്യമായ ഒമാനില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഒട്ടേറെ വിദേശികളുണ്ട്. രാജ്യത്തെ ജീവിത സാഹചര്യവും ജിസിസി രാജ്യങ്ങളില്‍ ലഭിക്കുന്ന ഇളവുകളും കണക്കിലെടുത്താണ് വിദേശികള്‍ പൗരത്വത്തിന് ശ്രമിക്കാറുള്ളത്.












Click it and Unblock the Notifications