'യുഎസിൽ നിർമ്മിക്കുന്ന ഐഫോൺ മാത്രം യുഎസിൽ വിറ്റാൽ മതി'; ആപ്പിളിനെതിരെ ഭീഷണിയുമായി ട്രംപ്
ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നതിനെതിരെ വീണ്ടും യുഎസ് പ്രസിഡന്‌റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിർമ്മിക്കുന്ന ഫോണുകൾ മാത്രം ഇവിടെ വിറ്റാൽ മതിയെന്നും അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്നതെങ്കിൽ 25 ശതമാനം തീരുവ ആപ്പിൾ നൽകമമെന്നും ട്രംപ് ഭീഷണിമുഴക്കി. ഇക്കാര്യം ആപ്പിൾ സിഇഒ ടിം കുക്കിനെ അറിയിച്ചതായും ട്രംപ് പറഞ്ഞു.
' ഞാൻ ആപ്പിൾ തലവൻ ടിം കുക്കിനോട് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്, യുഎസിൽ നിർമ്മിക്കുന്ന ഐഫോണുകൾ മാത്രം യുഎസിൽ വിറ്റാൽ മതിയെന്ന്. അല്ലാതെ ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ വിൽക്കാൻ അനുവദിക്കില്ല. ഇനി മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുന്ന ഐഫോണുകളാണ് ഇവിടെ വിൽക്കാൻ ഒരുങ്ങുന്നതെങ്കിൽ 25 ശതമാനം തീരുവ ഈടാക്കും', ട്രംപ് സോഷ്യലിൽ കുറിച്ചു.

ചൈനയ്ക്ക് പുറത്ത് മാർക്കറ്റ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലും ആപ്പിൾ നിർമ്മാണം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. നേരത്തേയും ഇന്ത്യയിൽ ആപ്പിൾ ഫോണുകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ആപ്പിൾ യുഎസിൽ സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്നില്ല. ചൈനയിലാണ് പ്രധാനമായും ഫോണുകൾ നിർമ്മിക്കുന്നത്. ഇന്ത്യയിലാകട്ടെ പ്രതിവർഷം 40 ദശലക്ഷം യൂണിറ്റുകൾ ചൈനയിൽ നിർമ്മിക്കുന്നുണ്ട്. ആപ്പിളിന്റെ വാർഷിക ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും വരും ഇത്.
ഖത്തറിൽ വെച്ചായിരുന്നു ട്രംപ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നതിനെതിരെ പ്രതികരിച്ചത്. ഇന്ത്യയെ നന്നാക്കണമെങ്കിൽ ഇന്ത്യയിൽ തന്നെ ഐഫോണുകൾ നിർമ്മിക്കുകയും വിൽക്കുകയും വേണം. മറിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾ ഇവിടെ വിൽക്കാൻ അനുവദിക്കില്ല എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
എന്നാൽ ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആപ്പിൾ അധികൃതരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികൾ തുടരുമെന്നും ഇന്ത്യയെ പ്രധാന ഉത്പാദന കേന്ദ്രമാക്കാൻ കമ്പനി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നായിരുന്നു ആപ്പിളിന്റെ ഉറപ്പ്.
ചിലവ് കുറഞ്ഞ ഉത്പാദനമാണ് ആപ്പിളിനെ ചൈനയിലേക്കും ഇന്ത്യയിലേക്കും ആകർഷിക്കുന്നത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടങ്ങളിൽ കുറഞ്ഞ ശമ്പളത്തിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കും. എന്നാൽ അമേരിക്കയിലെ നിർമ്മാണ ചെലവ് താരതമ്യേന വളരെ കൂടുതലാണ്.
ജൂൺ പാദത്തിൽ യുഎസിൽ വിൽക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവ ആയിരിക്കുമെന്ന് കുക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. പകരച്ചുങ്കത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലേക്കുള്ള ഐഫോൺ ഉത്പാദനം ചൈനയിൽ തന്നെ തുടരുമെന്നും കുക്ക് പറഞ്ഞിരുന്നു.












Click it and Unblock the Notifications