ആയിരത്തോളം പേര്‍ക്ക് ജോലി പോകും; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഈ ടെക് കമ്പനി: എഐയില്‍ നിക്ഷേപം
ടെക് മേഖലയിലെ പിരിച്ചുവിടലുകള്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഇടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കൂടുതലും വൈറ്റ് കോളര്‍ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. തൊഴില്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റമാണ് നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമായത്. സമീപകാലത്ത് ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളില്‍ മുന്നിലുള്ളത് ആമസോണാണ്. സങ്കീര്‍ണമായ ജോലികള്‍ പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയ്യുന്നതിനാല്‍ മനുഷ്യ വിഭവ ശേഷി കുറച്ചുകൊണ്ടുവരാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
ഇപ്പോഴിതാ, പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ ഒറാക്കിളും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തിനായി വന്‍ തുക ചെലവാക്കുന്നതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ബ്ലൂംബെര്‍ഗ് ന്യൂസാണ് പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ഓപ്പണ്‍എഐ, ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്.എഐ, മെറ്റ തുടങ്ങിയ കമ്പനികളുമായി ഒറാക്കിള്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുകയാണ്. ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കുന്നതിനായി വന്‍ തുകയ്ക്കാണ് ഈ കമ്പനികളുമായി ഒറാക്കിള്‍ കരാറില്‍ ഏര്‍പ്പെടുന്നത്. ഓപ്പണ്‍എഐയുമായി 300 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഈ വന്‍കിട നിക്ഷേപങ്ങള്‍ കമ്പനിയുടെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൂലധനച്ചെലവ് നേരത്തെ കണക്കാക്കിയതിനേക്കാള്‍ 15 ബില്യണ്‍ ഡോളര്‍ അധികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മൊത്തം നിക്ഷേപം ഏകദേശം 50 ബില്യണ്‍ ഡോളറിലെത്തും. ഈ സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ഈ മാസം തന്നെ വിവിധ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം ജീവനക്കാരെ ഒഴിവാക്കും.
എഐ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ പ്രാധാന്യം കുറയുന്ന തസ്തികകളിലാകും പ്രധാനമായും കൂട്ടപിരിച്ചുവിടല്‍ ഉണ്ടാകുക. നിലവില്‍ കമ്പനിയുടെ ക്ലൗഡ് വിഭാഗത്തില്‍ പുതിയ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പിരിച്ചുവിടല്‍ വാര്‍ത്തകളോട് കമ്പനി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം മെയിലെ കണക്കുകള്‍ പ്രകാരം ഏകദേശം 1,62,000 ജീവനക്കാരാണ് ഒറാക്കിളില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 15 ശതമാനത്തിലധികം ഇടിവ് സംഭവിച്ചിരുന്നു. ഇതുകൂടാതെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരുന്ന ചൊവ്വാഴ്ച കമ്പനി തങ്ങളുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിടാനിരിക്കെയാണ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിപണിയില്‍ ക്ലൗഡ് സേവന ദാതാവ് എന്ന നിലയില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ശ്രമിക്കുന്ന ഒറാക്കിളിന് സാമ്പത്തിക പ്രതിസന്ധി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.












Click it and Unblock the Notifications