ഓസ്‌കര്‍ 2025: ഒരുകാലത്ത് തരംഗം.. ഇന്ന് ചിത്രത്തിലേയില്ല! എമീലിയ പെരസിനും കാര്‍ലയ്ക്കും സംഭവിച്ചത്
കാന്‍ ചലചിത്രമേളയില്‍ പുരസ്‌കാരം, വിവിധ ചലച്ചിത്രമേളകളില്‍ അംഗീകാരം, പ്രശസ്തി. പിന്നെ ഓസ്‌കറില്‍ മത്സരിക്കാന്‍ 13 നാമനിര്‍ദേശം. ഇക്കുറി ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയ സിനിമ, ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയ ഇംഗ്ലീഷ് ഇതര ഭാഷാ സിനിമ. (ഇതിന് മുമ്പ് ഈ റെക്കോഡ് ക്രൗച്ചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, റോമ എന്നീ സിനിമകള്‍ക്ക് ആയിരുന്നു, പത്ത് വീതം നോമിനേഷന്‍). എമീലിയ പെരസ് കുറച്ച് നാള്‍ മുമ്പു വരെ തരംഗമായിരുന്നു.
മെക്‌സിക്കോയിലെ ലഹരിമരുന്ന് അധോലോകസംഘങ്ങളെ പറ്റി ഫ്രഞ്ച് സംവിധായകന്‍ എടുത്ത മ്യൂസിക്കല്‍, ഓസ്‌കറിലേക്ക് അടുക്കും നാളുകളില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സ്ഥിരം വാര്‍ത്തയായിരുന്നു. ഓസ്‌കര്‍ ആര്‍ക്കു കിട്ടുമെന്ന വാതുവെപ്പുകളിലെ പ്രധാന ഐറ്റം ആയിരുന്നു. ചരിത്രനേട്ടം എന്ന വാക്ക് പലകുറി എമീലിയ പെരസ് എന്ന ടൈറ്റിലിനോട് ചേര്‍ത്ത് വെക്കേണ്ടി വരുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.

പക്ഷേ ഇപ്പോള്‍ ഓസ്‌കര്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ എല്ലാം തകിടം മറിഞ്ഞ അവസ്ഥയാണ്. എമീലിയ പെരസോ മികച്ച നടിയാകാന്‍ നോമിനേഷന്‍ കിട്ടിയ ആദ്യ ട്രാന്‍സ് വ്യക്തിയായ കാര്‍ല സോഫിയ ഗാസ്‌കോണോ ചര്‍ച്ചകളില്‍ ഇല്ല. സഹനടിയാകാന്‍ മത്സരിക്കുന്ന സോയെ സല്‍ദനയെ മാത്രമാണ് പിന്നെയും ആളുകള്‍ ഓര്‍ക്കുന്നത്. പ്രശസ്തിയുടെ പരകോടിയില്‍ നിന്ന് അവഗണനയുടെ പടുകുഴിയിലേക്ക് ഇങ്ങനെയൊരു പതനം അധികം ചലച്ചിത്രങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.
അതിന് പ്രധാനമായും വഴി വെച്ചത് നായികയായ കാര്‍ലയുടെ സാമൂഹിക മാധ്യമങ്ങളിലെ ചില പറച്ചിലുകളും സംവിധായകന്‍ ഴാക് ഓഡിയയുടെ മെക്‌സിക്കോ ചിത്രീകരണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളുമാണ്. ഓസ്‌കറില്‍ നോമിനേഷന്‍ കിട്ടുന്ന ആദ്യ ട്രാന്‍സ് വ്യക്തി മാത്രമായിരുന്നില്ല കാര്‍ല. കാന്‍ ചലച്ചിത്മേളയില്‍ എമീലിയ പെരസിലെ താരങ്ങള്‍ മികച്ച അഭിനേത്രികളായി തെരഞ്ഞെടുക്കപ്പോള്‍ ആ അംഗീകാരം നേടുന്ന ആദ്യ ട്രാന്‍സ് വ്യക്തിയായിരുന്നു കാര്‍ല.
പുരസ്‌കാരം വാങ്ങിയ ശേഷം കാര്‍ല തന്റെ ചരിത്രനേട്ടം എല്ലാ ട്രാന്‍സ് വ്യക്തികള്‍ക്കുമാണ് സമര്‍പ്പിച്ചത്. സഹനത്തിലൂടെ കടന്നു പോകുന്ന അവര്‍ക്കായി പ്രതീക്ഷയുടെ വാക്കുകളും കാര്‍ല പങ്കുവെട്ടു. നമുക്കെല്ലാവര്‍ക്കും നല്ല മാറ്റത്തിനുള്ള അവസരം കിട്ടും, കൂടുതല്‍ നല്ല വ്യക്തികളായി മാറാന്‍. കാര്‍ലക്ക് അന്ന് ലോകം കയ്യടിച്ചു. സമൂഹത്തിന്റെ അവഗണനയും ഒറ്റപ്പെടുത്തലും നേരിട്ട് ജീവിതത്തില്‍ പോരാടുന്നവര്‍ക്ക് കാര്‍ല നല്ല മാതൃകയായി വാഴ്ത്തപ്പെട്ടു.
പക്ഷേ കാര്‍ലയുടെ പണ്ടത്തെ ചില സാമൂഹിക മാധ്യമ പോസ്റ്റുകള്‍ പുറത്തുവന്നതോടെ കളം മാറി. മുസ്ലീങ്ങളെ പറ്റിയും കറുത്ത വംശജരെ പറ്റിയും ചൈനക്കാരെ പറ്റിയും കറുത്ത വംശജരും ഏഷ്യന്‍ വംശജരും ഓസ്‌കര്‍ വേദിയിലെത്തിയതിനെ പറ്റിയുമെല്ലാം കാര്‍ല പറഞ്ഞതില്‍ വിദ്വേഷത്തിന്റെ കനലുകളുണ്ടായിരുന്നു. വെറുപ്പിന്റെ അലകളുണ്ടായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ നേരിടുന്ന അവഗണനയേയും മുന്‍വിധികളെയും ഒക്കെ പറ്റി വാചാലയായ കാര്‍ലയുടെ ഉള്ളില്‍ ഇത്രയും വെറുപ്പും വിദ്വേഷവും ഉണ്ടായിരുന്നെന്ന് സാമൂഹിക മാധ്യമങ്ങളിലെ ആ പഴയ പോസ്റ്റുകള്‍ വെളിപ്പെടുത്തി. മാനവികതയുടെ മേല്‍ പടര്‍ന്നു വ്യാപിക്കുന്ന പകര്‍ച്ചവ്യാധിയെന്നാണ് മുസ്ലീങ്ങളെ പറ്റി കാര്‍ല പറഞ്ഞത്. ചൈനയുടെ വാക്‌സീന്‍ എത്തുക രണ്ട് സ്പ്രിങ് റോളുകളും ചിപ്പുമൊത്താണെന്ന് പരിഹാസം.
(ലോകമെമ്പാടും കറുത്ത വംശജരുടെ അവകാശങ്ങള്‍ ഓര്‍പ്പെടുത്തിയുള്ള പ്രക്ഷോഭജ്വാലക്ക് തിരി കൊളുത്തിക്കൊണ്ട് ) പൊലീസ് അതിക്രമത്തില്‍ മരിച്ചു പോയ ജോര്‍ജ് ഫ്‌ലോയ്ഡിനെ കാര്‍ല വിശേഷിപ്പിച്ചത് ലഹരിക്കടിമയായ വഞ്ചകനെന്നാണ്. 2021ലെ ഓസ്‌കര്‍ വേദിയെ വിവിധ വംശജരുടെ സംഗമവേദിയായാണ് നിരൂപകര്‍ വാഴ്ത്തിയത്. മിനാരിയിലൂടെയും നൊമാഡ് ലാന്‍ഡിലൂടെയും മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടത്തിലൂടെയുമെല്ലാം ചൈനീസ്, കൊറിയന്‍, ആഫ്രിക്കന്‍ വംശജര്‍ പുരസ്‌കാരനേട്ടം സ്വന്തമാക്കിയ ചരിത്രവേദി.
പക്ഷേ കാര്‍ല അത് കണ്ടത് ആഫ്രോ കൊറിയന്‍ മേളയാണോ കറുത്ത വംശജരുടെ പോരാട്ടവേദിയാണോ ഫെമിനിസ്റ്റ് സമരവേദിയാണോ എന്ന സംശയത്തോടെയാണ്. എന്തായാലും കാര്‍ലയുടെ നിലപാടുകള്‍ സ്വാഭാവികമായും വിമര്‍ശിക്കപ്പെട്ടു. മുന്‍വിധികളെ നേരിട്ടെന്ന് അഭിമാനം കൊള്ളുന്ന താരത്തിന്റെ വംശീയവെറി അംഗീകരിക്കപ്പെട്ടില്ല. വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പറഞ്ഞ് തന്നെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയാണെന്നും കാര്‍ല പറഞ്ഞെങ്കിലും അത് കാര്യമായി വ്യത്യാസം ഉണ്ടാക്കിയില്ല. നിറത്തിന്റെ പേരില്‍ എടുത്തെറിയപ്പെടുന്നവര്‍ക്കൊപ്പമെന്ന പറച്ചിലും ഏറ്റില്ല. പിന്നാലെ കാര്‍ല പുരസ്‌കാരവേദികളിലോ സിനിമാചര്‍ച്ചവേദികളിലോ വരാതെയായി. കാര്‍ലയുടെ സാന്നിധ്യം സിനിമയെ തന്നെ അരികിലേക്ക് മാറ്റിനിര്‍ത്തി.
ഇതിനൊപ്പമാണ് മെക്‌സിക്കോയെ ചിത്രീകരിച്ച രീതിയെ പറ്റി അന്നാട്ടിലുള്ളവര്‍ക്കുള്ള അതൃപ്തിയും പരാതിയും. മെക്‌സിക്കോ കാര്യമായി കാണാതെ പഠിക്കാതെ പാരീസിന് തൊട്ടപ്പുറത്തുള്ള സ്റ്റുഡിയോയില്‍ മെക്‌സിക്കോക്കാരല്ലാത്ത താരങ്ങളെ വെച്ച് ഫ്രഞ്ചുകാരനായ സംവിധായകന്‍ സിനിമയെടുത്തിട്ട് മെക്‌സിക്കോയെ അധോലോക കേന്ദ്രമായി അവതരിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം.
ഴാക് ഓഡിയക്ക് മതിയായ വിശദീകരണവും ഉണ്ടായിരുന്നില്ല. ട്രാന്‍സ്‌ജെന്‍ഡറുകളെ അവതരിപ്പിച്ച രീതിയെ കുറിച്ചും വിമര്‍ശനമുയര്‍ന്നു. നിരവധി സംഘടനകളാണ് പ്രതിഷേധമറിയിച്ചത്. വൈറ്റ് അക്കാദമി എന്ന പേരുദോഷം മാറ്റി ഇന്‍ക്ലൂസീവ് ആകാന്‍ അക്കാദമി പാടുപെടുമ്പോളാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയ സിനിമയുടെ പേരില്‍ ഈ ജഗപൊഗ. എമീലിയ പെരസ് വെറുതെയല്ല, പിന്നാമ്പുറത്തേക്ക് ഒതുങ്ങിയതും അതിന്റെ സാധ്യതകള്‍ ചുരുങ്ങിയതും.












Click it and Unblock the Notifications