'ഞാന്‍ കുടിയേറ്റക്കാരുടെ അഭിമാനിയായ കുട്ടി' ഓസ്‌കർ വേദിയില്‍ ട്രംപിന് പരോക്ഷ വിമർശനവുമായി സോയി സല്‍ദാന
കാലിഫോർണിയ: ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിന് 97-ാമത് ഓസ്‌കർ അവാർഡ് പ്രഖ്യാപന വേദിയിലും വിമർശനം. മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ സോയി സല്‍ദാനയാണ് ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി മുന്നോട്ട് വന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഷാ നയത്തിനെതിരേയും അവർ വിമർശനം ഉയർത്തി.
'കുടിയേറ്റ മാതാപിതാക്കളുടെ അഭിമാനിയായ കുട്ടി'യാണ് താനെന്നായിരുന്നു സോയി സല്‍ദാനയുടെ പ്രതികരണം. 'എന്റെ മുത്തശ്ശി 1961-ൽ ഈ രാജ്യത്തേക്ക് വന്നു. കുടിയേറ്റ മാതാപിതാക്കളുടെ അഭിമാനിയായ ഒരു കുട്ടിയാണ് ഞാൻ. സ്വപ്നങ്ങളും അന്തസ്സും കഠിനാധ്വാനികളുടെ കൈകളുമുള്ളയാളാണ് ഞാൻ. അക്കാദമി അവാർഡ് സ്വീകരിക്കുന്ന ഡൊമിനിക്കൻ വംശജനായ ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാൻ. ഞാൻ അവസാനത്തെ ആളായിരിക്കില്ലെന്ന് എനിക്കറിയാം' സൽദാന പറഞ്ഞു.

'എന്റെ അമ്മ ഇവിടെയുണ്ട്. എന്റെ കുടുംബം മുഴുവൻ ഇവിടെയുണ്ട്. ഈ നേട്ടത്തില്‍ ഞാൻ അഭിമാനിക്കുന്നു. റീത്തയെപ്പോലുള്ള ഒരു സ്ത്രീയിലെ നിശബ്ദ വീരത്വത്തെയും ശക്തിയെയും തിരിച്ചറിഞ്ഞതിനും ശക്തരായ സ്ത്രീകളെക്കുറിച്ച് സംസാരിച്ചതിനും അക്കാദമിക്ക് നന്ദി. എന്റെ സഹ നോമിനികളേ, നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും ഒരു യഥാർത്ഥ സമ്മാനമാണ്, ഞാൻ അത് മുന്നോട്ട് കൊണ്ടുപോകും' സോയി സല്‍ദാന പറഞ്ഞു.
തന്‍റെ ഭാഷ സ്പാനീഷ് ആണെന്നും അവതാർ അടക്കമുള്ള ചിത്രങ്ങളിലെ താരമായ നടി വ്യക്തമാക്കി. എമിലിയ പെരെസിലെ മികച്ച സഹനടിക്കുള്ള ആദ്യ അക്കാദമി അവാർഡ് ഡാ'വൈൻ ജോയ് റാൻഡോൾഫിൽ നിന്നും ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു സദസിന്റെ കൈയ്യടി നേടിയ പ്രതികരണം സോയി സല്‍ദാന നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനധികൃത കുടിയേറ്റം തടയുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം അതിനായി നിരവധി ശ്രമങ്ങൾ നടത്തി വരികയുമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ ട്രംപ് സൈനിക വിമാനങ്ങളില്‍ നാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഇംഗ്ലീഷിനെ യുഎസിന്റെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസമായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. ഫെഡറൽ ഫണ്ടിംഗ് ലഭിക്കുന്ന സർക്കാരും സംഘടനകളും ഇംഗ്ലീഷ് ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് സഹായം നൽകണമെന്ന മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റന്‍റെ ഉത്തരവ് ഇതോടെ റദ്ദാകുകയും ചെയ്തു. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയെങ്കിലും രേഖകളും സേവനങ്ങളും മറ്റ് ഭാഷകളിൽ തന്നെ തുടരണോ അതോ ഇംഗ്ലീഷിൽ വേണമോയെന്നത് അതത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും പുതിയ ഉത്തരവ് പറയുന്നു.












Click it and Unblock the Notifications