ഓസ്കർ വേദിയില്‍ യുഎസിനും ഇസ്രായേലിനും വിമർശനം: സധൈര്യം 'നോ അദര്‍ ലാന്‍ഡ്' ന്റെ സംവിധായകർ
പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയത്തെ വിമർശിച്ച് 97-ാമത് ഓസ്‌കർ വേദിയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള (ഫീച്ചർ) പുരസ്കാരം നേടിയ 'നോ അദര്‍ ലാന്‍ഡ്' ന്റെ സംവിധായകർ. അധിനിവേശ വെസ്റ്റ് ബാങ്ക് പശ്ചാത്തലമാക്കി ഒരുക്കിയ 'നോ അദർ ലാൻഡ്' ന്റെ സംവിധായകർ പലസ്തീന്‍കാരായ ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, ഇസ്രായേലുകാരായ യുവാൽ എബ്രഹാം, റേച്ചൽ സോറുമാണ്. പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ അദ്രയും എബ്രഹാമും നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ വിമർശനം ഉയർത്തിയത്.
ഗാസയും അവിടുത്തെ ജനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കിയ എബ്രഹാം ഒക്ടോബർ 7 ന് ബന്ദിയിലാക്കപ്പെട്ട ഇസ്രായേലികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പാലസ്തീനികളും ഇസ്രായേലികളും ചേർന്നാണ് ഈ സിനിമ സൃഷ്ടിച്ചത്. ഞങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ ഞങ്ങളുടെ ശബ്ദം കൂടുതല്‍ ശക്തമാകുന്നു. ഇസ്രായേൽ സൈനിക ഭരണത്തിന് കീഴിയില്‍ പലസ്തീന്‍കാരനായ അദ്രയും ഇസ്രായേലി പൗരനായ ഞാനും ജീവിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ചും എബ്രഹാം പരാമർശിച്ചു.

ബാസൽ അദ്ര എന്റെ സഹോദരനാണ്. എന്നാല്‍ ഞങ്ങള്‍ തുല്യരല്ല. സിവിലിയൻ നിയമപ്രകാരം ഞാൻ സ്വതന്ത്രനായ ഒരു ഭരണകൂടത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ അദ്ര സൈനിക നിയമങ്ങൾക്ക് കീഴിലാണ്. അത് അവന്റെ ജീവിതം നശിപ്പിക്കുന്നു. ഇവിടെ പ്രശ്ന പരിഹാരത്തിന് വ്യത്യസ്തമായ ഒരു പാതയുണ്ട്, വംശീയ മേധാവിത്വമില്ലാത്ത ഒരു രാഷ്ട്രീയ പരിഹാരം. അത് രണ്ടു പേരുടേയും രാഷ്ട്രങ്ങള്‍ക്കുള്ള അവകാശമാണ്.
ഞാന്‍ ഇപ്പോള്‍ അമേരിക്കയില്‍ ആയതിനാല്‍ ഈ രാജ്യത്തിന്റെ വിദേശ നയം ആ രാഷ്ട്രീയ പരിഹാരത്തിന് തടസ്സമാകുമെന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെ. ബാസൽ അദ്രയുടെ ആളുകളും സുരക്ഷിതരായിരിക്കുമ്പോള്‍ മാത്രമേ ഞങ്ങളും സുരക്ഷിതരാകുന്നുള്ളു. ജീവിതത്തില്‍ ഒരുപാട് വഴികളുണ്ട്. പക്ഷെ ഒന്ന് നമ്മള്‍ തീർച്ചയായും തിരഞ്ഞെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം,വെസ്റ്റ് ബാങ്കില്‍നിന്ന് പലസതീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്ന ഇസ്രയേലിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ബാസല്‍ അദ്രയും ആവശ്യപ്പെട്ടു. ഞാനൊരു പിതാവാകുന്നത് രണ്ട് മാസം മുമ്പാണ്. ഞാനിപ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികളൊന്നും എന്റെ മകള്‍ അനുഭവിക്കാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. കുടിയേറ്റക്കാരില്‍ നിന്നുണ്ടാകുന്ന അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ തുടങ്ങിയ ഭയത്തിലാണ് എപ്പോഴും മസാഫര്‍ യാട്ടയിലെ ജനങ്ങള്‍. ഇസ്രായേലിന്റെ ബലം പ്രയോഗിച്ചുള്ള കടന്ന് കയറ്റമാണ് എല്ലാ ദിവസവും അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പലസ്തീനുകളുടെ ചെറുത്തുനില്‍പ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ചിത്രത്തിന് ഒസ്കാർ പുരസ്കാരം ലഭിച്ചത് തികച്ചും യാദൃശ്ചികമായിരുന്നു. ചിത്രം അമേരിക്കയിലെ തിയറ്റുകറിലെത്തിക്കാന്‍ ഒരു വിതരണക്കാരനേയും ലഭിച്ചിരുന്നില്ല. സംവിധായകരിലൊരാളായ ബാസെല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റം മൂലം ജന്മനാടായ മസാഫര്‍ യാട്ടക്ക് നേരിടേണ്ടി വന്ന തകർച്ചയാണ് 'നോ അദര്‍ ലാന്‍ഡി'ലൂടെ സംവിധായകർ വരച്ചുകാട്ടുന്നത്. 2024-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും 'നോ അദര്‍ ലാന്‍ഡ്' തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications