'മാപ്പ്... ഓസ്‌കാർ ചടങ്ങിലെ തല്ല്: ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തി അക്കാദമി
ലോസ്ആഞ്ചലസ്: ഓസ്കര്‍ പുരസ്കാര ചടങ്ങിലെ കരണത്തടിച്ച സംഭവത്തിൽ അവതാരകനും ഹാസ്യ നടനുമായ ക്രിസ് റോക്കിനോട് അക്കാദമി മാപ്പ് പറഞ്ഞു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസാണ് മാപ്പ് പറഞ്ഞത്. ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവം വിശദമായി വിലയിരുത്തി. വിവാദപരമായ വിഷയം അക്കാദമി അവാർഡുകളുടെ ചരിത്രത്തിൽ ലജ്ജാകരം ആണെന്നും അക്കാദമി പറഞ്ഞു.
സംഭവം നടന്ന് 5 ദിവസങ്ങൾ പിന്നിടുമ്പോഴാണ് അക്കാദമി പ്രതികരിച്ചത്. ക്രിസ് റോക്കിനോട് മാപ്പ് അറിയിച്ച് പ്രസ്താവ പുറത്ത് വിട്ടു. ഈ പ്രസ്താവയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

94-ാമത് അക്കാദമി അവാർഡിലായിരുന്നു വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവാർഡ് ദാന ചടങ്ങ്. ചടങ്ങിൽ 'കിംഗ് റിച്ചാർഡി'ലെ എന്ന ചിത്രത്തിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാർ ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്രിസ് റോക്കിനെ വേദിയിൽ കയറി വിൽ സ്മിത്ത് അടിക്കുകയായിരുന്നു.
മിസ്റ്റർ റോക്ക്, അക്കാദമിയുടെ വേദിയിൽ നിങ്ങൾ അനുഭവിച്ചതിന് അക്കാദമി ക്ഷമ ചോദിക്കുന്നു. ആ നിമിഷത്തിൽ തിരിച്ച് പ്രതികരിക്കാത്ത നിങ്ങളുടെ സഹിഷ്ണുതയ്ക്ക് അക്കാദമി നന്ദി പറയുന്നു - എന്നാണ് പുറത്ത് വിട്ട് പ്രസ്താവനയിൽ അക്കാദമി വ്യക്തമാക്കിയത്. അതേസമയം, ഇക്കഴിഞ്ഞ ദിവസം മറ്റൊരു പ്രസ്താവന അക്കാദമി പുറത്ത് വിട്ടിരുന്നു. ഓസ്‌കർ ചടങ്ങിനിടെ ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവത്തിൽ സ്മിത്തിനെതിരെ നടപടി ഉണ്ടാകും എന്നായിരുന്നു അക്കാദമിയുടെ പ്രസ്താവന. ഹോളിവുഡ് നടന്റെ നടപടികളെ അപലപിച്ചാണ് അക്കാദമി രംഗത്ത് എത്തിയിരുന്നത്.
"അവാർഡ് ചടങ്ങിൽ മിസ്റ്റർ സ്മിത്തിന്റെ പ്രവൃത്തിയെ അക്കാദമി അപലപിക്കുന്നു. അക്കാദമി സംഭവത്തെ കുറിച്ച് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലിഫോർണിയ നിയമം പ്രകാരം തുടർ നടപടികൾ ഉണ്ടാകും. ഒരാൾക്ക് മേലെ ഉണ്ടാകുന്ന ശാരീരിക പെരുമാറ്റം സ്വീകാര്യമായ പെരുമാറ്റ രീതിയായി തോന്നുന്നില്ല' - അക്കാദമി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്മിത്തിന്റെ ഈ പെരുമാറ്റത്തിൽ അദ്ദേഹത്തിന് ലഭിച്ച ഓസ്‌കാർ നഷ്‌ടപ്പെടുമോ എന്ന് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, സംഭവത്തിൽ പ്രതികരിച്ച് അക്കാദമിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ സേവനമനുഷ്ഠിക്കുന്ന നടി ഹൂപ്പി ഗോൾഡ് ബെർഗ് രംഗത്ത് എത്തിയിരുന്നു. സ്മിത്തിൽ നിന്ന് ആ ഓസ്‌കർ തിരികെ വാങ്ങാൻ പോകുന്നില്ല.
എന്നാൽ, സ്മിത്തിന് എതിരെ നടപടി ഉണ്ടാകും. ഇക്കാര്യം ഉറപ്പാണെന്നും ഹൂപ്പി ഗോൾഡ് ബെർഗ് വ്യക്തമാക്കിയിരുന്നു. അതേസമയം, ഹാസ്യ നടനായ ക്രിസ് റോക്കിനെ വേദിയിൽ കയറി തല്ലിയ സംഭവത്തിൽ സ്മിത്ത് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സിനോടും അദ്ദേഹം ക്ഷമാപണം നടത്തി.
സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് വേദിയിൽ തമാശ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ക്രിസ് റോക്കിനെ വേദിയിൽ കയറി സ്മിത്ത് തല്ലിയത്. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയിരുന്നത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. റോക്കിന്റെ ഈ തമാശയിലാണ് സ്മിത്ത് പ്രകോപിതൻ ആയത്. അതേസമയം, ചടങ്ങിൽ എത്തിയ പ്രേക്ഷകരെ സംഭവം ഞെട്ടിച്ചിരുന്നു.












Click it and Unblock the Notifications