ഐസിസില്‍ നിന്ന് തിരിച്ച് പിടിച്ച സ്ഥലങ്ങളിലെ ശവപറന്പുകള്‍ കണ്ട് ഹൃദയം തകര്‍ന്ന് ഇറാഖി സൈന്യം
ബാഗ്ദാദ്: ഇറാഖില്‍ ഐസിസിന്‍റെ പിടിയിലായിരുന്ന റമാദി ഉള്‍പ്പെടെയുള്ള ഒട്ടേറെ നഗരങ്ങള്‍ സൈന്യം മോചിപ്പിച്ചിരുന്നു. മോചിപ്പിച്ചത് നഗരങ്ങളാണോ അതോ ശവപ്പറമ്പുകളെയാണോ എന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഐസിസ് അധീന പ്രദേശങ്ങളില്‍ പലതും ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ വന്‍ ശവക്കുഴികള്‍ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. അടുത്തിടെ ഇത്തരം അന്‍പതിലധികം ശവക്കുഴികള്‍ കണ്ടെത്തിയെന്ന് ഇറാഖിലെ യുഎന്‍ പ്രത്യേക ദൗത്യ സേനാംഗം ജാന്‍ ക്യൂബിസ് പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെയും ഇറാഖി സൈന്യത്തിന്റെ നീക്കത്തിലൂടെയും ഐസിസ് പിടിച്ചടക്കിയ ഒട്ടേറെ ഗ്രാമങ്ങളും നഗരങ്ങളും ഇതിനോടകം തന്നെ മോചിപ്പിച്ചു. അന്‍ബാര്‍ പ്രവിശ്യയിലെ റമാദി നഗരത്തില്‍ മാത്രം ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലിപ്പമുള്ള ശവക്കുഴി കണ്ടെത്തിയിട്ടുണ്ട്. ഇത് നിറയെ മൃതദേഹ അവശിഷ്ടങ്ങളാണ്.
ഐസിസ് ഭീകരതയില്‍ കൊന്നുതള്ളപ്പെട്ടവരാണ് ഈ ശവക്കുഴികളിലുള്ളതില്‍ ഏറെയും. 2014 ജൂണ്‍ മുതലാണ് ഐസിസ് ഇറാഖില്‍ ശക്തിയാര്‍ജ്ജിയ്ക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട കിരാത ഭരണമാണ് രാജ്യത്ത് ഐസിസ് നടത്തിയത്. തിരിച്ചടി നേരിട്ട് തുടങ്ങിയെങ്കിലും പൂര്‍ണമായ പതനത്തിലേയ്ക്ക് ഐസിസ് എത്തിയിട്ടില്ലെന്ന് മാത്രമല്ല തങ്ങളുടെ വേരുകള്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications