ഹജ്ജ്: ഇത്തവണ മരണപ്പെട്ടത് 550 ലേറെ തീർത്ഥാടകർ, വില്ലനായത് കനത്ത ചൂട്
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിനിടെ ഇത്തവണ കുറഞ്ഞത് 550 തീർത്ഥാടകരെങ്കിലും മരിച്ചതായി റിപ്പോർട്ട്. രണ്ട് അറബ് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എ എഫ് പിയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കനത്ത ചൂടാണ് ഇത്രയധികം തീർത്ഥാടകരുടെ മരണത്തിന് ഇടയാക്കിയത്. ഇത്തവണ അതിശക്തമായ ഉഷ്ണതരംഗമായിരുന്നു മേഖലയില്‍ ഉടനീളം അനുഭവപ്പെട്ടത്.
46 ഡിഗ്രി സെൽഷ്യസിലും അധികമായിരുന്നു ഹജ്ജ് കർമ്മങ്ങള്‍ നടക്കുന്ന ആഴ്ച രേഖപ്പെടുത്തിയ താപനില. മക്കയിലും മദീനയിലും സാധാരണ താപനിലയേക്കാൾ 1.5 മുതൽ 2 ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു. ഹജ്ജിന്റെ പ്രധാന കർമങ്ങളിൽ ഒന്നായ അറഫാ സംഗമം നടക്കുന്ന പ്രദേശത്തിന് സമീപമുള്ള ഒരു ചികിത്സാ കേന്ദ്രത്തിൽ 225 പേർ ചൂടുമൂലമുള്ള അസ്വസ്ഥതകൾക്ക് ചികിത്സ തേടിയതായി സൗദി ഔദ്യോഗിക പ്രസ് ഏജൻസി തന്നെ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് അഞ്ഞൂറിലേറെ തീർത്ഥാടകർ മരിച്ചിരിക്കാമെന്ന എ എഫ് പിയുടെ റിപ്പോർട്ടും പുറത്ത് വരുന്നത്.

ഈജിപ്തില്‍ നിന്നും ഉള്ളവരാണ് മരണപ്പെട്ടവരില്‍ ഭൂരിപക്ഷവും. ഈജിപ്തില്‍ നിന്നും ഹജ്ജിനായി എത്തിയ 323 തീർത്ഥാടകർ മരണപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗവും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണമാണ് മരണപ്പെട്ടതെന്ന് രണ്ട് അറബ് നയതന്ത്രജ്ഞർ അവരുടെ രാജ്യങ്ങളുടെ കണക്കുകള്‍ ഏകോപിപ്പിച്ച് തങ്ങളോട് വ്യക്തമാക്കിയതായി എ എഫ് പിയുടെ റിപ്പോർട്ടില്‍ പറയുന്നു.
"തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് മാരകമായ പരിക്കേറ്റ ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം (ഈജിപ്തുകാർ) ചൂട് കാരണം മരിച്ചതാണ്" നയതന്ത്രജ്ഞരിലൊരാൾ പറഞ്ഞു. മൊത്തം കണക്ക് മക്കയിലെ അൽ-മുയിസെം പരിസരത്തുള്ള ആശുപത്രി മോർച്ചറിയിൽ നിന്നാണ്. മക്കയിലെ അൽ-മുയിസെം പരിസരത്തുള്ള ആശുപത്രി മോർച്ചറിയിൽ നിന്നുമാണ് ഈ കണക്കുകള്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോർദാനില്‍ നിന്നുള്ള 60 തീർത്ഥാടകർ മരിച്ചതായും നയതന്ത്രജ്ഞർ വെളിപ്പെടുത്തി. 41 പേരുടെ മരണം ജോർദാന്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എഎഫ്‌പി കണക്കനുസരിച്ച് ഒന്നിലധികം രാജ്യങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ മരണങ്ങളുടെ എണ്ണം 577 ആയി.
മക്കയിലെ ഏറ്റവും വലിയ മോർച്ചറികളിലൊന്നായ അൽ-മുഐസെമിലെ മോർച്ചറിയിൽ ആകെ 550 മൃതദേഹങ്ങള്‍ ഉണ്ടെന്നും നയതന്ത്രജ്ഞർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications