യുകെയില്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട് ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷക; കാരണം ഇതാണ്
ലണ്ടന്‍: യുകെയില്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട് ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി. ഗവേഷണ വിദ്യാര്‍ത്ഥിനിയായ മണികര്‍ണിക ദത്തയെയാണ് ബ്രിട്ടീഷ് അധികാരികള്‍ നാടുകടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചരിത്രത്തിലാണ് മണികര്‍ണിക ഗവേഷണം ചെയ്യുന്നത്. അനുവദനീയമായതിലും കൂടുതല്‍ കാലം വിദേശത്ത് തങ്ങിയതിന്റെ പേരിലാണ് കടുത്ത നടപടി നേരിടുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ താമസിക്കാനും ഗവേഷണം നടത്താനും അനുവദിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് 37 കാരിയായ മണികര്‍ണികയ്‌ക്കെതിരേ ആഭ്യന്തര വകുപ്പ് അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ചരിത്ര ശേഖരങ്ങള്‍ വിശദമായി പഠിക്കാനാണ് താന്‍ ഇന്ത്യയില്‍ തങ്ങിയതെന്നാണ് മണികര്‍ണികയുടെ വാദം. ഗവേഷണത്തിനായി നിരവധി യാത്രകള്‍ ചെയ്യേണ്ടി വരുമെന്നും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.

മണികര്‍ണിക ദത്ത (Image credit: X)
ബ്രിട്ടീഷ് പൗരത്വം ലഭിക്കാനുള്ള ഐഎല്‍ആറിന് മണികര്‍ണിക അപേക്ഷിച്ചിട്ടുള്ളതിനാല്‍ 10 വര്‍ഷ കാലയളവില്‍ 548 ദിവസത്തില്‍ കൂടുതല്‍ യുകെയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഗവേഷക 691 ദിവസമാണ് ഇന്ത്യയില്‍ തങ്ങിയത്. നിയമ ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി നേരിടുന്നത്.
12 വര്‍ഷത്തിലേറെയായി യുകെയിലാണ് മണികര്‍ണിക താമസിക്കുന്നത്. ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ ഉന്നത പഠനത്തിനായി 2012 ല്‍ സ്റ്റുഡന്റ് വിസയിലാണ് യുവതി ആദ്യമായി യുകെയില്‍ എത്തിയത്. പിന്നീട് യുകെയില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ ആശ്രിതയായി സ്പൗസ് വിസ നേടി. ഭര്‍ത്താവ് പെര്‍മനന്റ് റെസിഡന്‍സി നേടിയെങ്കിലും മണികര്‍ണികയുടെ അപേക്ഷ നിരസിക്കപ്പെട്ടു.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററായ ഡോ. സൗവിക് നഹയാണ് മണികര്‍ണികയുടെ ഭര്‍ത്താവ്. ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ മണികര്‍ണിക ഭര്‍ത്താവിനൊപ്പം വെല്ലിംഗിലാണ് താമസിക്കുന്നത്.
നിങ്ങള്‍ സ്വയം യുകെയില്‍ നിന്നു പോയില്ലെങ്കില്‍ നാടുകടത്തുമെന്നാണ് യുവതിക്ക് ആഭ്യന്തര വകുപ്പ് ഇ-മെയിലിലൂടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നാടുകടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ അഭിഭാഷകനായ നാഗ കന്ദയ്യ വഴി ഗവേഷക ഹര്‍ജി നല്‍കിയിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നിലെന്നും യുകെയില്‍ നിന്ന് പോകാന്‍ ആവശ്യപ്പെടുന്ന ഇ-മെയില്‍ ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും മണികര്‍ണിക പ്രതികരിച്ചു. ജീവിതത്തിന്റെ വലിയൊരു ഭാഗം ഞാന്‍ ഓകസ്ഫോര്‍ഡ് സര്‍വകലാശാലയിലും യുകെയിലുമായിട്ടാണ് ജീവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications