പഹല്‍ഗ്രാം ഭീകരാക്രമണം: ഞങ്ങള്‍ക്ക് പങ്കില്ല, ഇത് കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധമെന്ന് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പങ്കില്ല എന്ന് പാകിസ്ഥാന്‍. 29 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ ആദ്യ പ്രതികരണം പുറത്തുവരുന്നത്. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും പാകിസ്ഥാന്‍ തള്ളിക്കളയുന്നു എന്നും ഈ ഒരു ബന്ധവുമില്ല എന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
നാഗാലാന്‍ഡ് മുതല്‍ കാശ്മീര്‍ വരെയുള്ള ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനെതിരെയും മണിപ്പൂരിലെ അശാന്തിക്കെതിരെയും പ്രതിഷേധിക്കുന്നവരുടെ പ്രതികരണമാണിതെന്നും ആക്രമണം പ്രാദേശികമായി തന്നെ സൃഷ്ടിക്കപ്പെട്ടതാണ് എന്നും അദ്ദേഹം ആരോപിച്ചു. 'നാഗാലന്‍ഡ്, മണിപ്പൂര്‍, കശ്മീര്‍, ഛത്തീസ്ഗഡ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ നേരിടുന്നു.

സ്വന്തം പൗരന്മാരോടുള്ള ഇന്ത്യയുടെ പെരുമാറ്റം സായുധ പ്രതിരോധത്തിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആളുകള്‍ക്കെതിരെ സൈന്യമോ പോലീസോ അതിക്രമങ്ങള്‍ നടത്തുകയാണെങ്കില്‍, പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സൗകര്യപ്രദമായ ഒരു ഒഴികഴിവായി മാറുന്നു,' ഖ്വാജ ആസിഫ് പറഞ്ഞു.
സര്‍ക്കാര്‍ പലരെയും ചൂഷണം ചെയ്യുന്നതിനാല്‍ ഇത് സ്വദേശത്ത് വളര്‍ത്തിയതാണ്. ഒരു രൂപത്തിലും ഞങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല. നാട്ടുകാര്‍ തീവ്രവാദികളുടെ ലക്ഷ്യമാകരുത്, ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് യാതൊരു സംശയവുമില്ല,'' അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കശ്മീരിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ആണ് ഭീകരാക്രമണം ഉണ്ടായത്.
മലയാളികളായ വിനോദസഞ്ചാരികളടക്കം 29 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അവധിക്കാല യാത്രികരാണ്. 2019 ലെ പുല്‍വാമ ആക്രമണത്തിനുശേഷം താഴ്വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. മരിച്ചവരില്‍ യുഎഇയില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള രണ്ട് വിദേശികളും രണ്ട് തദ്ദേശീയരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തെ കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരാളും തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു എന്നും സൈന്യം അറിയിച്ചു. അതേസമയം ലഷ്‌കര്‍ കമാന്‍ഡറാണ് ആക്രമണം ആസൂത്രണം ചെയ്തത് എന്നാണ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്.
ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉന്നത കമാന്‍ഡറായ സൈഫുള്ള കസൂരി എന്ന ഖാലിദ്, പാക് അധീന കശ്മീര്‍ ആസ്ഥാനമായുള്ള രണ്ട് പ്രവര്‍ത്തകര്‍ എന്നിവരാണ് കൂട്ടക്കൊലയുടെ സൂത്രധാരന്മാരെന്ന് ഇന്റലിജന്‍സ് വിഭാഗം തിരിച്ചറിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യന്‍ നയതന്ത്ര സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തി.
ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ മോദി സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ വിമാനത്താവളത്തില്‍ വച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി മോദി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറിയുമായും ഇന്റലിജന്‍സ് ബ്യൂറോയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ അദ്ദേഹം ഇന്നലെ തന്നെ ശ്രീനഗറില്‍ എത്തിയിരുന്നു. ജമ്മു കാശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പഹല്‍ഗാം. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരികുകയാണ്.
ദുരിതബാധിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി, എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നാല് അധിക വിമാന സര്‍വീസുകള്‍ നടത്തും. കൂടാതെ ഫ്‌ളൈറ്റ് റദ്ദാക്കലുകള്‍ക്കും പുനഃക്രമീകരണത്തിനുമുള്ള ഫീസ് ഒഴിവാക്കും എന്നും വിമാന കമ്പനികള്‍ അറിയിച്ചു.












Click it and Unblock the Notifications