പാകിസ്താന്‍ ആവശ്യപ്പെട്ടു; വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ തുടരുമെന്ന് താലിബാന്‍, സൗദിയും ഖത്തറും ഇടപെടുന്നു
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള പോര് മൂര്‍ച്ചിക്കുന്നു. ഇന്ന് പകല്‍ ശക്തമായ ആക്രമണമാണ് ഇരുരാജ്യങ്ങളും നടത്തിയത്. അഫ്ഗാനില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സൈന്യത്തിന്റെ ചെക്ക് പോയിന്റുകള്‍ പിടിച്ചെടുത്ത് സൈനികരുടെ വസ്ത്രങ്ങള്‍ താലിബാന്‍ സൈന്യം പ്രദര്‍ശിപ്പിച്ചു.
വൈകീട്ട് ആറ് മണിക്കാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പാകിസ്താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് എന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു. തങ്ങളുടെ സൈനികര്‍ക്ക് വെടിനിര്‍ത്തല്‍ മര്യാദകള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച വൈകീട്ട് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വെടിനിര്‍ത്തല്‍. കര-വ്യോമ ആക്രമണങ്ങള്‍ പരസ്പരം നടത്തിയ ശേഷമാണ് വെടിനിര്‍ത്താന്‍ തയ്യാറായത്. നിരവധി സാധാരണക്കാര്‍ ഇന്ന് കൊല്ലപ്പെട്ടു. 2021ല്‍ താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും ഏറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഇത്രയും രൂക്ഷമായ യുദ്ധമുണ്ടാകുന്നത്.
പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അഫ്ഗാനും പ്രഖ്യാപിച്ചു. പാകിസ്താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വെടിനിര്‍ത്തുന്നതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഇന്ന് ശക്തമായ ആക്രമണം നടന്നത്. പാകിസ്താന്‍ സൈന്യം ഇവിടെ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്താന്‍ ആക്രമണം നടത്തിയതോടെ തങ്ങള്‍ തിരിച്ചടിക്കുകയാണുണ്ടായതെന്ന് അഫ്ഗാന്‍ പറയുന്നു. പാകിസ്താന്‍ സൈനികരുടെ ചെക്‌പോയിന്റുകള്‍ അഫ്ഗാന്‍ സൈന്യം നിയന്ത്രണത്തിലാക്കി. എന്നാല്‍ ആദ്യം ആക്രമണം നടത്തിയത് അഫ്ഗാനാണ് എന്ന് പാകിസ്താന്‍ ആരോപിക്കുന്നു. ഇതില്‍ ആറ് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു. സൈനികരുടെ ടാങ്കുകള്‍ പിടിച്ചുവെന്നും താലിബാന്‍ പറയുന്നു. തിരിച്ചടിയില്‍ 30 താലിബാന്‍ സൈനികരെ കൊലപ്പെടുത്തിയെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു.
അഫ്ഗാനില്‍ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ പാകിസ്താനില്‍ ആക്രമണം നടത്തുന്നു എന്നുമാണ് പാകിസ്താന്‍ പറയുന്നത്. ഈ സംഘങ്ങളുടെ കേന്ദ്രമാണ് ആക്രമിച്ചത് എന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. എന്നാല്‍ അഫ്ഗാനില്‍ നിന്ന് മറ്റൊരു രാജ്യത്തെ ആക്രമിക്കുന്ന ഒരു സംഘവും പ്രവര്‍ത്തിക്കുന്നില്ല എന്ന് താലിബാന്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഇരുരാജ്യങ്ങളും കൊമ്പുകോര്‍ത്തപ്പോള്‍ സൗദി അറേബ്യയും ഖത്തറുമാണ് ഇടപെട്ട് രംഗം ശാന്തമാക്കിയത്. സമാനമായ ഇടപെടല്‍ ഇനിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുമായും ഖത്തറുമായും അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ് അഫ്ഗാനും പാകിസ്താനും.












Click it and Unblock the Notifications