അഫ്ഗാനിസ്ഥാനിലെ ആശുപത്രിയില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനെ ആക്രമിച്ച് പാകിസ്ഥാന്‍. കാബൂളിലെ ഒരു ആശുപത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 400 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് പറഞ്ഞു. പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നുവെന്നും മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും താലിബാന്‍ സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം അയല്‍രാജ്യങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് കടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരുപക്ഷവും അവരുടെ പൊതു അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തിയ അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായത്.

കാബൂളിലെ 9-ാം പോലീസ് ജില്ലയിലെ ഒരു ലഹരി ചികിത്സാ കേന്ദ്രത്തില്‍ പാകിസ്ഥാന്‍ സൈനിക ഭരണകൂടം നടത്തിയ ആക്രമണം കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായി. 'പാകിസ്ഥാന്‍ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുകയും കാബൂളിലെ ഒരു മയക്കുമരുന്ന് പുനരധിവാസ ആശുപത്രിയെ ലക്ഷ്യം വയ്ക്കുകയും ചെയ്തു, ഇവിടെ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്,' താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
'ഈ കുറ്റകൃത്യത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു, അത്തരമൊരു പ്രവൃത്തി എല്ലാ അംഗീകൃത തത്വങ്ങള്‍ക്കും എതിരായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായും കണക്കാക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ് എന്ന് അഫ്ഗാനിസ്ഥാന്‍ ഡെപ്യൂട്ടി ഗവണ്‍മെന്റ് വക്താവ് പറഞ്ഞു.
തിങ്കളാഴ്ച വൈകി നടന്ന ആക്രമണത്തില്‍ ആശുപത്രിയുടെ വലിയ ഭാഗങ്ങള്‍ തകര്‍ന്നതായി എക്സിലെ ഒരു പോസ്റ്റില്‍ ഹംദുള്ള ഫിത്രത്ത് പറഞ്ഞു. ഇതുവരെ 400 പേര്‍ കൊല്ലപ്പെട്ടതായും 250 ഓളം പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിലെ തീ നിയന്ത്രണവിധേയമാക്കാനും അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിത്രത്ത് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കാബൂളിലും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലും തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണങ്ങള്‍ ഒരു ആശുപത്രിയെയും ലക്ഷ്യം വച്ചല്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണമാണ് നടത്തിയത് എന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. സിവിലിയന്‍ ആക്രമണ ആരോപണം പാകിസ്ഥാന്‍ തള്ളി. വ്യോമാക്രമണങ്ങള്‍ സാധാരണക്കാരുടെ സ്ഥലങ്ങളെയല്ല, തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ആരോപണം നിഷേധിച്ചു.
കാബൂളിലെ ഒരു ആശുപത്രി ആക്രമിക്കപ്പെട്ടുവെന്ന ആരോപണം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സൈദി തള്ളി. അഫ്ഗാന്‍ താലിബാനും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളും ഉപയോഗിക്കുന്ന ഉപകരണ സംഭരണവും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള 'സൈനിക സ്ഥാപനങ്ങളെയും തീവ്രവാദ പിന്തുണയുള്ള അടിസ്ഥാന സൗകര്യങ്ങളെയും കൃത്യമായി ലക്ഷ്യം വച്ചാണ്' ആക്രമണം നടത്തിയതെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പറഞ്ഞു.
'യാതൊരു നാശനഷ്ടവും സംഭവിക്കുന്നില്ലെന്ന്' ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ ശ്രദ്ധാപൂര്‍വ്വം നടത്തിയതായും മുജാഹിദിന്റെ അവകാശവാദം 'തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്' എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ നിന്ന് തൊടുത്തുവിട്ട മോര്‍ട്ടാര്‍ ഷെല്ലുകള്‍ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ബജൗറിലെ ഒരു വീട്ടില്‍ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അറിയിച്ചു.
ഭീകരതയ്ക്കെതിരായ ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് സംഘര്‍ഷം രൂക്ഷമാകുന്നത്. ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന ഒരു പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയും അഫ്ഗാനിസ്ഥാനിലെ യുഎന്‍ രാഷ്ട്രീയ ദൗത്യമായ യുഎന്‍എയുടെ ചുമതല മൂന്ന് മാസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു.
പാകിസ്ഥാനില്‍ ആക്രമണം നടത്തുന്ന പാകിസ്ഥാന്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാല്‍ കാബൂള്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications