പാകിസ്താന്‍ വിമാന കമ്പനി വിറ്റു; ഭാഗ്യം വീണത് ഈ കമ്പനിക്ക്, മുന്നിലുള്ളത് വന്‍ കടമ്പകള്‍
ഇസ്ലാമാബാദ്: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. കടുത്ത മത്സരത്തിനൊടുവില്‍ ഏകദേശം 13,500 കോടി രൂപയുടെ ലേലത്തുകയ്ക്ക് ആരിഫ് ഹബീബ് ഗ്രൂപ്പാണ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയെ ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വില്‍പ്പന.
ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ ലക്കി സിമന്റ്, എയര്‍ബ്ലൂ, ആരിഫ് ഹബീബ് തുടങ്ങിയ മൂന്ന് കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഇവര്‍ നേരത്തെ യോഗ്യത നേടിയവരാണ്. പാകിസ്താന്റെ കമ്പനികള്‍ക്ക മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. ആരിഫ് ഹബീബ് ഗ്രൂപ്പ് 11,500 കോടി രൂപയുടെ പ്രാഥമിക വാഗ്ദാനവുമായി മുന്നിലെത്തി. ലക്കി സിമന്റ് 10,550 കോടി രൂപയും എയര്‍ബ്ലൂ 2,650 കോടി രൂപയും വാഗ്ദാനം ചെയ്തു.

ലേലങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം, സര്‍ക്കാര്‍ 10,000 കോടി രൂപയുടെ ഒരു അടിസ്ഥാന വില പ്രഖ്യാപിച്ചു. ലേല നിയമപ്രകാരം, ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത ആരിഫ് ഹബീബിനെയും ലക്കി സിമന്റിനെയും തുറന്ന ലേലത്തിന് ക്ഷണിച്ചു. തുടര്‍ന്ന്, ഇരു ഗ്രൂപ്പുകളും പല ഘട്ടങ്ങളായി തങ്ങളുടെ ലേലത്തുക വര്‍ധിപ്പിച്ചു. ആരിഫ് ഹബീബ് ഗ്രൂപ്പ് 13,500 കോടി രൂപ വാഗ്ദാനം ചെയ്തതുവരെ മത്സരം തുടര്‍ന്നു.
ഈ തുകയ്ക്ക് തുല്യമായ വാഗ്ദാനം നല്‍കാന്‍ ലക്കി സിമന്റിന് കഴിഞ്ഞില്ല, തുടര്‍ന്ന് അവര്‍ ലേലത്തില്‍ നിന്ന് പിന്മാറി. വ്യവസ്ഥകള്‍ പ്രകാരം, വിജയിച്ച ലേലക്കാരന്‍ 90 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനിയുടെ ശേഷിക്കുന്ന 25% ഓഹരികള്‍ വാങ്ങേണ്ടതുണ്ട്. പ്രാഥമികമായി വിറ്റ 75% ഓഹരികളില്‍ നിന്നുള്ള വരുമാനത്തിന്റെ 92.5% പുനര്‍നിക്ഷേപത്തിനായി പിഐഎയ്ക്ക് നേരിട്ട് ലഭിക്കും. ബാക്കി 7.5% വരുമാനം സര്‍ക്കാരിലേക്ക് കൈമാറും.
ലോകത്തെ പ്രധാന വിമാനക്കമ്പനിയുടെ അവസ്ഥ
ഇപ്പോള്‍ നല്‍കിയ ലേലത്തുകയ്ക്ക് പുറമെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപ പുതിയ നിക്ഷേപം നടത്താനും നിക്ഷേപകന്‍ ബാധ്യസ്ഥരാണ്. ഈ നിക്ഷേപം വിമാനങ്ങളുടെ നിലവാരം മൊത്തത്തിലുള്ള സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും. കടക്കെണിയിലായ പിഐഎയെ വാങ്ങാന്‍ നേരത്തെ ആരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് 65400 കോടിയുടെ കടബാധ്യത പാക് ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ശേഷമായിരുന്നു ലേലം.
വിമാനക്കമ്പനി വില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ ശ്രമം, വാഗ്ദാനം ചെയ്ത തുക പ്രതീക്ഷിച്ച വിലയിലെത്താത്തതിനാല്‍ പരാജയപ്പെട്ടിരുന്നു. ഒരുകാലത്ത് ലോകത്തിലെ മുന്‍നിര വിമാനക്കമ്പനികളില്‍ ഒന്നായിരുന്നു പിഐഎ. മോശം മാനേജ്മെന്റ്, വര്‍ധിച്ചുവരുന്ന നഷ്ടം, നിലവാരം കുറഞ്ഞ സേവനം എന്നിവ അതിന്റെ പേരിനും സാമ്പത്തിക സ്ഥിതിക്കും കോട്ടം വരുത്തി.
നേരത്തെ ഫൗജി ഫെര്‍ട്ടിലൈസര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ലേലത്തിന് മുന്നിലുണ്ടായിരുന്നു. പാകിസ്താന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. ഇവര്‍ക്ക് അനുകൂലമായി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പൊടുന്നനെ ഇവര്‍ ലേലത്തില്‍ നിന്ന് പിന്മാറി. ഇതോടെ ലേലം വിളിക്കാന്‍ മൂന്ന് കക്ഷികളായി മാറി. ഇതില്‍ നിന്നാണ് നിക്ഷേപ കമ്പനിയായ ആരിഫ് ഹബീബ് വിജയിച്ചത്.












Click it and Unblock the Notifications