അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 15 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അടക്കമാണ് കൊല്ലപ്പെട്ടത്.
വ്യോമാക്രമണത്തിൽ മർഗ് ബസാർ ഗ്രാമത്തിലാണ് വലിയ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഭൂമിയും പരമാധികാരവും സംരക്ഷിക്കുക എന്നത് ആത്യന്തികമായി ഞങ്ങളുടെ അവകാശമാണെന്ന് താലിബാൻ പ്രതികരിച്ചു. 'എല്ലാ അന്താരാഷ്ട്ര തത്വങ്ങളും ലംഘിച്ചുള്ള ആക്രമണമാണിത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇസ്‌ലാമിക് എമിറേറ്റ് ഈ ഭീരുത്വ പ്രവൃത്തിക്ക് ഉത്തരം നൽകിയിരിക്കും. തങ്ങളുടെ പ്രദേശങ്ങൾ സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ അവകാശമാണ്', പ്രതിരോധ മന്ത്രാലയം പ്രസ്ഥാവനയിൽ പറഞ്ഞു. വരിസ്ഥാനി അഭയാർത്ഥികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.തഅതേസമയം ആക്രമണത്തിൽ ഇനിയും മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് വ്യോമാക്രമണം .അഫ്ഗാൻ പ്രദേശത്ത് തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾക്ക് അഭയം നൽകിയതിനെ ചൊല്ലിയാണ് അഫ്ഗാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ടിടിപി തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകി സംരക്ഷിക്കുകയാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. 20222 ൽ പാക് സർക്കാരിനെതിരെ ടിടിപി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്തിടെ പാക് സുരക്ഷ സേനയ്ക്കെതിരെ സംഘം അക്രമണം അഴിച്ചുവിട്ടിരുന്നു. നിരവധി സൈനികർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.












Click it and Unblock the Notifications