ട്രംപിന്റെ ഗാസ സമാധാന ബോര്‍ഡില്‍ പാകിസ്ഥാനും; സമ്മതം അറിയിക്കാതെ ഇന്ത്യ; കരുതലോടെ നീക്കങ്ങള്‍
വാഷിങ്ടണ്‍: യുദ്ധഭൂമിയായ ഗാസയില്‍ സമാധാനം സ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ഗാസ സമാധാന സമിതിയില്‍ ചേരുന്ന കാര്യം ഇന്ത്യ ഗൗരവമായി പരിഗണിക്കുമ്പോള്‍ തന്നെ പ്രതിഷേധവും ശക്തമാണ്. ഇങ്ങനെയൊരു ബോര്‍ഡിന്റെ നിയമസാധുതയെക്കുറിച്ചും അതിന്റെ അധികാരങ്ങളെക്കുറിച്ചും യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ തിരിച്ചറിവ് വേണമെന്നാണ് ഇന്ത്യന്‍ നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ട്രംപിന്റെ ക്ഷണം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യങ്ങളില്‍ വ്യക്തത വേണമെന്നാണ് ആവശ്യം ഉയരുന്നത്.
സൗദി അറേബ്യ, യുഎഇ, പാകിസ്ഥാന്‍, ഈജിപ്റ്റ്, തുര്‍ക്കി, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഖത്തര്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഗാസ സമാധാന ബോര്‍ഡില്‍ അംഗങ്ങളാകാന്‍ സമ്മതിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ക്കിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപിന്റെ ക്ഷണം സ്വീകരിച്ചു.
ഇസ്രായേലുമായും അറബ് രാജ്യങ്ങളുമായും ഒരുപോലെ മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യ, ഈ വിഷയത്തില്‍ വളരെ കരുതലോടെയാണ് നീങ്ങുന്നത്. ഇന്ത്യ ഗാസ സമാധാന സമിതിയില്‍ ചേരുന്നതിന് എതിരേ ഇടതുപക്ഷ എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനുവരി 30-ന് ഡല്‍ഹിയില്‍ നടക്കുന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഗാസയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് ഇന്ത്യ വിശദമായി ചര്‍ച്ച ചെയ്യും. പാലസ്തീന്‍ പ്രശ്‌നത്തില്‍ 'രണ്ട് രാഷ്ട്ര പരിഹാരം' എന്ന ഇന്ത്യയുടെ നിലപാട് മാറ്റമില്ലാതെ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അധികം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയും സന്ദര്‍ശിക്കുന്നുണ്ട. ഈ ഘട്ടത്തില്‍ ഗാസയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ട്രംപിന്റെ ഈ പുതിയ സമിതിയെക്കുറിച്ച് ചില രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് പകരമായാണോ ഇത് പ്രവര്‍ത്തിക്കുന്നത് എന്നത് ഇവര്‍ ചോദിക്കുന്നു. ഇതുകൂടാതെ പാകിസ്ഥാനെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഈ പുതിയ സമിതിയുടെ ഭാഗമാകുന്നതിലൂടെ ഗാസയിലെ പ്രശ്‌നപരിഹാരത്തിന് എത്രത്തോളം ഫലപ്രദമായി ഇടപെടാന്‍ സാധിക്കുമെന്ന് വിലയിരുത്തിയ ശേഷമേ ഇന്ത്യ അന്തിമ തീരുമാനമെടുക്കൂ. ഇസ്രായേലിനും പാലസ്തീനും സമാധാനപരമായി കഴിയാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഒരുക്കാനാണ് ഇന്ത്യ എപ്പോഴും മുന്‍ഗണന നല്‍കുന്നത്.
ഇന്ത്യയും പാകിസ്ഥാനും കൂടാതെ റഷ്യ, ചൈന, അര്‍ജന്റീന, ബ്രസീല്‍, നിരവധി പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 60 രാജ്യങ്ങളെ ഗാസ സമാധാന ബോര്‍ഡിലേക്ക് ക്ഷണിച്ചുകൊണ്ട് ട്രംപ് കത്ത് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications