പാകിസ്താനെ സൗദി അറേബ്യ ആക്കി മാറ്റാന്‍ തുര്‍ക്കി; ക്രൂഡ് ഓയില്‍ ലക്ഷ്യമിട്ട് നീക്കം, കരാറൊപ്പിട്ടു
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയ്ക്ക് പുറമെ തീരമേഖലയില്‍ അടുത്ത കാലത്ത് ക്രൂഡ് ഓയില്‍ ശേഖരം ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. സാമ്പത്തിക ഞെരുക്കമാണ് പാകിസ്താന് മുന്നില്‍ വെല്ലുവിളി. പണപ്പെരുപ്പത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ക്രൂഡ് ഓയില്‍ ഖനനം പാകിസ്താനെ സഹായിച്ചേക്കും. എന്നാല്‍ ഇതിന് വേണ്ട നിക്ഷേപം ലഭിക്കാത്തത് മുന്നോട്ടുള്ള കുതിപ്പിന് തടസമായി.
ഈ പ്രതിസന്ധിക്ക് ഒരുപരിധി വരെ പരിഹാരം കാണാനുള്ള നീക്കമാണ് ഇപ്പോള്‍ വിജയം കാണുന്നത്. തുര്‍ക്കിയുടെ സഹായത്തോടെ പര്യവേക്ഷണവും ഖനനവും സജീവമാക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളിലെയും എണ്ണ കമ്പനികള്‍ കരാറിലെത്തി. തുര്‍ക്കിയുടെ വിദേശ കാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ കഴിഞ്ഞ ദിവസം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

ഇന്ത്യയെ പോലെ തന്നെ ആവശ്യമുള്ള എണ്ണയുടെ പകുതിയില്‍ അധികവും ഇറക്കുമതി ചെയ്യുകയാണ് പാകിസ്താനും. ആഭ്യന്തര ഖനനം സാധ്യമായാല്‍ ഇറക്കുമതി കുറയ്ക്കാം. എണ്ണ വാങ്ങുന്നതിനാണ് പാകിസ്താന്‍ കൂടുതല്‍ പണം ചെലവാക്കുന്നത്. ആഭ്യന്തര ഉല്‍പ്പാദനം കൂട്ടിയാല്‍ ഈ പണമൊഴുക്ക് തടയാം. മാത്രമല്ല, സാമ്പത്തിക ഞെരുക്കം കുറയ്ക്കാനും സാധിക്കും.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹകരണത്തിലാണ് പാകിസ്താന്‍ മുന്നോട്ട് പോകുന്നത്. അതിനിടെയാണ് തുര്‍ക്കി പാകിസ്താനുമായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഉടക്കിയ വേളയിലും പാകിസ്താനെ സഹായിച്ച രാജ്യമാണ് തുര്‍ക്കി.
എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പാകിസ്താന്‍
എണ്ണ ഖനനത്തിനും പര്യവേക്ഷണത്തിനും പാകിസ്താനുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇസ്ലാമാബാദിലെത്തിയ തുര്‍ക്കി വിദേശകാര്യമന്ത്രി ഫിദാന്‍ പറഞ്ഞു. മാത്രമല്ല, സ്വര്‍ണം, ചെമ്പ്, ലിഥിയം എന്നിവയുടെ ഖനനത്തിലും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകിച്ചേക്കും. ബലൂചിസ്താനിലെ സ്വര്‍ണഖനിയില്‍ സൗദി അറേബ്യ ഖനനം നടത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇതുവരെ അന്തിമ ധാരണയായിട്ടില്ല.
പാകിസ്താനിലെ തീരമേഖലയില്‍ എണ്ണ ശേഖരം ഉണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. ഇവിടെ വിശദമായ പരിശോധനയ്ക്കും ഖനനത്തിനും ഇരുരാജ്യങ്ങളും അടടുത്തിടെ കരാറുണ്ടാക്കിയിട്ടുണ്ട്. തുര്‍ക്കിഷ് പെട്രോളിയം കോര്‍പറേഷനും പാകിസ്താനിലെ മൂന്ന് ദേശീയ എണ്ണ കമ്പനികളും തമ്മിലാണ് കരാര്‍. തീരമേഖലയിലെ 40 ബ്ലോക്കുകള്‍ ഇരുരാജ്യങ്ങളിലെയും എണ്ണകമ്പനികള്‍ ലേലത്തിലെടുക്കുമെന്ന് തുര്‍ക്കിഷ് ഊര്‍ജമന്ത്രി അല്‍പര്‍സ്ലാന്‍ ബയ്‌റക്തര്‍ പറഞ്ഞു.
2020ന് ശേഷം പാകിസ്താന്‍ ആഭ്യന്തരമായ എണ്ണ ഉല്‍പ്പാദനവും സംഭരണവും വര്‍ധിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ സഹകരണത്തോടെ ഖനനം വര്‍ധിപ്പിക്കാന്‍ പാകിസ്താന് സാധിച്ചാല്‍ സാമ്പത്തികമായി മെച്ചപ്പെടാന്‍ കഴിയും. പാകിസ്താന്‍ എണ്ണരാജ്യമായി മാറാന്‍ സാധ്യതയുണ്ട് എന്നാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന പര്യവേക്ഷണ വാര്‍ത്തകള്‍ സൂചിപ്പിച്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, കരിങ്കടല്‍, കാസ്പിയന്‍ കടല്‍ എന്നിവിടങ്ങളില്‍ തുര്‍ക്കി പ്രകൃതി വാതക ഉല്‍പ്പാദനം ശക്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications