ഇന്ത്യക്കെതിരേ പാകിസ്താന്റെ പടപ്പുറപ്പാട്; ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു, യുദ്ധഭീതിയില്‍ അതിര്‍ത്തി
മേഖലയിലെ രാജ്യങ്ങളില്‍ വളരെ കുറഞ്ഞ ബജറ്റാണ് പാകിസ്താനില്‍ പ്രതിരോധ കാര്യങ്ങള്‍ക്ക് നീക്കിവക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ പാകിസ്താന്‍ സൈന്യം യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അതിന്റെ ഭാഗമായി അവര്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തീരുമാനിച്ചു. പ്രതിരോധ ബജറ്റില്‍ 10 ശതമാനമാനത്തോളം വര്‍ധന വരുത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിരോധ ബജറ്റില്‍ വന്‍ വര്‍ധനവാണ് പാകിസ്താന്‍ ഭരണകൂടം വരുത്തിയിരിക്കുന്നത്. ഭീകരവിരുദ്ധ നടപടിക്ക് എന്ന പേരിലാണ് പാകിസ്താന്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ചതെങ്കിലും ഇന്ത്യയാണ് പ്രധാന ലക്ഷ്യമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സൈനിക മേഖലയ്ക്ക് വേണ്ടി പാകിസ്താന്‍ നീക്കിവച്ചത് 84140 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള നീക്കിയിരിപ്പ് 92010 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഏകദേശം 7900 കോടി രൂപയുടെ വര്‍ധന.

കൈമാറുന്നത് ഇങ്ങനെ
പ്രതിരോധ ബജറ്റിന്റെ 47 ശതമാനമാണ് പാകിസ്താന്‍ കരസൈന്യത്തിന് കൈമാറുക. 20 ശതമാനം വ്യോമസേനയ്ക്കും നാവിക സേനയ്ക്ക് 10 ശതമാനവും കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

മറ്റു നീക്കിയിരിപ്പ്
ഇപ്പോള്‍ അനുവദിച്ച തുകയില്‍ 32210 കോടി രൂപ സൈനികരുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് നല്‍കും. 22550 കോടി രൂപ രഹസ്യാന്വേഷണ വിഭാഗത്തിനും മറ്റു സൈനിക നീക്കങ്ങള്‍ക്കും മാറ്റിവയ്ക്കും. 24400 കോടി രൂപ ആയുധങ്ങള്‍ വാങ്ങുന്നതിന് ഉപയോഗിക്കും.

ആവശ്യമെങ്കില്‍ കൂടുതല്‍ തുക
ഈ നിക്കിയിരിപ്പിന് പുറമെ സര്‍ക്കാരിന്റെ പൊതു ബജറ്റില്‍ നിന്നു സൈനിക ആവശ്യങ്ങള്‍ക്ക് വേറെയും തുക അനുവദിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാകിസ്താന്‍ തുടര്‍ച്ചയായി പ്രതിരോധ ബജറ്റില്‍ വര്‍ധന വരുത്തുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 11 ശതമാനം വര്‍ധനവാണ് വരുത്തുന്നത്.

സുതാര്യതയില്ലെന്ന് ആക്ഷേപം
പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുന്നതിനെതിരേ എപ്പോഴും വിമത ശബ്ദങ്ങള്‍ ഉയരാറുണ്ടെങ്കിലും സര്‍ക്കാര്‍ അത് കാര്യമാക്കാറില്ല. ഇത്രയും തുക ചെലവഴിക്കുന്നതിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടാറ്. എന്നാല്‍ സൈന്യത്തിന്റെ ആത്മവീര്യം ചോരുമെന്ന് പറഞ്ഞ് അക്കാര്യം വെളിപ്പെടുത്താറുമില്ല.

ചര്‍ച്ച ചെയ്തില്ലന്ന്
എന്നാല്‍ ഇത്തവണ നീക്കിവച്ച തുക സംബന്ധിച്ച് സര്‍ക്കാര്‍ നേരിയ തോതില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാലും പാര്‍ലമെന്റില്‍ വിഷയം പൊതു ചര്‍ച്ചയ്ക്ക് കൊണ്ടുവരാത്തതില്‍ ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു.

എന്നാല്‍ മേഖലയിലെ രാജ്യങ്ങളില്‍ വളരെ കുറഞ്ഞ ബജറ്റാണ് പാകിസ്താനില്‍ പ്രതിരോധ കാര്യങ്ങള്‍ക്ക് നീക്കിവക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ദേശീയ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് സൈന്യത്തിന് നീക്കിവയ്ക്കുന്നതെന്നും അവര്‍ പറയുന്നു. കശ്മീര്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications