നരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നു

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയോടുള്ള അമര്‍ഷം പാകിസ്താന്‍ തീര്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിമുടക്കി. സൗദി അറേബ്യയിലേക്കുള്ള രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് മോദി പുറപ്പെടാനിരിക്കെയാണ് പാകിസ്താന്‍ തടസം അറിയിച്ചിരിക്കുന്നത്. പാകിസ്താന്റെ വ്യോമ പാത ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ആ രാജ്യം അറിയിച്ചു. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ചോദ്യം ചെയ്താണ് പാകിസ്താന്റെ തീരുമാനം.

സൗദിയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി റിയാദിലേക്ക് പുറപ്പെടാനിരിക്കുന്നത്. ഇന്ത്യ-സൗദി ബന്ധത്തില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് മോദിയുടെ സൗദി യാത്ര. ഇതാകട്ടെ പാകിസ്താന് തിരിച്ചടിയുമാണ്. ഈ സാഹചര്യത്തിലാണ് വ്യോമ പാത നിഷേധിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഭിന്നത രൂക്ഷമാക്കുന്ന നടപടി

ഭിന്നത രൂക്ഷമാക്കുന്ന നടപടി

മോദിക്ക് വ്യോമ പാത നല്‍കില്ലെന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ പാകിസ്താന്‍ ഭരണകൂടം അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്ന നടപടിയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

റിയാദില്‍ ബിസിനസ് ഉച്ചകോടി

റിയാദില്‍ ബിസിനസ് ഉച്ചകോടി

ഒക്ടോബര്‍ 28-29 തിയ്യതികളിലാണ് റിയാദില്‍ ബിസിനസ് ഉച്ചകോടി. ലോകത്തെ പ്രമുഖരായ വ്യവസായികളും രാഷ്ട്രത്തലവന്‍മാരും ഒത്തുചേരുന്ന റിയാദിലെ സമ്മേളനം ഇന്ത്യയ്ക്ക് അസുലഭമായ അവസരമാണ്. പരമാവധി നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ യാത്ര.

കഴിഞ്ഞ മാസം പാകിസ്താന്‍ ചെയ്തത്

കഴിഞ്ഞ മാസം പാകിസ്താന്‍ ചെയ്തത്

കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള മോദിയുടെ യാത്രയ്ക്കും പാകിസ്താന്‍ വ്യോമ പാത അനുവദിച്ചിരുന്നില്ല. കഴിഞ്ഞ മാസം 20നാണ് മോദി ന്യൂയോര്‍ക്കിലേക്ക് പോയത്. തിരിച്ചുവന്നത് 28നും. ഈ രണ്ടു യാത്രയ്ക്കും പാകിസ്താന്‍ വ്യോമപാത നിഷേധിക്കുകയായിരുന്നു.

ചൂണ്ടിക്കാട്ടുന്നത് കശ്മീര്‍

ചൂണ്ടിക്കാട്ടുന്നത് കശ്മീര്‍

കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വ്യോമ പാത നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാകിസ്താന്‍ അനുമതി നല്‍കിയിരുന്നില്ല.

 പാകിസ്താന്‍ മന്ത്രി പറയുന്നു

പാകിസ്താന്‍ മന്ത്രി പറയുന്നു

പാകിസ്താന്റെ വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കശ്മീരിന്റെ പ്രത്യേക സാഹചര്യത്തില്‍ തങ്ങള്‍ അനുമതി നിഷേധിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്... പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരിയില്‍ അടച്ചു

ഫെബ്രുവരിയില്‍ അടച്ചു

ഈ വര്‍ഷം ഫെബ്രുവരയിലാണ് പാകിസ്താന്‍ വ്യോമപാത അടച്ചത്. കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ യുദ്ധസമാന സാഹചര്യമായിരുന്നു. പിന്നീട് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നിലപാട് കടുപ്പിച്ചു. എന്നാല്‍ മോദിയുടെ സൗദി യാത്ര പാകിസ്താന്‍ ഭയക്കുന്നുവെന്നാണ് മറ്റൊരു വിവരം.

പാകിസ്താന് ഭയം

പാകിസ്താന് ഭയം

ഇന്ത്യ സൗദി അറേബ്യയുമായി സഹകരണം ശക്തമാക്കുന്നതില്‍ പാകിസ്താന് ആശങ്കയുണ്ട്. വന്‍തോതില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സൗദി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മോദിയുടെ സൗദി യാത്ര. മോദിയുടെ യാത്രയ്ക്ക് കളമൊരുക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം ആദ്യത്തില്‍ റിയാദ് സന്ദര്‍ശിച്ചിരുന്നു.

പാകിസ്താന്റെ നീക്കം തകര്‍ക്കുക

പാകിസ്താന്റെ നീക്കം തകര്‍ക്കുക

സാമ്പത്തിക ലക്ഷ്യം മാത്രമല്ല മോദിയുടെ സന്ദര്‍ശനത്തിലുള്ളത്. പാകിസ്താന്റെ നീക്കം തകര്‍ക്കുക എന്ന രാഷ്ട്രീയവുമുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി അറേബ്യയെ ഇന്ത്യയോട് അടുപ്പിക്കാന്‍ മോദിക്ക് സാധിച്ചാല്‍ സന്ദര്‍ശനം വിജയകരമാകും. തിങ്കളാഴ്ചയാണ് മോദി റിയാദിലെത്തുക.

 ഇന്ത്യയ്ക്ക് എന്തുകൊണ്ടും നേട്ടം

ഇന്ത്യയ്ക്ക് എന്തുകൊണ്ടും നേട്ടം

സൗദിയുമായി ബന്ധം ശക്തമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും നേട്ടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതി വിഭവങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. 10000 കോടി ഡോളര്‍ (ഏഴ് ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു

വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു

ഇന്ത്യയിലെ നിക്ഷേപ കാര്യത്തില്‍ മോദിയുടെ റിയാദ് സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും. പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, ഖനനം, കാര്‍ഷികം, ധാതുവിഭവങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായിട്ടാണ് സൗദി അറേബ്യ ഏഴ് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുക. ഇതോടെ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

മോദിയുടെ ചര്‍ച്ച

മോദിയുടെ ചര്‍ച്ച

സൗദിയിലെ സല്‍മാന്‍ രാജാവ്, മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളും നിലപാടും സൗദി ഭരണാധികാരികളെ മോദി അറിയിക്കും. പാകിസ്താന്റെ വാദങ്ങള്‍ നിരര്‍ഥകമാണെന്നും മോദി ബോധിപ്പിക്കും.

മരുഭൂമിയിലെ ദാവോസ്

മരുഭൂമിയിലെ ദാവോസ്

29ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായിട്ടായിരിക്കും മോദിയുടെ ഭക്ഷണം. ദാവോസില്‍ നടക്കുന്ന വ്യവസായികളുടെ സമ്മേളനത്തിന് സമാനമായ കൂടിച്ചേരലാണ് റിയാദില്‍ നടക്കാന്‍ പോകുന്നത്. സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് നിക്ഷേപ സംഗമം റിയാദില്‍ നടത്തുന്നത്. ലോകത്തെ പ്രധാന വ്യവസായികളും കമ്പനി പ്രതിനിധികളും റിയാദിലെത്തും.

എതിര്‍പ്പ് കുറയ്ക്കും

എതിര്‍പ്പ് കുറയ്ക്കും

ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ വ്യവസായികളെയും ഒരുമിച്ച് ലഭിക്കുന്ന അവസരം മുതലാക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം. കൂടാതെ കശ്മീര്‍ വിഷയത്തില്‍ സൗദിയെ കൂടെ നിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ തടയാം. അതേസമയം, ഇതുവരെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ സൗദി കുറ്റപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തുര്‍ക്കിക്കും മലേഷ്യയ്ക്കും തിരിച്ചടി

തുര്‍ക്കിക്കും മലേഷ്യയ്ക്കും തിരിച്ചടി

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സംസാരിച്ച രണ്ടുരാജ്യങ്ങള്‍ തുര്‍ക്കിയും മലേഷ്യയും മാത്രമാണ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും ഇന്ത്യ നടപടി സ്വീകരിച്ചുവരികയാണ്. തുര്‍ക്കിയിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് വിദേശകാര്യ വകുപ്പ്. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറയ്ക്കും. തുര്‍ക്കിയുമായുള്ള പ്രതിരോധ കരാര്‍ വൈകിപ്പിക്കും. മോദിയുടെ തുര്‍ക്കി യാത്ര റദ്ദാക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+