പാകിസ്താന് ഇന്ത്യ കൊടുത്ത മുട്ടന്‍ പണി; ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല, 50 ദിവസം വരെ വൈകി കപ്പലുകള്‍
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താന് നല്‍കിയ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ പാകിസ്താന്‍. പാകിസ്താനിലേക്ക് കപ്പല്‍ വഴി ചരക്കുകള്‍ എത്തിക്കുന്നതിന് നേരിടുന്നത് വലിയ പ്രതിസന്ധി. 30 മുതല്‍ 50 ദിവസം വരെ വൈകിയാണ് ചരക്കു കപ്പലുകള്‍ പാകിസ്താനില്‍ എത്തുന്നതത്രെ.
2019 മുതല്‍ തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉടക്ക് ശക്തമായിരുന്നു. അതിനിടെയാണ് ആഴ്ചകള്‍ക്ക് മുമ്പ് കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടന്നതും നിരവധി ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടതും. പാകിസ്താനിലെ സായുധ സംഘങ്ങളുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. അതിന് പുറമെയാണ് മറ്റുചില തിരിച്ചടികള്‍ കൂടി പാകിസ്താന്‍ നേരിടുന്നത്...

പാകിസ്താനില്‍ നിന്നുള്ള കപ്പലുകള്‍, പാകിസ്താനിലേക്ക് പോകുന്ന കപ്പലുകള്‍ എന്നിവയ്‌ക്കെല്ലാം ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിരോധനമുണ്ട്. ഈ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ല. അതുകൊണ്ടുതന്നെ പാകിസ്താനിലേക്ക് പോകുന്ന ചരക്കുകപ്പലുകള്‍ വളഞ്ഞ വഴിയാണ് സ്വീകരിക്കുന്നത്.
ഇത് കപ്പല്‍ ചരക്കുകടത്ത് കൂലി വര്‍ധിക്കാന്‍ കാരണമായി. ചരക്കുകള്‍ എത്തുന്നത് വൈകാനും ഇടയാക്കി. 50 ദിവസം വരെ വൈകിയാണ് ചരക്കുകള്‍ എത്തുന്നത് എന്ന് കറാച്ചിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജാവേദ് ബില്‍വാനി ഡോണ്‍ പത്രത്തോട് പറഞ്ഞു. മെയ് 2 മുതലാണ് ഇന്ത്യ പാകിസ്താന്‍ ചരക്കുകപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങൡ നിരോധനം ഏര്‍പ്പെടുത്തിയത്.
വലിയ കപ്പലുകള്‍ ഇപ്പോള്‍ പാകിസ്താന്‍ തീരങ്ങളിലേക്ക് വരുന്നില്ല. പകരം ചെറുകപ്പലുകളാണ് എത്തുന്നത്. ഇത് ചരക്കുകടത്ത് കൂലി കൂടാന്‍ കാരണമായി. മാത്രമല്ല, കപ്പല്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതും പാകിസ്താന് തിരിച്ചടിയായി. ചരക്കു കൂലി കൂടിയതോടെ അവശ്യ വസ്തുക്കളുടെ വില വര്‍ധിച്ചു. വലിയ തുകയാണ് ഈ ഇനത്തില്‍ ഇപ്പോള്‍ പാകിസ്താന് നഷ്ടം നേരിടുന്നത്.
പാകിസ്താനില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെയാണ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ നവീകരിച്ച്, അധിക ചേരുവകള്‍ ചേര്‍ത്ത് കയറ്റുമതി ചെയ്താണ് പാകിസ്താനിലെ വ്യവസായികള്‍ നേട്ടം കൊയ്യുന്നത്. ഇറക്കുമതി ചെലവ് കൂടിയതോടെ ഇന്‍പുട്ടുകള്‍ക്ക് വില കൂടുകയും കയറ്റുമതി പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഇപ്പോള്‍ 200 ശതമാനം ചുങ്കം ചുമത്തുന്നുമുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏറെ കാലമായി അത്ര രസത്തില്‍ അല്ല. 2018ല്‍ 20602 കോടിയുടെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നു. 2024ലെ കണക്കു പ്രകാരം ഇത് പകുതിയായി കുറഞ്ഞു. 2019ല്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് 4680 കോടിയുടെ ചരക്കുകളാണ് കയറ്റുമതി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് വെറും നാല് കോടിയുടെ ചരക്കായി കുറഞ്ഞു.












Click it and Unblock the Notifications