ഇന്ത്യ ഇല്ലാതെ പറ്റില്ലെന്ന് പാകിസ്താന്‍; ചരക്കുകള്‍ വാങ്ങുന്നത് 6 ശതമാനം വര്‍ധിച്ചു, കണക്കുകള്‍ പുറത്ത്
ഇസ്ലാമാബാദ്: പാകിസ്താനുമായുള്ള വ്യാപര-സാമ്പത്തിക-രാഷ്ട്രീയ സഹകരണം കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നിട്ടും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പാകിസ്താന്‍ കുറയ്ക്കുന്നില്ല. മാത്രമല്ല, ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുകയാണ് എന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും പാകിസ്താന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള പാകിസ്താന്റെ കയറ്റുമതി പക്ഷേ, കുറയുകയും ചെയ്തു. അതേസമയം, മറ്റു അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പാകിസ്താന്റെ കയറ്റുമതി കൂടി. ഇന്ത്യയുമായുള്ള പാകിസ്താന്റെ വ്യാപാര വിവരങ്ങള്‍ അറിയാം...

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, ഇന്ത്യയില്‍ നിന്ന് പാകിസ്താന്‍ വാങ്ങിയത് 220.58 ദശലക്ഷം ഡോറളിന്റെ ചരക്കുകളാണ്. അതിനുമുമ്പുള്ള സാമ്പത്തിക വര്‍ഷം 206.89 ദശലക്ഷം ഡോളറായിരുന്നു എന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ സ്റ്റേറ്റ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത.
2023 സാമ്പത്തിക വര്‍ഷം പാകിസ്താന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയത് 190 ദശലക്ഷം ഡോളറിന്റെ ചരക്കുകളായിരുന്നു. 2024 സാമ്പത്തിക വര്‍ഷം വര്‍ധിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വീണ്ടും വര്‍ധിച്ചു. അതായത്, പാകിസ്താന്‍ ഇന്ത്യയെ ആശ്രയിക്കുന്നത് തുടരുകയാണ്. പാകിസ്താന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞു വരികയുമാണ്.
വ്യാപാര കമ്മി വര്‍ധിച്ചു
ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം പാകിസ്താന്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 1.43 ദശലക്ഷം ഡോളറിന്റെ ചരക്കുകളാണ്. അതിനു മുമ്പുള്ള വര്‍ഷം ഇത് 3.6 ദശലക്ഷമായിരുന്നു. അതായത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാകിസ്താന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറയുകയാണ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന ചരക്കുകള്‍ കൂടുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ വ്യാപാര കമ്മി നിലനില്‍ക്കുന്നു.
ഏപ്രിലിലുണ്ടായ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചിരുന്നു. പാകിസ്താനിലേക്കുള്ള ചരക്കുകള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി. പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് ചുങ്കം ഇരട്ടിയാക്കി. പാകിസ്താനിലേക്കുള്ള പല കയറ്റുമതിയും നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ വരുന്ന സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വരുമ്പോള്‍ വലിയ വ്യത്യാസമുണ്ടാകുമെന്ന് കരുതുന്നു.
അതേസമയം, പാകിസ്താന്‍ വളഞ്ഞ വഴി ഇന്ത്യന്‍ വിപണി പിടിക്കുന്നു എന്ന വാര്‍ത്തകളുമുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് വരുന്ന പല ചരക്കുകളും പാകിസ്താന്റേതാണ് എന്ന ആരോപണമുണ്ട്. മൂന്നാം രാജ്യത്തിലൂടെ പാകിസ്താന്റെ ഡ്രൈഫ്രൂട്ട്‌സ് ഉള്‍പ്പെടെ ഇന്ത്യയിലെത്തുന്നു എന്നാണ് പ്രചാരണം. ഇക്കാര്യം പരിശോധിക്കാന്‍ ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications