പാകിസ്ഥാന് മുട്ടന്‍ പണി കൊടുത്ത് അഫ്ഗാനിസ്ഥാനും: വെള്ളംകുടി മുട്ടും; പിന്നാലെ രാജ്യം വരള്‍ച്ചയിലേക്ക്
ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനെതിരായ ജലയുദ്ധം രൂക്ഷമാക്കാന്‍ അഫ്ഗാനിസ്ഥാനും. സിന്ധു-നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്ക് സമാനമായി കുനാർ നദിയിലും പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാനാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നീക്കം. കുനാർ നദിയിലൂടെ പാകിസ്ഥാനിലേക്ക് ജലം ഒഴുകുന്നത് നിയന്ത്രിക്കുന്ന പദ്ധതിയുമായി വേഗത്തില്‍ തന്നെ മുന്നോട്ട് പോകാന്‍ അഫ്ഗാൻ സുപ്രീം ലീഡർ മൗലവി ഹിബത്തുള്ള ആഖുൻസദ നിർദേശം നല്‍കിയതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
കുനാർ നദിയിലെ അണക്കെട്ട് നിർമാണം പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മിനിസ്ട്രി ഓഫ് വാട്ടർ ആൻഡ് എനർജിയും അറിയിക്കുന്നു. ഇന്ത്യക്ക് പിന്നാലെ അഫ്ഗാനിസ്ഥാനും ജലയുദ്ധം ശക്തമാക്കുന്നത് പാകിസ്ഥാന്റെ ജലസുരക്ഷയെ കാര്യമായി തന്നെ ബാധിക്കും.

കുനാർ നദി
അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 480 കിലോമീറ്റർ നീളമുള്ള കുനാർ നദി, പാകിസ്ഥാന്റെ ഖൈബർ പഖ്തൂഖ്വ പ്രവിശ്യയിലേക്കാണ് ഒഴുകുന്നത്. പിന്നീട് കാബുൾ നദിയുമായി ചേർന്ന് സിന്ധു നദി സംവിധാനത്തിന്റെ പ്രധാന ഭാഗമാകുന്നു. 2021-ൽ അധികാരത്തിലെത്തിയ ശേഷം താലിബാൻ ഭരണകൂടം ജല-ഊർജ്ജ മേഖലകളിൽ സ്വയംപര്യാപ്തത സ്ഥാപിക്കാൻ വലിയ ശ്രമങ്ങളാണ് നടത്തി വരുന്നത്. കുനാർ നദിയില്‍ അണക്കെട്ടുകൾ നിർമിക്കുന്നതിലൂടെ, അഫ്ഗാനിസ്ഥാന് തങ്ങളുടെ കൃഷി, വൈദ്യുതി ഉൽപ്പാദനം എന്നിവയ്ക്ക് ആവശ്യമായ ജലം സ്വന്തമായി നിയന്ത്രിക്കാൻ സാധിക്കും.
വാട്ടർ ആൻഡ് എനർജി വകുപ്പിന്റെ പ്രസ്താവന പ്രകാരം, ഈ പ്രോജക്ടുകൾ അഫ്ഗാനിസ്ഥാന്റെ ഊർജ്ജ ആവശ്യങ്ങൾ 50 ശതമാനത്തോളം കുറയ്ക്കും. "ഇനി നാം വിദേശ രാജ്യങ്ങളിലെ ജലത്തെയോ ഊർജ്ജത്തെയോ ആശ്രയിക്കേണ്ടി വരില്ല," ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് പാകിസ്ഥാനുമായി അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം.
രണ്ട് രാജ്യങ്ങൾക്കിടയിൽ ഔപചാരികമായ ഒരു ജലപങ്കാളിത്ത കരാറും ഇല്ലാ എന്നും, അഫ്ഗാനിസ്ഥാന്‍ നടത്തുന്നത് ഏകപക്ഷീയ ഇടപെടലുകളാണെന്നുമാണ് പാകിസ്ഥാന്റെ വിമർശനം. കുനാർ നദിയിലെ ജലം ഒഴുക്ക് കുറയുന്നത്, കാബുൾ-സിന്ദു സംവിധാനത്തെയും ബാധിക്കും. . "ഇത് ഞങ്ങളുടെ ഭക്ഷ്യസുരക്ഷയെയും ഊർജ്ജ ഉൽപ്പാദനത്തെയും തകർക്കും," എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷഹ്മൈൻ പിരസാദ് പറഞ്ഞു..
പാകിസ്ഥാന്റെ 60 ശതമാനം കൃഷിഭൂമിയും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണ് നടക്കുന്നത്. നദിയില്‍ ഏതെങ്കിലും തരത്തില്‍ ജലം കുറയുന്നത് രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് വരെ കാരണമാകും. അഫ്ഗാനിസ്ഥാനുമായി ഔപചാരിക കരാർ ഇല്ലാത്തതിനാൽ, ഈ പ്രോജക്ട് പാകിസ്ഥാനെ കൂടുതൽ ദുർബലമാക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (IEA) റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications