പാകിസ്താന്‍ വെട്ടിലായി; ഇന്ത്യയ്ക്ക് വച്ച പാര തിരിച്ചടിച്ചു, നഷ്ടം 410 കോടി, കണക്ക് പുറത്ത്
ഇസ്ലാമാബാദ്: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്താനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം അത്ര സുഖത്തിലല്ല. പഹല്‍ഗാം ആക്രമണ ശേഷം തീര്‍ത്തും വഷളായി എന്ന് പറയാം. ഏപ്രില്‍ 22നാണ് കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടന്നതും 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതും. പാകിസ്താന്‍ കേന്ദ്രമായുള്ള ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള ടിആര്‍എഫ് ആയിരുന്നു ആക്രമണത്തിന് പിന്നില്‍ എന്ന് ഇന്ത്യ കണ്ടെത്തി.
ശക്തമായ തിരിച്ചടി നല്‍കാന്‍ തീരുമാനിച്ച ഇന്ത്യന്‍ സൈന്യം പാകിസ്താനിലുള്ള തീവ്രവാദികളുടെ കേന്ദ്രം തകര്‍ത്തു. ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടര്‍ന്നു നടന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായി പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. സമാന തീരുമാനം പാകിസ്താനും എടുത്തു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ നീക്കം പാകിസ്താന് അപ്രതീക്ഷിത ആഘാതമാണ് നല്‍കിയത് എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

പാകിസ്താന് ഇന്ത്യ നല്‍കിയ മറ്റൊരു തിരിച്ചടിയായിരുന്നു സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. തൊട്ടുപിന്നാലെ പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുമ്പില്‍ വ്യോമ പാത അടച്ചിട്ടു. ഇതോടെ പാകിസ്താന്‍ വഴി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതായി. അറബി കടലിന് മുകളിലൂടെ അല്‍പ്പം വളഞ്ഞ വഴിക്ക് യാത്ര ചെയ്യേണ്ട അവസ്ഥ വന്നു.
ഈ നീക്കം പാകിസ്താനു തന്നെ തിരിച്ചടിയായി എന്നാണ് പുതിയ വിവരം. ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിക്കുന്നതിനും അതുവഴി സഞ്ചരിക്കുന്നതിനും പാകിസ്താന്റെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിശ്ചിത ഫീസ് നല്‍കാറുണ്ട്. നിരോധനം ഏര്‍പ്പെടുത്തിയതോടെ ഈ ഇനത്തില്‍ കിട്ടിക്കൊണ്ടിരുന്ന ഭീമന്‍ തുക പാകിസ്താന് നഷ്ടമായി.
പാകിസ്താന് നഷ്ടം തുടരും
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരസിച്ചതോടെ 410 കോടി പാകിസ്താനി രൂപ നഷ്ടം വന്നു എന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയം പാകിസ്താന്റെ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച രേഖ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള നഷ്ടത്തിന്റെ കണക്കാണിത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള നിരോധനം ആഗസ്റ്റ് 24 വരെ പാകിസ്താന്‍ നീട്ടിയിട്ടുണ്ട്. അതായത്, ഈ ഇനത്തില്‍ നഷ്ടം ഇനിയും ഉയരും.
പഹല്‍ഗാമില്‍ ആക്രമണം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിലായിരുന്നു. സംഭവം നടന്നു എന്നറിഞ്ഞതോടെ അദ്ദേഹം തിടുക്കത്തില്‍ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യയിലേക്ക് വരുമ്പോള്‍ പാകിസ്താന്റെ വ്യോമപാത ഒഴിവാക്കിയായിരുന്നു മോദിയുടെ യാത്ര. പാകിസ്താനിലൂടെയുള്ള മടക്കയാത്രയില്‍ സുരക്ഷാ ഭീഷണിയുണ്ട് എന്ന് മനസിലാക്കിയായിരുന്നു റൂട്ട് മാറ്റിയത്.
ഓരോ ദിവസവും 150ഓളം വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട് പാകിസ്താന്റെ വ്യോമപാതയിലൂടെ സര്‍വീസ് നടത്തിയിരുന്നത്. ഇതിനെല്ലാം പാകിസ്താന് നിശ്ചിത ഫീസ് വിമാനകമ്പനികള്‍ നല്‍കിയിരുന്നു. നിലവില്‍ ആ തുക പാകിസ്താന് നഷ്ടമാണ്. പാകിസ്താന്റെ വ്യോമപാത ഒഴിവാക്കി യാത്ര ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിമാനക്കമ്പനികളും നേരിയ നഷ്ടം നേരിടുന്നുണ്ട്.












Click it and Unblock the Notifications