അണ്വായുധം സുരക്ഷിതമല്ലെന്ന് ഇമ്രാന്‍ ഖാന്‍, ഒരാളല്ല നോക്കുന്നതെന്ന് സൈന്യം, പാകിസ്താനില്‍ പോര്
ഇസ്ലാമാബാദ്: പാകിസ്താനില്‍ പുതിയ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി സ്ഥാനം നഷ്ടമായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഇമ്രാന്‍ ഖാന്റെ ആരോപണത്തിന് മറുപടി നല്‍കി സൈന്യം. കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് മൂഡ് സൃഷ്ടിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ജനങ്ങള്‍ തന്നോടൊപ്പമുണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പെഷാവറില്‍ കൂറ്റന്‍ റോഡ് ഷോയാണ് ഇമ്രാന്‍ ഖാന്‍ സംഘടിപ്പിച്ചത്. ഈ റാലിയില്‍ സംസാരിക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
പാകിസ്താന്റെ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കവര്‍ച്ചക്കാരുടെയും കള്ളന്‍മാരുടെയും കൈയ്യില്‍ ഇവ സുരക്ഷിതമാകില്ലെന്നും ഷഹ്ബാസ് ഷരീഫ് ഭരണകൂടത്തെ സൂചിപ്പിച്ച് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം, ഇമ്രാന്‍ ഖാന് മറുപടിയുമായി സൈന്യം രംഗത്തുവന്നു. പാകിസ്താന്റെ ആണവായുധം ഏതെങ്കിലും ഒരു വ്യക്തിയല്ല നോക്കുന്നതെന്നും സുരക്ഷിതമായ സ്ഥലത്താണെന്നും മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖാന്‍ പ്രതികരിച്ചു.

വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് തന്നെ പുറത്താക്കിയതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നു. ഇന്ത്യയിലുള്ളവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്‌ക്കൊപ്പം നിന്നത് കാരണം അമേരിക്കയാണ് തന്നെ പുറത്താക്കിയതെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. പാകിസ്താനില്‍ പാവ ഭരണകൂടത്തെയാണ് അമേരിക്ക ചുമതലപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ മാപ്പ് ഞങ്ങള്‍ക്ക് വേണ്ട. കവര്‍ച്ചക്കാരുടെ കൈയ്യില്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.
അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇനി കൂടുതല്‍ അപകടകാരിയാകും. അവിശ്വാസപ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് അര്‍ധരാത്രി സുപ്രിംകോടതി തുറന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചത്. ഇറക്കുമതി ചെയ്ത സര്‍ക്കാരിനെ ഞങ്ങള്‍ അംഗീകരിക്കില്ല. രാജ്യത്ത് ഏതൊരു നേതാവ് പുറത്താക്കപ്പെടുമ്പോഴും ജനങ്ങള്‍ അത് ആഘോഷിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടക്കുന്നതെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.
കോടതിനടപടിയെ വിമര്‍ശിച്ച് ഇമ്രാന്‍ഖാന്‍ നടത്തിയ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ രംഗത്തുവന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോയും മുസ്ലിംലീഗ് (നവാസ് വിഭാഗം) നേതാവ് എഹ്സാന്‍ ഇഖ്ബാലും പറഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായ ശേഷം ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. വലിയ പരിഷ്‌കാരങ്ങളാണ് അദ്ദേഹം നടപ്പാക്കി കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications