പാക് ഭരണകൂടത്തെ അട്ടിമറിക്കാന്‍ വിദേശ പണം; ഇമ്രാന്‍ ഖാനെ തള്ളി ആഭ്യന്തര മന്ത്രി, എനിക്കറിയില്ല
ഇസ്ലാമാബാദ്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിനായി വിദേശ ശക്തികള്‍ പണം ചെലവഴിക്കുന്നു എന്നുമുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് യോജിക്കാതെ പാകിസ്താന്‍ ആഭ്യന്തര മന്ത്രി. ഇസ്ലാമാബാദില്‍ സംഘടിപ്പിച്ച തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യുടെ ശക്തിപ്രകടനത്തിനിടെയാണ് തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശപണം എത്തിയെന്നതിന് തെളിവുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞത്. എന്നാല്‍, ഇക്കാര്യം അറിയില്ലെന്ന് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് റഷീദ് പറയുന്നു.
പാകിസ്താനില്‍ ഒരു സര്‍ക്കാരും ഇതുവരെ കാലാവധി പൂര്‍ത്തിയാക്കിയതായി എനിക്കറിയില്ല. എന്നാല്‍ ഞായറാഴ്ചത്തെ പിടിഐ റാലിയിലെ ജനസാന്നിധ്യം കണ്ടതോടെ എന്റെ ധാരണ മാറി. ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കും. 1977ലാണ് ഇതിന് മുമ്പ് ഇതുപോലൊരു റാലി പാകിസ്താനില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ ഖാന് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്ലാമാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഒന്നര മണിക്കൂറോളംനീണ്ട പ്രസംഗമാണ് റാലിയില്‍ ഇമ്രാന്‍ നടത്തിയത്. ഈ വേളയിലാണ് വിദേശപണം സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. സ്വന്തം പാര്‍ട്ടിയിലെ ചിലരെ മറുകണ്ടം ചാടിക്കാന്‍ ശ്രമം നടക്കുന്നു എന്ന സൂചനയാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയത്. ദേശീയ താല്‍പര്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്ന കത്ത് എന്റെ കൈവശമുണ്ട്. ആര്‍ക്കെങ്കിലും അതു പരിശോധിക്കണമെങ്കില്‍ രഹസ്യമായി അതിന് അനുവദിക്കാമെന്നും ഇമ്രാന്‍ പറഞ്ഞു.
അതേസമയം, ഇമ്രാന്‍ ഖാനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതിപ്പിച്ചു. മാര്‍ച്ച് 31ന് പ്രമേയത്തില്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷത്തെ രണ്ടു പാര്‍ട്ടികളും ഒറ്റക്കെട്ടായിട്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. മാത്രമല്ല, ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ വിമതസ്വരം ഉയര്‍ത്തിയതും അദ്ദേഹത്തിന് ആശങ്കയാണ്. പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശെരീഫ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും.
155 സീറ്റുകളാണ് ദേശീയ അസംബ്ലിയില്‍ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിക്കുള്ളത്. അതിനിടെ മന്ത്രി ഷാസൈന്‍ ബഗ്തി രാജിവച്ചു. ഇമ്രാന്‍ ഖാന്റെ അടുത്തയാളായിരുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന് ഷാസൈന്‍ പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് പാര്‍ട്ടികള്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications