കൊച്ചി-ദുബായ് കപ്പല്‍ പാതിവഴിയില്‍; പാകിസ്താന്‍-ഒമാന്‍ ഫെറി സര്‍വീസിന് അനുമതി, ടൂറിസം ലക്ഷ്യം
ഗള്‍ഫ് പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള കപ്പല്‍ സര്‍വീസിന് ശ്രമം തുടങ്ങിയത്. എന്നാല്‍ പദ്ധതി വിജയകരമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ നാല് കമ്പനികള്‍ മാരിടൈം ബോര്‍ഡിന് മുമ്പില്‍ സന്നദ്ധതി അറിയിച്ചിരുന്നു. രണ്ട് കമ്പനികള്‍ യോഗ്യരാണ് എന്ന് കണ്ടെത്തുകയും ചെയ്തു.
ഒരു കമ്പനി കപ്പലുകള്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല. കപ്പല്‍ കണ്ടെത്തിയാല്‍ അധികൃതര്‍ കപ്പലിലെ സൗകര്യം പരിശോധിച്ച് ഉറപ്പാക്കുകയാണ് അടുത്ത നടപടി. ശേഷമാണ് സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുക. ഇതൊന്നും നടന്നില്ല. അതേസമയം, പാകിസ്താന്‍ സമാനമായ വിഷയത്തില്‍ നടപടികള്‍ വേഗത്തിലാക്കി എന്നാണ് പുതിയ വിവരം...

തെക്കു പടിഞ്ഞാറന്‍ പാകിസ്താനി തുറമുഖമായ ഗ്വാദറില്‍ നിന്ന് ഒമാനിലേക്കാണ് ഫെറി സര്‍വീസ് വരുന്നത്. പാകിസ്താന്‍ ഫെഡറല്‍ മന്ത്രിസഭ സര്‍വീസിന് അനുമതി നല്‍കി. വ്യാപാരം, ടൂറിസം എന്നിവ ഊര്‍ജിതമാക്കുകയാണ് ലക്ഷ്യം. അടുത്തിടെ സീ കീപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കമ്പനിക്ക് ഫെറി സര്‍വീസിനുള്ള ലൈസന്‍സ് പാകിസ്താന്‍ അനുവദിച്ചിരുന്നു. അന്താരാഷ്ട്ര സര്‍വീസിന് പാകിസ്താന്‍ അനുവദിച്ച ആദ്യ ലൈസന്‍സ് ആണിത്.
ഒമാന്‍ സംഘം പാകിസ്താനിലേക്ക് വരുന്നു
ജിസിസി രാജ്യങ്ങളിലേക്കും ഇറാനിലേക്കും ഫെറി സര്‍വീസ് നടത്തുന്നതിനാണ് സീ കീപ്പേഴ്‌സിന് ലൈസന്‍സ് അനുവദിച്ചത്. കടല്‍മാര്‍ഗമുള്ള യാത്രകളും ചരക്കുകടത്ത് വിപുലീകരിക്കുകയാണ് പാകിസ്താന്‍. ഒമാനിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ധാരണപാപത്രത്തില്‍ വൈകാതെ ഒപ്പുവയ്ക്കുമെന്ന് പാകിസ്താന്‍ മാരിടൈം മന്ത്രി ജുനൈദ് അന്‍വര്‍ ചൗധരി പറഞ്ഞു.
ഒമാനില്‍ നിന്നുള്ള സര്‍ക്കാര്‍ സംഘം വൈകാതെ ഇസ്ലാമാബാദിലെത്തും. തുടര്‍ന്ന് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും കരാര്‍ ഒപ്പുവയ്ക്കല്‍. മൂന്ന് ലക്ഷത്തോളം പാകിസ്താന്‍കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഒമാന്‍. അതുകൊണ്ടുതന്നെ വിമാനയാത്രയ്ക്ക് പുറമെ ഫെറി സര്‍വീസ് കൂടി വരുന്നത് പ്രവാസികള്‍ക്ക് നേട്ടമാകും. കൂടുതല്‍ ചരക്കുകള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നതും പ്രവാസികളെ ആകര്‍ഷിക്കും.
പാകിസ്താന്റെ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടി
പാകിസ്താന്‍ ഇതിലൂടെ ഒന്നിലധികം കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഗ്വാദര്‍ തുറമുഖം കൂടുതല്‍ സജീവമാകും. ചൈനയില്‍ നിന്ന് വരുന്ന ചരക്കുകള്‍ വിദേശത്തേക്ക് എത്തിക്കുന്നതിന് ഈ തുറമുഖം ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ ലാഭകരമാക്കാം. കൂടാതെ ഒമാനിലേക്കുള്ള സര്‍വീസ് ആരംഭിച്ചാല്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരവും ശക്തിപ്പെടും. ഒപ്പം ടൂറിസം, പ്രവാസികളുടെ യാത്ര എന്നിവയും ലക്ഷ്യമാണ്.
മാത്രമല്ല, ശ്രീലങ്കയും പാകിസ്താനും കടല്‍മാര്‍ഗം വ്യാപാരം സജീവമാക്കാന്‍ ധാരണയായിട്ടുണ്ട്. ചെലവ് കുറഞ്ഞ ചരക്കുകടത്ത്, സയം ലാഭം എന്നിവയാണ് ഉദ്ദേശം. ഇതിന് പുറമെ ഗ്വാദര്‍ തുറമുഖം വഴി അയല്‍രാജ്യങ്ങളും ചരക്കുകടത്തിന് തയ്യാറായാല്‍ പാകിസ്താന് വരുമാനം കൂടും. അതേമസമയം, ഇന്ത്യ ഇറാനിലെ ചബഹാറില്‍ തുറമുഖം നിര്‍മിക്കുന്നതും മധ്യേഷന്‍ രാജ്യങ്ങളിലേക്കുള്ള വ്യാപാരം ലക്ഷ്യമിട്ടാണ്. പാകിസ്താന്റെ പുതിയ നീക്കം ഇന്ത്യയുടെ മോഹത്തിന് തിരിച്ചടിയായേക്കും.












Click it and Unblock the Notifications